സംവിധായകന്‍ ഷാഫി അന്തരിച്ചു: കുടുകുടെ ചിരിപ്പിച്ച, ദശമൂലത്തിന്റെ മണവാളന്റെ പിന്നെ സ്രാങ്കിന്റേയും ഉടയോന്‍
കൊച്ചി: ജനപ്രിയ സിനിമകളുടെ സംവിധായകന്‍ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 12. 25 നാണ് മരണം സ്ഥിരീകരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. തുടർന്ന് തലവേദന വന്നതോടെ കഴിഞ്ഞയാഴ്‌ച ആശുപത്രിയിൽ എത്തി പരിശോധനകള്‍ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്.
മൃതദേഹം പുലർച്ചയോടെ തന്നെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വൈകീട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബർ സ്ഥാനില്‍ ഖബറടക്കും. മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ഷാഫിയെ കണ്ടിരുന്നു.

സംവിധായകന്‍ റാഫി സഹോദരനും അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് ബന്ധുവാണ്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒട്ടനവധി സിനിമകളുടെ സംവിധായകനാണ് ഷാഫി. 1990-കളുടെ മധ്യത്തില്‍ രാജസേനന്‍, റാഫി മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഷാഫി സിനിമ ലോകത്തേക്ക് കടന്ന് വരുന്നത്.
2001-ല്‍ ജയറാമിന നായകനാക്കിയ വണ്‍ മാന്‍ ഷോ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തുടർന്ന് കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട്, മേക്കപ്പമാന്‍ എന്നീ വമ്പന്‍ ഹിറ്റുകള്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. വെനീസിലെ വ്യാപാരി, 101 വെഡ്ഡിങ്സ് എന്നീ ചിത്രങ്ങള്‍ വലിയ വിജയം ആയില്ലെങ്കിലും ദിലീപ് - മംമ്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ടു കണ്‍ട്രീസിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തി.
ഷെർലക് ടോംസ്, ഒരു പഴയ ബോംബ് കഥ, ചില്‍ഡ്രന്‍സ് പാർക്ക്, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങളാണ് അവസാനമായി ചെയ്തതെങ്കിലും വേണ്ടത്ര തിയേറ്റർ വിജയം നേടിയില്ല. എങ്കിലും ഏല്ലാ മലയാളികളേയും ചിരിപ്പിക്കുന്നു 'ഷാഫി ടച്ച്' ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. ഇതിനിടെയാണ് അപ്രതീക്ഷിതമായി ആരോഗ്യവസ്ഥ ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും. ദശമൂലം ദാമു, മണവാളൻ, ധർമേന്ദ്ര, സ്രാങ്ക് തുടങ്ങി മലയാളികള്‍ ഇന്നും നിരന്തരം ഓർക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്.
ചട്ടമ്പിനാടിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രശസ്ത കഥാപാത്രം ദശമൂലം രാമുവിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുമെന്ന് ഷാഫി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഥാപാത്രത്തിന് കിട്ടിയ ജനപ്രീതിയാണ് ഇങ്ങനെയൊരു സിനിമ നിര്‍മിയ്ക്കാന്‍ പ്രേരണയായത്. എന്നാല്‍ ചട്ടമ്പി നാട് എന്ന സിനിമയുമായി ദശമൂലം രാമുവിന് യാതൊരു ബന്ധവുമില്ല. മറ്റൊരു ഗ്രാമത്തില്‍ രാമു എത്തിച്ചേര്‍ന്നതിന് ശേഷമുള്ള കഥയാണ് സിനിമയില്‍ പറയുന്നത്. കോവിഡ് കാലത്തിന് മുന്‍പേ തന്നെ സിനിമയെ സംബന്ധിച്ച ജോലികള്‍ ആരംഭിച്ചിരുന്നുവെന്നുമായിരുന്നു ഷാഫി പറഞ്ഞത്.












Click it and Unblock the Notifications