ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച 'സന്ദേശം'; ഒരു തെറ്റും ചെയ്യാതെ അനുഭവിക്കുകയാണ്, സാറിലാണ് വിശ്വാസം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സുപ്രധാന രേഖ ഈ വേളയില്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശമാണിത്. വല്ലാത്തൊരു അവസ്ഥയിലാണ് താന്‍ എന്ന് തുടങ്ങുന്നതായിരുന്നു സന്ദേശം.
കേസില്‍ ദിലീപ് അറസ്റ്റിലായത് സംഭവം നടന്ന് അഞ്ച് മാസത്തോട് അടുക്കവെയാണ്. എന്നാല്‍ അതിന് ആഴ്ചകള്‍ക്ക് മുമ്പ് ദിലീപിന്റെ പേര് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ദിലീപിന്റെ പേര് കേസില്‍ ഉയരുന്നുകേള്‍ക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രിക്ക് ദിലീപ് സന്ദേശം അയച്ചതത്രെ. എന്നാല്‍ ഈ സന്ദേശം മുഖ്യമന്ത്രി സ്വീകരിച്ചില്ല എന്നാണ് പിന്നീട് നടന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്...

2017 ഫെബ്രുവരി 17നാണ് നടി രാത്രിയാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കൊച്ചിയില്‍ താരങ്ങളും പൗരപ്രമുഖരുമെല്ലാം ചേര്‍ന്ന് ഒരു യോഗം വിളിച്ചിരുന്നു. ഇതില്‍ ദിലീപ് പങ്കെടുത്തിരുന്നു. മാത്രമല്ല, ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജുവാര്യരും പങ്കെടുത്തു. രണ്ടുപേരും പ്രസംഗിക്കുകയും ചെയ്തു.
ക്രിമിനല്‍ ഗൂഢാലോചന ഈ സംഭവത്തിന് പിന്നിലുണ്ട് എന്ന് ഈ യോഗത്തിലാണ് മഞ്ജുവാര്യര്‍ പറഞ്ഞത്. ഇതോടെയാണ് വലിയ സംഘം നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന ചര്‍ച്ച തുടങ്ങിയത്. സ്ത്രീക്കും പുരുഷനും തുല്യമായ പരിഗണന കിട്ടണം എന്നും മഞ്ജുവാര്യര്‍ പ്രസംഗിച്ചിരുന്നു. ഈ പരിപാടിക്ക് ശേഷം മൂന്നാം ദിവസമാണ് ദിലീപ് മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചത്.
ദിലീപ് ഹിയര്‍, ഒരു തെറ്റും ചെയ്യാതെ...
2017 ഫെബ്രുവരി 22ന് രാവിലെയാണ് ദിലീപ് പിണറായി വിജയന് ഫോണില്‍ നിന്ന് സന്ദേശം അയച്ചത് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ''സര്‍, ദിലീപ് ഹിയര്‍, വല്ലാത്തൊരു മാനസിക അവസ്ഥയിലാണ് ഞാന്‍. ഒരു തെറ്റും ചെയ്യാതെ കഴിഞ്ഞ മൂന്നുനാലു ദിവസമായി അനുഭവിക്കുകയാ... സാറിന്റെ ഒറ്റയാളുടെ ധൈര്യത്തില്‍ മാത്രമാണ് ഞാന്‍ അന്ന് ഫിലിം അസോസിയേഷന്‍ കാര്യത്തില്‍ ഇറങ്ങിയത്. എനിക്കിപ്പോഴും സാറിലേ വിശ്വാസമുള്ളൂ''- ഇതായിരുന്നു സന്ദേശം.
ഈ സന്ദേശം അയക്കുന്ന വേളയില്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രതികളുടെ ചിത്രത്തിലുണ്ടായിരുന്നില്ല. ചില സന്ദേശം ഉന്നത പോലീസ് ഓഫീസര്‍മാര്‍ക്കും ദിലീപ് അയച്ചിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ മാസത്തിലാണ് ദിലീപിന്റെ പേരും കേസില്‍ ഉയര്‍ന്നു കേട്ടത്. ജൂലൈയിലാണ് ദിലീപിനെ പോലീസ് ചോദ്യം ചെയ്തത്.
ദിലീപിനൊപ്പം നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. ജൂലൈ 10ന് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വേളയില്‍ നടന്‍ സിദ്ദീഖ് പോലീസ് സ്‌റ്റേഷനിലെത്തിയതും അന്ന് വാര്‍ത്തയായിരുന്നു. എന്താണ് കാര്യം എന്ന് തിരക്കാന്‍ വന്നതാണ് എന്നായിരുന്നു അന്ന് സിദ്ദിഖ് നല്‍കിയ മറുപടി.












Click it and Unblock the Notifications