'ദിലീപ് മാനസികമായി അസ്വസ്ഥൻ; അത് സംഭവിക്കണമെങ്കിൽ അക്കാര്യം തെളിയിക്കപ്പെടണം'; അളഗപ്പൻ
ദിലീപിനെ നായകനാക്കി സുന്ദർ ദാസ് ഒരുക്കിയ പടമാണ് വെൽകം ടു സെൻട്രൽ ജയിൽ. 2016 ലാണ് ചിത്രം റിലീസ് ചെയ്തത്. ഈ സിനിമയ്ക്ക് ശേഷമാണ് ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലാകുന്നത്. എകദേശം 85 ദിവസങ്ങളോളമാണ് ദിലീപ് ജയിലിൽ കഴിഞ്ഞത്.
അതേസമയം വെൽകം ടു സെൻട്രൽ ജയിൽ എന്ന പടം ദിലീപിന്റെ ജീവിതത്തിൽ അറംപറ്റലായിപ്പോയെന്ന തരത്തിൽ ചിലർ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഛായാഗ്രാഹകനായ അളഗപ്പനും അക്കാര്യത്തിൽ പ്രതികരിക്കുകയാണ്. മാസ്റ്റർ ബിന്‍ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അളഗപ്പൻ പറഞ്ഞത്

'ഈ അറം പറ്റൽ എന്നതിനോടൊന്നും എനിക്ക് വിശ്വാസമില്ല. എന്നാൽ വെൽകം ടു സെൻട്രൽ ജയിൽ എന്ന ദിലീപ് സിനിമയുടെ പേര് അദ്ദേഹം അങ്ങനെ ആയപ്പോയല്ലോ എന്നതോന്നൽ ഉണ്ട്. ചെയ്ത പടം പോലെ അദ്ദേഹത്തിന്റെ ജീവിതം ആയിപ്പോയെന്ന് തോന്നും. ദിലീപ് മാനസികമായി അസ്വസ്ഥനാണ്. അദ്ദേഹത്തിന് നല്ല ഹ്യൂമർ വരണമെങ്കിൽ അദ്ദേഹം മാനസികമായി മോചിതനാകണം. കുറ്റക്കാരൻ അല്ലെന്ന് തെളിയിക്കപ്പെടണം. എന്നാൽ മാത്രമേ മനസ് സമാധാനിക്കൂ', അളഗപ്പ്‍ പറഞ്ഞു.
മറ്റ് സിനിമ അനുഭവങ്ങളും അളഗപ്പൻ പങ്കുവെച്ചു. 'സിനിമയിൽ എത്രയൊക്കെ ട്രെന്റ് മാറിയാലും ഒരു ബേസിക് ടെക്നോളജി ഉണ്ട്. ചെറുപ്പക്കാർ വരുന്നത് വെല്ലുവിളിയാണ്. അവർ ചെയ്യുന്ന വർക്കുകൾ വിജയിക്കുന്നുണ്ടല്ലോ, 170 പടങ്ങൾ റിലീസ് ചെയ്യുമ്പോൾ അതിൽ പത്ത് പടങ്ങൾ മാത്രമാണ് ഹിറ്റാകുന്നത്. മുൻപ് അങ്ങനെയല്ല, 40 പടം ഇറങ്ങിയാൽ 10 സൂപ്പർ ഹിറ്റും 10 നല്ല സിനിമകളും ഒക്കെയാകും. വെറും 10 ഒക്കെയെ ഫ്ലോപ്പാകു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, പണ്ടത്തെ കാലവുമായി താരതമ്യം ചെയ്യുമ്പോൾ പരാജയനിരക്ക് കൂടുതലാണ്.
അക്കാദമികപരമായി നോക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്ന പടം മമ്മൂട്ടിയുടെ ഒരേ കടൽ ആണ്. സിനിമയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ധാരാളം അംഗീകാരം ലഭിച്ചു. ഇന്റർനാഷ്ണൽ ഫെസ്റ്റിവെലുകളിൽ സിനിമ പ്രദർശിപ്പിച്ചു. എന്റെ പേര് പരാമർശിക്കപ്പെട്ടു. അഗ്നിസാക്ഷിയും അത്തരത്തിലൊരു പടമാണ്, വളരെ ചെറിയ ബജറ്റിലൊരുക്കിയ ചിത്രമാണത്. കാഴ്ചയും മനസിന് ഒരുപാട് സന്തോഷം നൽകിയ പടമാണ്. നന്ദനം, തലപ്പാവ്, ചോക്ലേറ്റ് പോലുള്ള സിനിമകൾ അങ്ങനെ ഓരോ കാലത്തും ആ കാലത്തെ മികച്ച പടങ്ങൾ ചെയ്യാൻ സാധിച്ചു. ചെയ്ത് പോയല്ലോ എന്ന തോന്നിയ സിനിമകൾ ഇല്ല, എന്നാൽ ചെയ്യാൻ സാധിക്കില്ലെന്ന് തോന്നി വേണ്ടെന്ന് വെച്ച പടങ്ങൾ ഉണ്ട്', അളഗപ്പൻ പറഞ്ഞു.












Click it and Unblock the Notifications