'വിധി നിർണയിക്കുക ചാനൽ ജഡ്‌ജിമാർ അല്ല, ആ നടനിലൂടെ ഗൂഢാലോചന ഉണ്ടായെന്ന് പലരും സംശയിച്ചു'; സന്തോഷ് പണ്ഡിറ്റ്
നടിയെ ആക്രമിച്ച കേസിൽ കേരളം കാത്തിരുന്ന നിർണായക വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേസിൽ നിന്നും നടൻ ദിലീപിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. ഇതോടെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. സിനിമാ മേഖലയിൽ നിന്നും അല്ലാതെയും അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്‌മകളും ഒക്കെ ദിലീപിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ അഭിപ്രായം പങ്കുവയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
അതിജീവിതയ്ക്ക് നീതി ലഭിക്കുകയും കുറ്റക്കാർക്ക് ശിക്ഷ ലഭിക്കുകയും ചെയ്‌തു എന്നാണ് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നത്. പ്രമുഖ നടനിലൂടെ ക്രിമിനൽ ഗൂഢാലോചന ഉണ്ടായി എന്ന് പലരും സംശയിച്ചുവെന്നും പക്ഷേ അതൊന്നും തെളിവ് സഹിതം തെളിയിക്കുവാൻ പറ്റിയില്ല എന്നുമാണ് പണ്ഡിറ്റ് പറയുന്നത്. വിധി പറയുന്നത് ഒരിക്കലും ചാനൽ ജഡ്‌ജിമാർ അല്ലെന്നും ഒറിജിനൽ ജഡ്‌ജിമാർ ആണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രമുഖ നടൻ കൂടി ഉൾപെട്ടത് കൊണ്ടാണ് ഈ കേസ് ഓൾ ഇന്ത്യ ലെവലിൽ ഇത്രയും പ്രാധാന്യം കിട്ടിയതും, ഇത്രയും കാലം നീണ്ടു പോയതുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കേസിൽ ഇനിയും അപ്പീൽ കൊടുക്കുവാനുള്ള അവസരം ഉണ്ടെന്നും താൻ തുടക്കം മുതൽ അതിജീവിതയ്ക്ക് ഒപ്പം തന്നെയാണെന്നും പണ്ഡിറ്റ് കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:
പ്രമുഖ നടിയെ ആക്രമിച്ച കേസിൽ 8 വർഷത്തിന് ശേഷം ഡിസംബർ 8നു 8ആം പ്രതിയായി ചേർക്കപ്പെട്ട പ്രമുഖ നടനെ നിരപരാധി എന്ന രീതിയിൽ ബഹു കോടതി വെറുതെ വിട്ടല്ലോ. ഈ വിഷയത്തിൽ ഞാൻ എന്തുകൊണ്ട് ഒരു നിരീക്ഷണം എഴുതുന്നില്ല എന്നും ചോദിച്ചു പലരും വിളിച്ചു, മെസേജ് അയച്ചു കൊണ്ടിരിക്കുന്നു.
കേസിലെ ഒന്നാം പ്രതിയായ കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും പോലീസ് ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധി ഡിസംബര്‍ 12ന് വിധിക്കും.. അതായത് അതിജീവിതക്ക് നീതി ലഭിച്ചല്ലോ? ..കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.
പക്ഷെ പ്രമുഖ നടനിലൂടെ ക്രിമിനൽ ഗൂഢാലോചന ഉണ്ടായി എന്ന് പലരും സംശയിച്ചു. അതൊന്നും തെളിവ് സഹിതം തെളിയിക്കുവാൻ പറ്റിയില്ല. അത് ആരുടേ കുറ്റമാണ്? പിന്നെ ഈ കേസിൽ അതിജീവിത വെറുതെ കൂട്ടിൽ കേറി നിന്ന് കാര്യങ്ങൾ അവതരിപ്പിച്ചാലും, കുറച്ചു കൂടി ഫാസ്‌റ്റ് ആയി കോടതി കേസ് പരിശോധിച്ചാൽ ഒരു വർഷം കൊണ്ട് തന്നെ, ഈ 6 പേർക്ക് ശിക്ഷ കിട്ടുമായിരുന്നു.
കാരണം പൾസർ സുനി അടക്കം 6 പേർക്ക് എതിരെ അത്രയും സ്ട്രോങ്ങ് തെളിവ് ഈ കേസിൽ ഉള്ളത് എന്നതാണ് സത്യം. പക്ഷെ പ്രമുഖ നടൻ ഇൻവോൾവ് ആയത് കൊണ്ടാണ് ഈ കേസ് ഓൾ ഇന്ത്യ ലെവലിൽ ഇത്രയും പ്രാധാന്യം കിട്ടിയതും, ഇത്രയും കാലം നീണ്ടു പോയതും. എന്നും അതിജീവിത യോടൊപ്പം...ഗോഡ് ബ്ലെസ് യു. ഇനിയും കേസിൽ അപ്പീൽ കൊടുക്കുവാൻ അവസരവും ഉണ്ട്.
(വാൽ കഷ്‌ണം....ഈ കേസ് തുടങ്ങിയ അന്ന് മുതൽ ഞാൻ അജിജീവിതക്കു നീതി കിട്ടണം എന്ന് നിലപാട് എടുത്തിരുന്നു. ക്രിമിനൽ ഗൂഡാലോചന യെ കുറിച്ച് ഞാനോ, നിങ്ങളോ ഒന്നും പറയുന്നത് ശരിയല്ല. അതെല്ലാം ബഹു കോടതിക്ക് വിടുക..ചാനൽ ജഡ്‌ജിമാരല്ല, ഒറിജിനൽ ജഡ്‌ജിമാർ വിധി നിർണയിക്കും എന്നർത്ഥം)












Click it and Unblock the Notifications