ദിലീപ് കേസില്‍ ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍; പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെളിപ്പെടുത്തല്‍ പോലീസ് അന്വേഷിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണം. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. എന്താണ് നേരത്തെ പറയാതിരുന്നത് എന്ന് അറിയേണ്ടതുണ്ട്. പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് അന്വേഷിക്കണം. അതോ കേസിനെ ദുര്‍ബലപ്പെടുത്താനാണോ ഈ വെളിപ്പെടുത്തല്‍ എന്നും അന്വേഷിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആര്‍ ശ്രീലേഖ ദിലീപിനെ ന്യായീകരിച്ച് രംഗത്തുവന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ വെളിപ്പെടുത്തലുകള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും അവര്‍ പ്രതികരിച്ചിരുന്നു. പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നായിരുന്നു പ്രധാന ആരോപണം. ഒരു പോലീസ് ഓഫീസര്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ശ്രീലേഖ വിശദമാക്കുന്നു. എന്നാല്‍ ഈ വാദം തള്ളി ക്യാമറാമാന്‍ രംഗത്തുവന്നിട്ടുണ്ട്.
ജയിലില്‍ നിന്ന് സുനി അയച്ചുവെന്ന് പറയുന്ന കത്ത് സുനി എഴുതിയതല്ല എന്നായിരുന്നു മറ്റൊരു പ്രതികരണം. ഇക്കാര്യം സാക്ഷി ജിന്‍സണ്‍ തള്ളുന്നു. സുനി എഴുതിയ കത്താണെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും സഹതടവുകാരനെ കൊണ്ട് സുനി എഴുതിച്ചതാണ് എന്നാണ് പറഞ്ഞതെന്നും ജിന്‍സന്‍ പറഞ്ഞു. സുനിക്കൊപ്പം സെല്ലിലുണ്ടായിരുന്ന തടവുകാരനായിരുന്നു ജിന്‍സണ്‍. ഇയാള്‍ പിന്നീട് നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായിരുന്നു.
ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം ശ്രീലേഖക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ തുടങ്ങിയവരും രംഗത്തുവന്നു. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു. ശ്രീലേഖയുടെ ഫോണ്‍ വിളികള്‍ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശ്രീലേഖയുടെ പ്രതികരണം സമൂഹം വിലയിരുത്തട്ടെ എന്നാണ് ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചത്. ഞാന്‍ എന്നും അതിജീവിതക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications