'ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരും, ഇത് പുരുഷന്മാരുടെ വിജയം', കെആർ മീരയോട് രാഹുൽ ഈശ്വർ
എഴുത്തുകാരി കെആർ മീരയ്ക്ക് എതിരെ വീണ്ടും രാഹുൽ ഈശ്വർ രംഗത്ത്. വിവാദമായ കഷായ പരാമർശത്തിൽ മീര കേസ് പേടിച്ച് നിലപാട് മാറ്റിയതിനെ അഭിനന്ദിക്കുന്നുവെന്ന് രാഹുൽ ഈശ്വർ പരിഹസിച്ചു. ഇത് പുരുഷന്മാരുടെ വിജയമാണെന്നും രാഹുൽ പറയുന്നു.
കോഴിക്കോട് സാഹിത്യോത്സവത്തിൽ വെച്ച് കെആർ മീര നടത്തിയ പരാമർശത്തിന് എതിരെ രാഹുൽ ഈശ്വർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നിലപാടിൽ വ്യക്തത വരുത്തി കെആർ മീര ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് രാഹുൽ ഈശ്വർ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
''കേസിനെ ഭയന്ന് കെആര്‍ മീര അവരുടെ നിലപാട് മാറ്റിയതിനെ അഭിനന്ദിക്കുന്നുവെന്ന് രാഹുൽ ഈശ്വർ വീഡിയോയിൽ പറയുന്നു. തീവ്രഫെമിനിസത്തിന് എതിരായ പോരാട്ടത്തില്‍ ഇത് പുരുഷന്മാരുടെ വിജയമാണ്. കെആര്‍ മീര പറയുന്നത് കേട്ട് ചിരിച്ച് ഇല്ലാതായി. മാഡത്തിന് ഒരു മിനിമം സത്യസന്ധത വേണ്ടേ. ഒരു വരി പറഞ്ഞതില്‍ തെറ്റ് പറ്റിപ്പോയി, അത് അംഗീകരിക്കുന്നു, അല്ലെങ്കില്‍ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞാല്‍ പോരേ'', രാഹുൽ ചോദിച്ചു.

''താങ്കളെപ്പോലെ വലിയ സാംസ്‌ക്കാരിക നായകര്‍ക്ക് കള്ളം പറയുന്നതില്‍ ഒരു മടി തോന്നുന്നില്ലേ. ക്രൂരമായ ക്വട്ടേഷന്‍ റേപ്പ് എന്ന് പറയുന്നു. ഏത് ക്വട്ടേഷന്‍ റേപ്പ്, അങ്ങനെയൊന്നില്ല. കോടതിയില്‍ അത് തെളിയിച്ചിട്ടില്ല. ദിലീപിന്റെ കേസ് നടക്കുന്നേ ഉളളൂ. ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ല. കേസ് പഠിച്ച ആര്‍ക്കും അറിയാം അത് കള്ളക്കേസാണ് എന്ന്''.
'കെആര്‍ മീരയ്ക്ക് എതിരെ പരാതി കൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതല്ല. പരാതി കൊടുത്തിട്ടുണ്ട്. തീവ്രഫെമിനിസ്റ്റുകളെ പോലെ ഭീഷണിപ്പെടുത്തുന്ന പരിപാടിയൊന്നും ഇല്ല. ചെയ്യുമെന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും''. പുരുഷവിരോധികളും തീവ്രഫെമിനിസ്റ്റുകളുമായ സിസ്റ്റം അതില്‍ എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
''രാഹുല്‍ ഈശ്വര്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയായി വന്നിട്ടേ ഉളളൂ എന്ന് മാഡം ഓര്‍ക്കണം. വിജയ് ബാബുവിന്റെ കാര്യത്തിലാണെങ്കിലും സിദ്ധിക്കിന്റെ കാര്യത്തിലാണെങ്കിലും നിവിന്‍ പോളിയുടേയും എല്‍ദോസ് കുന്നപ്പിള്ളിയുടെയും കാര്യത്തിലാണെങ്കിലും, എല്ലാവരും വ്യാജ പരാതികളില്‍പ്പെട്ടതാണ്. താന്‍ പറഞ്ഞതാണ് കാലവും കോടതിയും തെളിയിച്ചത്''.
''താന്‍ ലൈംഗികാതിക്രമ അനുകൂലി ആണെങ്കില്‍ കെആര്‍ മീര ഗ്രീഷ്മാനുകൂലിയാണ്, കഷായ വിഷത്തിന്റെ അനുകൂലിയാണ്. മാഡത്തിന് ഒരു ഭയം വന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ക്കും ആരെങ്കിലുമൊക്കെ ചോദിക്കാനും പറയാനും ഉണ്ട് എന്നതില്‍. അത് സോഷ്യല്‍ മീഡിയയില്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നവരാണ്. മാഡം സ്വയം വല്ലാതങ്ങ്് ഓവറായി പ്രതിഷ്ഠിക്കരുത്. താങ്കള്‍ വലിയ ഒരു എഴുത്തുകാരിയാണ്. മാഡത്തെ പോലെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ എസി മുറിയില്‍ പോയിരുന്ന് ആക്ടിവിസ്റ്റ് ആയ വ്യക്തിയല്ല രാഹുല്‍ ഈശ്വര്‍''.
''വിശ്വാസങ്ങള്‍ക്ക് വേണ്ടി പോരാടി, ജയിലില്‍ പോയി ജനങ്ങള്‍ക്കിടയില്‍ നിന്ന് വന്നതാണ്. കൊട്ടേഷന്‍ കൊടുക്കാന്‍ മാത്രം വലുപ്പം മാഡത്തിന് ഉണ്ട് എന്ന തെറ്റിദ്ധാരണ വേണ്ട. എഴുത്തിനെ, സാഹിത്യഗരിമയെ അംഗീകരിക്കുന്നു. പക്ഷേ ഇത്രയും സത്യസന്ധത ഇല്ലാതെ എങ്ങനെയാണ് സ്വയം ഒരു ന്യായീകരണ തൊഴിലാളിയായി മാറാന്‍ കഴിയുന്നത്. മാഡത്തിന്റെ പ്രതികരണം പുരുഷന്മാരുടെ വിജയം. മരിച്ച ഷാരോണിനെ കുറിച്ച് വഷളത്തരം പറയാന്‍ നാളെ ഈ തീവ്രഫെമിനിസ്റ്റ് നിലപാട് ഉളളവര്‍ ഒന്നൂടെ ഒന്ന് ആലോചിക്കും'', രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications