അധികാരത്തിന് വേണ്ടി ഇത്ര ആർത്തി കാണിക്കരുത്; തോമസ് മാസ്റ്റർ സുധീരന്റെ നിലപാട് സ്വീകരിക്കണം: റിജിൽ മാക്കുറ്റി
കണ്ണൂര്‍: രാജ്യസഭ സീറ്റിനായി കെ വി തോമസ് സമ്മര്‍ദ്ദം ശക്തമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനായി അദ്ദേഹം സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട് സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ചയാണ് നടന്നതെവന്നും രാജ്യസഭ സീറ്റ് സംബന്ധിച്ച് കെ പി സി സി നേതൃത്വത്തോട് ചോദിക്കണമെന്നും കെ വി തോമസ് പറഞ്ഞിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. അധികാരത്തിന് വേണ്ടി ഇത്ര ആര്‍ത്തി കാണിക്കരുത്. അവസരങ്ങള്‍ ലഭിച്ചവര്‍ കിട്ടാത്തവര്‍ക്ക് വേണ്ടി മാറി നില്‍ക്കണമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. രാജ്യസഭ സീറ്റില്‍ മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ സ്വീകരിച്ച നിലപാട് സ്വീകരിക്കണമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു റിജിലിന്റെ പ്രതികരണം. കുറിപ്പ് ഇങ്ങനെ,

ശ്രി കെ വി തോമസ് മാസ്റ്റര്‍
ശ്രി വി എം സുധീരന്‍ എടുത്ത നിലപാട് സ്വീകരിക്കണം.
അവസരങ്ങള്‍ കിട്ടാതവര്‍ക്ക് വേണ്ടി അവസരങ്ങള്‍ ലഭിച്ചവര്‍
മാറിനില്‍ക്കണം.
അധികാരത്തിന് വേണ്ടി ഇത്ര ആര്‍ത്തി
കാണിക്കരുത്.
അതേസമയം, നേരത്തെ രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് വി എം സുധീരന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ താന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന- വി എം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇത് വരെ ധാരണയായിട്ടില്ല. മുതിര്‍ന്ന നേതാവിനാണോ യുവനേതാവിനാണോ പരിഗണന നല്‍കേണ്ടതെന്ന് പാട്ടി തീരുമാനിച്ചിട്ടില്ല. സീനിയര്‍ നേതാവിനാണ് അവസരമെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചെറിയാന്‍ ഫിലിപ്പും സീറ്റിനായി കളത്തിലുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നും ഒരാള്‍ വേണമെന്നാണ് തീരുമാനമെങ്കില്‍ പന്തളം സുധാകരനാണ് സാധ്യത. യുവനേതാക്കളില്‍ വി ടി ബല്‍റാമിനും എം ലിജുവിനുമാണ് സാധ്യത.












Click it and Unblock the Notifications