കേന്ദ്രം വിഹിതം നല്‍കിയില്ലെങ്കിലും സംസ്ഥാനം നല്‍കും: രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചു
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പണം നല്‍കിയില്ലെങ്കിലും ക്ഷേമ പെന്‍ഷന് അർഹരായവരെ സംസ്ഥാന സർക്കാർ കൈവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കേന്ദ്ര വിഹിതം ഇത്തവണയും ലഭിച്ചില്ലെങ്കിലും ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു.' മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എൻ എസ് എപി. ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെൻഷൻ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ക്കും മുഴുവൻ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.
60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം മുടങ്ങി 2 വർഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എൽ ഡി എഫ് സർക്കാരിനായത് അഭിമാനകരമായ കാര്യമാണ്.

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി എഫ് എം എസ് സോഫ്റ്റ്വെയര്‍ വഴി തന്നെയാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പൂർത്തിയാക്കിയിട്ടും 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻ എസ് എ പി ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേർക്കാണ് മാത്രമാണ് എൻ എസ് എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്.
കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എൻ എസ് എ പി ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെൻഷൻ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ക്കും മുഴുവൻ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു വിട്ടുവീഴ്ചയില്ലാതെ സർക്കാർ പാലിക്കുകയാണ്. ഒരുമിച്ച് ഒരേ മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.












Click it and Unblock the Notifications