മഞ്ജു വാര്യർ വീണ്ടും കോടതിയിലെത്തുമോ? ദിലീപിന്റെ സുപ്രധാന നീക്കം, ഇന്ന് നിർണായകം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കഴിഞ്ഞ മാസം 10 നായിരുന്നു നിർത്തിവെച്ചിരുന്ന വിചാരണ നടപടികൾ പുനഃരാരംഭിച്ചത്. രഹസ്യ വിചാരണയാണ് നടക്കുന്നതെന്നതിനാൽ ആരെയൊക്കെ ഇതുവരെ വിസ്തരിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല. അതിനിടെ വിചാരണ പുരോഗതി സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിയെ മാറ്റണമെന്നും നീതി ലഭിക്കില്ലെന്നും കാണിച്ച് അതിജീവിതയും സുപ്രീം കോടതിയെ നേരത്തേ സമീപിച്ചിട്ടുണ്ട്. എന്നാൽ അതിജീവിതയുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. മാത്രമല്ല വിചാരണ കോടതി ജഡ്ജിയോട് സമയബന്ധിതമായി വിചാരണ പൂർത്തീകരിക്കണമെന്ന നിർദ്ദേശം സുപ്രീം കോടതി നൽകുകയും ചെയ്തു.

വിചാരണ പുരോഗതി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഹൈക്കോടതി രജിസ്ട്രാൻ മുഖേന ഇ-മെയിൽ വഴിയാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. വിചാരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നതാണ് റിപ്പോർട്ടിലെ ഉള്ളടക്കമെന്നാണ് സൂചന.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ടെന്നതാണ് ദിലീപ് ഹർജിയിൽ ഉന്നയിച്ച ആക്ഷേപം. മാത്രമല്ല കേസിൽ ഒരു തവണ വിസ്തരിച്ചവരെ വിസ്തരിക്കാൻ അനുവദിക്കരുതെന്ന വാദവും ഹർജിയിൽ ദിലീപ് ഉന്നയിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ റിപ്പോർട്ടിൽ 118 ഓളം സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് ഉൾപ്പെടുത്തിയത്. എന്നാൽ ഇതിൽ 39 സാക്ഷികളെ മാത്രം വിസ്തരിച്ചാൽ മതിയെന്ന തീരുമാനത്തിലേക്ക് പ്രോസിക്യൂഷൻ എത്തുകയായിരുന്നു. കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ഏറ്റവും ശക്തരായ സാക്ഷികളെ വിസ്തരിക്കുന്നതാണ് കേസിന് ഗുണം ചെയ്യുകയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

39 സാക്ഷികളിൽ എറ്റവും പ്രധാനമായിരുന്നു പ്രതി ദിലീപിന്റെ ഒന്നാം ഭാര്യയായ നടി മഞ്ജു വാര്യർ, ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായി കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ സാഗർ വിൻസെന്റ്, കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസൺ എന്നിവർ. എന്നാൽ ഇവരെ ആദ്യം വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്.

കേസിലെ ഏറ്റവും നിർണായകമെന്ന് കണക്കാക്കുന്ന സാക്ഷികളാണിവർ. ഇവരെ വിസ്തരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റേയും നിലപാട്. നേരത്തേ തന്നെ കൂറുമാറ്റാൻ ശ്രമം നടന്നതായി ജിൻസൺ വെളിപ്പെടുത്തിയിരുന്നു. സഹതടവുകാരൻ മുഖേന 25 ലക്ഷം തനിക്ക് വാഗ്ദാനം ചെയ്തുവെന്നായിരുന്നു ജിൻസൺ വെളിപ്പെടുത്തിയത്. കേസിൽ മൊഴി മാറ്റിയ സാഗർ വിൻസെന്റ് ഇപ്പോൾ പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി മൊഴി നൽകിയിട്ടുണ്ട്.

അതേസമയം ഒരിക്കൽ വിസ്തരിച്ചവരെ വിസ്തരിക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിലപാട് ഏറെ നിർണായകമാകും. ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ അത് അതിജീവിതയേയും പ്രോസിക്യൂഷനേയും സംബന്ധിച്ച് കനത്ത തിരിച്ചടിയായിരിക്കും.

നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു രണ്ടാം ഘട്ട അന്വേഷണത്തിന് വഴി തുറന്നത്. നേരത്തേ അധിക കുറ്റപത്രം തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം വിചാരണ കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കൊണ്ടായിരുന്നു അധിക കുറ്റപത്രം.












Click it and Unblock the Notifications