പൾസർ സുനി പുറത്തിറങ്ങുമോ? ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയായിരുന്നു അതിജീവിത മേൽക്കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് കേസ് വീണ്ടും വിചാരണ കോടതി പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നാണ് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ അതിജീവിത വ്യക്തമാക്കിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ മാറ്റുകയായിരുന്നുവന്നും ഇത് നിയമപരമല്ലെന്നും നടി ഹർജിയിൽ പറയുന്നു. കേസിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ കേസിലെ ഏറ്റവും നിർണായക തെളിവ് കൂടിയായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടും ഇതിൽ നടപടിയെടുക്കാൻ വിചാരണ കോടതി തയ്യാറായില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നടി ഉന്നയിച്ചിട്ടുണ്ട്.

അതിജീവിതയുടെ ഹർജി അടച്ചിട്ട മുറിയിലാണ് കോടതി കേട്ടത്. എട്ടാം പ്രതി ദിലീപിന്റെ ശക്തമായ എതിർപ്പിനെ തള്ളിയായിരുന്നു ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഹർജി കേട്ടത്. അടുത്ത തിങ്കളാഴ്ചയാണ് ഇനി കേസ് വീണ്ടും കോടതി പരിഗണിക്കുക. ഈ സാഹചര്യത്തില്‍ തുടര്‍ വിസ്താര നടപടികള്‍ക്ക് സാധ്യതയില്ല.

അതിനിടെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. നേരത്തേ ജാമ്യം തേടി സുനി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. തുടർന്നാണ് വീണ്ടും വിചാരണ കോടതിയെ സമീപിച്ചത്.

കേസിൽ വിചാരണ അനന്തമായി നീണ്ട് പോകുകയാണെന്നാണ് പൾസർ സുനി ഹർജിയിൽ പറയുന്നത്. കേസിൽ കാലതാമസം വരുത്താനുള്ള മനപൂർവ്വമായ ശ്രമമാണ് അതിജീവിത നടത്തുന്നതെന്നാണ് പൾസർ സുനി ആരോപിക്കുന്നത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും കേസ് മാറ്റാൻ ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി ഇതിന്റെ ഭാഗമായിട്ടാണെന്നാണ് പൾസർ സുനിയുടെ ആരോപണം.

കഴിഞ്ഞ അഞ്ച് വർഷമായി താൻ ജയിലിൽ കഴിയുകയാണെന്നും കേസിലെ മറ്റ് പ്രതികൾ എല്ലാവരും തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെന്നും കാണിച്ചായിരുന്നു പൾസർ സുനി സുപ്രീം കോടതിയെ നേരത്തേ സമീപിച്ചത്. എന്നാൽ പൾസർ സുനിയ്ക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ ഉൾപ്പെടെ ശക്തമായി എതിർത്തിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് പൾസർ സുനിയെന്നും മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് പോലെ സുനിക്ക് ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്.

കേസിന്റെ വിചാരണ ഈ വർഷം പൂർത്തിയാക്കുമെന്ന് സർക്കാർ സുപ്രീം കോടതിയെ അന്ന് അറിയിച്ചിരുന്നു. എന്നാൽ കേസ് അന്തമായി നീളുന്ന സാഹചര്യം ഉണ്ടായാൽ സുനിക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യം നിഷേധിച്ചതിന് പിന്നാലെ മാനസികമായി തളർന്ന നിലയിലാണ് സുനിയെന്നും മാനസിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ സുനി ചികിത്സ തേടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications