പാവം ദിലീപ് നിലനില്‍ക്കുന്നത് സത്യം കാരണം; ആ ഫോട്ടോയിലെ വണ്ടി വേറെയാണ്- രാഹുല്‍ ഈശ്വര്‍
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു. കേസിലെ സാക്ഷിയും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ പുതിയ പ്രതികരണമാണ് ഇതിന് കാരണം. ദിലീപ് കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി, വിചാരണ നീട്ടാന്‍ ശ്രമിക്കുന്നു, തനിക്ക് ഇപ്പോഴും ഭീഷണിയുണ്ട് തുങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.
അതേസമയം, ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ദിലീപിനെ അനുകൂലിക്കുന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം നടന്ന ന്യൂസ് 18യിലെ ചര്‍ച്ചയിലാണ്, ദിലീപിനെതിരെ കൊണ്ടുവന്ന പല തെളിവുകളും പൊള്ളയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഫോട്ടോ വ്യാജമായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുന്ന സംവിധായകന്‍ ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വറും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും പോര്‍വിളിയിലെത്തുകയും ചെയ്തു. ''ഒരു ഭാഗത്ത് സര്‍ക്കാരും പോലീസുമെല്ലാമുണ്ട്. ബാലചന്ദ്രകുമാറിന്റെ പേര് രണ്ട് തവണ എടുത്തു പറഞ്ഞാണ് പുതിയ വെളിപ്പെടുത്തല്‍ എന്ന് പിണറായി വിജയന്‍ സംസാരിച്ചത്. പിന്നെ മാധ്യമങ്ങളും അവര്‍ക്കൊപ്പമുണ്ട്. മറുഭാഗത്ത് പാവം ദിലീപ്...
ദിലീപ് നിലനില്‍ക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ സത്യമാണ്. കാശും സമ്പത്തുമെല്ലാമുണ്ടായിട്ട് ഇത്രയും കാലം കുടുക്കപ്പെട്ട വ്യക്തിയാണ് ദിലീപ്. സാധാരണ വ്യക്തികള്‍ക്കെതിരെയാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ വന്നിരുന്നത് എങ്കില്‍ അവരില്ലാതായി പോയേനെ എന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.
കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പോലീസ് കൊടുത്ത ഫോട്ടോ ആണിതെന്ന് സൂചിപ്പിച്ച് രാഹുല്‍ ഈശ്വര്‍ തന്റെ മൊബൈലിലെ ഫോട്ടോ ചര്‍ച്ചയ്ക്കിടെ കാണിച്ചു. ദിലീപും വേറെ ഒരാളുമാണ് ഫോട്ടോയില്‍. പിറകിലായി പള്‍സര്‍ സുനി നില്‍ക്കുന്നു എന്നാണ് ആരോപണം. ഈ ഫോട്ടോ ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.
പോലീസിലെ ചിലര്‍ ദിലീപിനെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ ഫോട്ടോ. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ കോടതി തെളിവിന്റെ മെറിറ്റിലേക്ക് പോകില്ല. വിചാരണ വേളയില്‍ പരിശോധിക്കാന്‍ മാറ്റിവയ്ക്കും. ഈ കളിയാണ് ഹൈക്കോടതിയില്‍ ദിലീപ് വിരോധികള്‍ നടത്തിയത്. ഹാഷ് വാല്യു മാറി എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്...
ഫോട്ടോ പരിശോധിച്ചാല്‍ വ്യാജമാണെന്ന് മനസിലാകും. ദിലീപിന്റെ പിന്നിലുള്ള വണ്ടിയും പള്‍സര്‍ സുനിയുടെ പിന്നിലുള്ള വണ്ടിയും വേറെയാണ്. ദിലീപിന്റെ നീല ഷര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പള്‍സര്‍ സുനിയുടെ ഫോട്ടോയില്‍ വച്ചതാണ്. കേസ് പൊളിയുമെന്നും കള്ളത്തരം കാണിച്ച പോലീസുകാര്‍ ഭാവിയില്‍ പെടുമെന്ന കാര്യം തീര്‍ച്ചയാണെന്നും'' രാഹുല്‍ ഈശ്വര്‍ പറയുന്നു.
വിധി ദിലീപിന് അനുകൂലമാണ് എന്ന് പറയാന്‍ രാഹുല്‍ ഈശ്വര്‍ ജഡ്ജിയാണോ എന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു. ദിലീപ് കുറ്റക്കാരനെന്ന് പറയാന്‍ താങ്കള്‍ ജഡ്ജിയാണോ എന്ന് രാഹുല്‍ ഈശ്വര്‍ തിരിച്ചുചോദിച്ചു. കാശ് ഓഫര്‍ ചെയ്ത് സ്വാധീനിക്കുന്ന ദിലീപിനെതിരായ ഓഡിയോ ഉണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞപ്പോള്‍ ആ വീഡിയോ തെളിവായി കോടതിയില്‍ കൊടുക്കാത്തത് എന്ത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ചോദ്യം. ഇതോടെ ഇരുവരും തമ്മില്‍ വലിയ തര്‍ക്കമായി.












Click it and Unblock the Notifications