പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു: ദിലീപിനെതിരെ ഗുരുതരമായ ആരോപണവുമായി ആലപ്പി അഷ്റഫ്
ആലപ്പുഴ: നടി ആക്രമിക്കെപ്പെട്ട കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ദിലിപിനെതിരെ ഗുരുതരമായ പല വെളിപ്പെടുത്തലുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായി ബാലചന്ദ്ര കുമാറായിരുന്നു ഇതിന് തുടക്കം കുറിച്ചത്. കേസില്‍ നിർണ്ണായകമായേക്കാവുന്ന തെളിവുകള്‍ പൊലീസിനും മുഖ്യമന്ത്രിക്കും കൈമാറിയ അദ്ദേഹം പിന്നീട് ഇക്കാര്യം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
അതോടൊപ്പം തന്നെ ഏതാനും ശബ്ദ സന്ദേശങ്ങളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പള്‍സർ സുനി ജയിലില്‍ നിന്നും അമ്മയ്ക്ക് എഴുതിയ കത്തും അമ്മയുടെ ചില വെളിപ്പെടുത്തലുകള്‍ കൂടി പുറത്ത് വരുന്നത്.

ഇതോടെ കേസില്‍ ദിലീപ് ഉള്‍പ്പടേയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസും ദിലീപിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരത്തിനെതിരെ മറ്റൊരു ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായി ആലപ്പി അഷ്റഫ്.

തന്നെയും ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആലപ്പി അഷ്റഫ് ആരോപിക്കുന്നത്. "ആലപ്പി അഷറഫ് അവനെ ലോറി കേറ്റി കൊല്ലണം".ഇതായിരുന്നു അയാളുടെ ഭീഷണി. ആ ക്രൂരമായ വാക്കുകൾ കേട്ട് ഒപ്പമിരുന്നവർ ഞെട്ടി. അവരിൽ ചിലരാണ് എന്നെ വിളിച്ചു ഒന്നു സൂക്ഷിക്കാൻ മുന്നറിയിപ്പ് നല്കിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'ലോറിക്കടിയിൽ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു.....ആലപ്പുഴക്കാരൻ ഹസീബ് നിർമ്മിച്ച"കുട്ടനാടൻ മാർപാപ്പ "എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആലപ്പുഴയിൽ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടൻ . അയാൾ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലർ എന്നെ തുരുതുരാ ഫോണിൽ വിളിച്ച് " അഷ്റഫിക്കാ... സൂക്ഷിക്കണെ.. " എന്ന്.ഞാനോ... എന്തിന് ...?.ഷൂട്ടിംഗ് സെറ്റിൽ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവർത്തകർ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ..

നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമർശിച്ചു. എന്റെ പേരു കേട്ടതുംഅയാൾ ക്ഷുഭിതനായി ."ആലപ്പി അഷറഫ് അവനെ ലോറി കേറ്റി കൊല്ലണം".ഇതായിരുന്നു അയാളുടെ ഭീഷണി. ആ ക്രൂരമായ വാക്കുകൾ കേട്ട് ഒപ്പമിരുന്നവർ ഞെട്ടി. അവരിൽ ചിലരാണ് എന്നെ വിളിച്ചു ഒന്നു സൂക്ഷിക്കാൻ മുന്നറിയിപ്പ് നല്കിയത്.അന്ന് ഞാനതത്ര കാര്യമാക്കിയില്ല ... ഇന്നിപ്പോൾ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു. ഇതൊക്കെ കേട്ട് പിൻതിരിഞ്ഞോടാൻ ചോദ്യം ചെയ്യുമ്പോൾ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാൻ.ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും.മരണം വരെ നീതിക്കായ് അവൾക്കൊപ്പം."- ആലപ്പി അഷ്റഫ് കുറിച്ചു.

അതേസമയം, പുതിയ കേസില്‍ മുന്‍കൂർ ജാമ്യാപേക്ഷ തേടി ദിലീപ് കോടതിയെ സമീപിച്ചു. വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. നടി അക്രമിക്കപ്പെട്ട കേസിലെ വിസ്താരം നീട്ടികൊണ്ട് പോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമാണ് നീക്കമെന്നും ദീലീപ് വാദിക്കുന്നു. എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് ദിലീപ് ഗൂഡാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രൻ അന്വേഷണം തുടങ്ങി. ക്രമിനിൽ ഗൂഡാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. എഫ്ഐആർ ഇന്ന് ആലുവ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിക്കും. ഇതോടൊപ്പം തന്നെ ദിലീപിനെയും മറ്റുള്ളവരേയും വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവും പൊലീസ് ശക്തമാക്കുകയാണ്. കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും പ്രതിയാണ്.












Click it and Unblock the Notifications