'അത് ചെയ്യരുത്, നിയമവിരുദ്ധമാണ്...'; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അതിജീവിത ഹര്‍ജി സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റരുത് എന്നും അതിജീവിത ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതിജീവിത പറഞ്ഞു.
പ്രത്യേക കോടതിയില്‍ നടന്ന് കൊണ്ടിരിക്കുന്ന വിചാരണ, വിചാരണ കോടതി ജഡ്ജ് പ്രിന്‍സിപ്പില്‍ ജഡ്ജായി മാറിയ സാഹചര്യത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് കോടതി ഉത്തരവിന് വിരുദ്ധമാണ് എന്ന് അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ രേഖകള്‍ പ്രത്യേക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുത് എന്നാണ് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതി ഹര്‍ജിയില്‍ എതിര്‍കക്ഷികളുടെ നിലപാട് തേടിയിട്ടുണ്ട്. ഈ മാസം 19 ന് ഈ ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേരത്തെ തന്നെ പ്രോസിക്യൂഷനും അതിജീവിതയും വിചാരണ കോടതിയിലും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതിലും ഈ മാസം 19 ന് വാദം കേള്‍ക്കും.

വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മാറണം എന്ന ആവശ്യം പ്രോസിക്യൂഷനും അതിജീവതയും ഇന്നലെയും വിചാരണ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം എന്നും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് എന്നുമാണ് വിചാരണ കോടതിയിലെ ഹര്‍ജിയിലും അതിജീവിത പറയുന്നത്.

ഇത് ഭാവിയില്‍ ചിലപ്പോള്‍ കേസിനെ ദോഷകരമായി ബാധിക്കും എന്നും പ്രോസിക്യൂഷനും അതിജീവിതയും വിചാരണ കോടതയില്‍ വാദിച്ചിരുന്നു. ഇതിന് പന്നാലെയാണ് ഇന്ന് അതിജീവിത ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണ കോടതിയുടെ അതിരൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു.

ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യങ്ങളാണെന്നും കോടതിയെ കബിളിപ്പിക്കാന്‍ ശ്രമിക്കരുത് എന്നുമാണ് വിചാരണ കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. കോടതി നടപടി ക്രമങ്ങളില്‍ പങ്കെടുക്കാതെ ഉദ്യോഗസ്ഥന്‍ പുറത്ത് കറങ്ങി നടക്കുകയാണ് എന്നും ജഡ്ജി പറഞ്ഞു. കോടതിയിലെ രഹസ്യ രേഖകള്‍ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോര്‍ത്തുകയാണ് ഉദ്യോഗസ്ഥന്‍ എന്നും കോടതി വിമര്‍ശിച്ചു.

നടപടികള്‍ പാലിക്കണമെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നേരത്തെ കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് കേസ് പരിഗണിക്കുന്ന വിചാരണ കോടതിയില്‍ തന്നെ വീണ്ടും പ്രോസിക്യൂഷനും അതിജീവിതയും ഹര്‍ജി നല്‍കിയത്.

അതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ദിലീപ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതിനാല്‍ ജാമ്യം റദ്ദാക്കണം എന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നടന്‍ ദിലീപ് പ്രതിയാണ്.
ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍












Click it and Unblock the Notifications