കേസില്‍ നിന്ന് ഊരാന്‍ കോടതികളില്‍ കയറിയിറങ്ങി ദിലീപ്... വിടാതെ അപ്പീല്‍ നല്‍കി അതിജീവിതയും
നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവം ഇന്ന് വരാനിരിക്കുകയാണ്. ആക്രമിക്കപ്പെട്ടത് മലയാള സിനിമയിലെ പ്രമുഖ നടിയാണ് എന്നതിനും പ്രതിസ്ഥാനത്തുള്ളവരില്‍ ഒരാള്‍ സൂപ്പര്‍താരമായ ദിലീപ് ആണ് എന്നതിനും പുറമെ കുറ്റകൃത്യ ചരിത്രത്തില്‍ തന്നെ ആദ്യമായി കൂട്ടബലാത്സംഗം ചെയ്യാനായി ക്വട്ടേഷന്‍ കൊടുത്ത കേസ് എന്നത് കൊണ്ട് ഏറെ ചര്‍ച്ചാ വിഷയമായ കേസാണിത്.
2017 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ വാദി, പ്രതി, സ്വഭാവം എന്നിവയ്‌ക്കൊപ്പം തന്നെ അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിലും ചരിത്രത്തില്‍ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. എട്ട് വര്‍ഷത്തിനിടെ പലതരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 90 ഓളം ഹര്‍ജികളാണ് ദിലീപ് കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ ഫയല്‍ ചെയ്തത്.

ഇതിനെയെല്ലാം ചോദ്യം ചെയ്ത് അതിജീവിതയും കോടതി കയറിയതോടെ അസാധാരണമായ നിയമപോരാട്ടമാണ് കേസിലുടനീളം ഉണ്ടായത്. ഹര്‍ജികളും അപ്പീലുകളും ഉപഹര്‍ജികളുമെല്ലാമായി നടപടികള്‍ വൈകിയപ്പോള്‍ അഞ്ച് തവണയാണ് കേസിലെ വിചാരണ നീട്ടി വെച്ചത്. ഇതിനിടെ കേസിലെ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ പിന്മാറുന്ന സാഹചര്യവും ജഡ്ജിയെ തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുന്ന സന്ദര്‍ഭവും ഉണ്ടായി.
അതിജീവിതയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ തുറന്ന് നോക്കി എന്ന ആക്ഷേപവും ഉയര്‍ന്നു. 2017 ല്‍ ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അത് കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം 2020 ലാണ് നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ തന്നെ പല ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ കോടതികളിലായി ദിലീപ് നല്‍കിയത് 20 ഹര്‍ജികളാണ്.
ജാമ്യത്തിലിറങ്ങിയതിന് ശേഷം സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് തടയണം എന്നിങ്ങനെയായിരുന്നു ദിലീപ് പലപ്പോഴായി കോടതിക്ക് മുന്നില്‍ വെച്ച ആവശ്യങ്ങള്‍. അതിനിടെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കി.
ഹൈക്കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. സുപ്രീം കോടതിയിലും സമാനമായ ആവശ്യം ഉന്നയിച്ച് ദിലീപ് എത്തി. എന്നാല്‍ തിരിച്ചടി ഭയന്ന് ഒടുവില്‍ ഹര്‍ജി പിന്‍വലിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിപ്രകാരം കോടതി ഉത്തരിവട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പിന്നാലെ അന്വഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്യുമെന്ന ഭീതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടും തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുമെല്ലാം ദിലീപ് കോടതിയിലെത്തി.
അതേസമയം ദിലീപ് ഹര്‍ജി സമര്‍പ്പിച്ച പലഘട്ടങ്ങളിലും തടസഹര്‍ജിയുമായി അതിജീവിതയും കോടതിയില്‍ എത്തി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നടി കക്ഷി ചേര്‍ന്നു. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചു. അതിനിടെ മെമ്മറിക്കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടും നടി കോടതിയിലെത്തി.
വസ്തുത അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം തന്നെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് മൂന്ന് തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന നടിയുടെ ആവശ്യം മേല്‍ക്കോടതികള്‍ നിരസിച്ചു. ഇതോടെ തന്റെ സ്വകാര്യക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് വരെ കത്തയക്കാനും നടി തയ്യാറായി. ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്‍കി.












Click it and Unblock the Notifications