നടിയെ അക്രമിച്ച കേസ്; ദൃശ്യങ്ങൾ ഒളിപ്പിച്ച വ്യക്തിയെ പൂട്ടാൻ പോലീസ്.. അറസ്റ്റ് ഉടൻ?
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കേസിലെ വിഐപിയെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഉറ്റ സുഹൃത്തുകൂടിയായ ശരത് കുമാറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തിങ്കളാഴ്ച റെയ്ഡ് നടത്തിയിരുന്നു. രാത്രിയോടെയായിരുന്നു റെയ്ഡ്. പരിശോധന സമയത്ത് ശരത് വീട്ടിൽ ഉണ്ടായിരുന്നില്ല. അതേസമയം കേസിൽ ഉടൻ തന്നെ മറ്റൊരു അറസ്റ്റ് കൂടി ഉണ്ടായേക്കുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസ് സജീവമാകുന്നതിനിടെ തൈപ്പൂയ ഉത്സവത്തിനെത്തി നടൻ ദിലീപ്-ചിത്രങ്ങൾ

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഐപിക്കായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് സംഘം ഊർജിതമാക്കിയിരുന്നു.താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. വിഐപി പരിവേഷം ഉള്ളയാളെ പോലെയാണ് ഇയാൾ പെരുമാറിയത്. ഇയാൾ കൊണ്ടുവന്ന പെൻഡ്രൈവ് ലാപ്പിൽ ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരകൃത്യം കാണാൻ ദിലീപ് ക്ഷണിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഇയാൾ രംഗത്തെത്തിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം നടത്തിയെന്ന് ആരോപണം ഉയർന്ന ഇയാളെ ആറാം പ്രതിയാക്കിയാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തേ ദിലീപ് വിഐപിയെന്ന് വിശേഷിപ്പിച്ചത് വ്യവസായിയുംദേ പുട്ട് ഹോട്ടലിന്റെ ഖത്തറിലെ ബിസിനസ് പങ്കാളിയുമായ മെഹ്ബൂബ് പി അബ്ദുള്ള ആണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നുവെങ്കിലും ഇക്കാര്യം മെഹബൂബ് തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് ദിലീപിന്റെ ഉറ്റസുഹൃത്ത് കൂടിയായ ശരതിലേക്ക് അന്വേഷണം സംഘം എത്തിയിരിക്കുന്നത്.

ദിലീപുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നയാളാണ് ശരത് . സൂര്യ എന്ന സ്വകാര്യ ഹോട്ടൽ ഉടമയാണ് ഇയാൾ. നേരത്തേ ദിലീപ് അറസ്റ്റിലായ സമയത്ത് ശരത് ആയിരുന്നു നടനൊപ്പം ഉണ്ടായിരുന്നത്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴായിരുന്നു അന്നത്തെ അറസ്റ്റ്.

അന്ന് ദിലീപിനെ ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബിൽ എത്തിച്ചപ്പോഴും ശരത് ഒപ്പമുണ്ടായിരുന്നു. പിന്നീട് ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നുവെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇപ്പോൾ ശരത് കുമാറിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റേയും മെഹ്ബൂബ് പി അബ്ദുള്ളയുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിപ്പിച്ച ദൃശ്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ പോലീസ് സംഘം നടത്തുന്നത്. നേരത്തേ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയതോടെ അസ്സൽ കണ്ടെത്താനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചിരുന്നു.

എന്നാൽ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തലത്തിലാണ് ദൃശ്യങ്ങൾ ഒളിപ്പിച്ചയാളെ കണ്ടെത്തി തെളിവ് നശിപ്പിച്ചതിന് കേസെടുക്കാൻ ഒരുങ്ങുന്നത്. കേസിൽ പുതിയ അഞ്ച് പേരെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയതോടെ ദൃശ്യങ്ങൾ ഒളിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്ന് കാണിച്ച് ശരത് മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും ഇയാൾ ഹർജിയിൽ ആരോപിച്ചു. ഇന്ന് ഹൈക്കോടതി ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുൻകൂർ ജാമ്യഹർജികൾ നൽകിയിരുന്നു.












Click it and Unblock the Notifications