നടിയുടെ നീക്കം ഫലം കണ്ടു; ദിലീപ് കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍, അന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം തിടുക്കത്തില്‍ അവസാനിപ്പിക്കില്ല. കൂടുതല്‍ സമയം പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ധൃതിയില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. കേസില്‍ അട്ടിമറി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരാനുള്ള വഴി ക്രൈംബ്രാഞ്ച് തേടുന്നത്.
കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാനാണ് സാധ്യത. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ പുതിയ തീരുമാനം. ഈ മാസം 31ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. നടി നല്‍കിയ ഹര്‍ജിയിലെ കോടതി തീരമാനം അറിഞ്ഞ ശേഷമാകും ക്രൈംബ്രാഞ്ചിന്റെ നീക്കം. അന്വേഷണം അവസാനിപ്പിക്കാനുള്ള പോലീസിന്റെ നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നടിയുടെ കേസില്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടുകള്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് വലിയ ചര്‍ച്ചയാക്കുന്നുണ്ട്.
അതിനിടെയാണ് നടിയുടെ ഹര്‍ജി ഹൈക്കോടതിയിലെത്തിയത്. ഇതോടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്നു. എന്നാല്‍ നടിയുടെ വീട്ടുകാര്‍ ഇടതുപക്ഷക്കാരാണെന്നും ഹര്‍ജിയും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നും അവരുമായി അടുപ്പമുള്ളവര്‍ സൂചിപ്പിച്ചു.
സമീപ ദിവസങ്ങളില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്ന മാറ്റങ്ങളാണ് സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് ഇടയാക്കിയത്. അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഐജി ശ്രീജിത്തിനെ മാറ്റി. കാവ്യമാധവനെ പ്രതി ചേര്‍ക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് അവരെ സാക്ഷിയായി നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഈ മാസം 31ന് കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിച്ചത്. ഇതോടെ വലിയ പ്രതിഷേധമായി. കേസിലെ പ്രതികള്‍ രക്ഷപ്പെടുമെന്ന് പ്രചാരണമുണ്ടായി. രാഷ്ട്രീയ ഇടപെടലാണ് കേസ് അന്വേഷണം മതിയാക്കാനുള്ള നീക്കത്തിന് കാരണമെന്ന് യുഡിഎഫ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നേര്‍ക്കായിരുന്നു ആരോപണം.
വിഷയം സജീവ ചര്‍ച്ചയായിരിക്കെയാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്നായിരുന്നു നടിയുടെ ആരോപണം. പ്രതിയായ ദിലീപിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ട്. പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നും നടി ആരോപിച്ച പശ്ചാത്തലത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ചോദിക്കാന്‍ അന്വേഷണം സംഘം പദ്ധതിയിടുന്നത്.












Click it and Unblock the Notifications