'തീരുമാനിക്കേണ്ടത് നിങ്ങളല്ല, അതിന് ഇവിടെ ഒരു മന്ത്രിസഭയുണ്ട്..'; ഗവര്‍ണറോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ജുഡീഷ്യറിക്കും മേലെ അല്ല എന്ന് ഓര്‍ക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയെ മറികടന്ന് ഇടപെടാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. ഗവര്‍ണര്‍ക്ക് അത്തരം അധികാരങ്ങളൊന്നും തന്നെയില്ല.
ഇല്ലാത്ത അധികാരം ഉണ്ട് എന്ന് ഗവര്‍ണര്‍ ഭാവിക്കുന്നു. തന്നിലാണ് എല്ലാ അധികാരം എന്ന ഭാവം അംഗീകരിച്ച് കൊടുക്കാനാവില്ല. മന്ത്രിയോടുള്ള പ്രീതി തീരുമാനിക്കാന്‍ ഇവിടെ മന്ത്രിസഭയുണ്ട്. പൊലീസിന് നിര്‍ദേശം കൊടുക്കാനും ഇവിടെ മന്ത്രിസഭയുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട നിയമസഭയെ മറികടന്ന് ഒന്നും തീരുമാനിക്കാനാകില്ല. സമാന്തര സര്‍ക്കാരാകാന്‍ ആരും ശ്രമിക്കേണ്ട. ഗവര്‍ണര്‍ എന്ന പദവി ഉപയോഗിച്ച് ചെയ്യാന്‍ തെറ്റായ കാര്യം ചെയ്യാം എന്ന് ധരിക്കരുത്. ആര്‍ എസ് എസ് അനുഭാവികളെ തപ്പിയെടുത്ത് താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുകയാണ്. ആര്‍ എസ് എസിന് കേരളത്തിന്റെ നേട്ടത്തില്‍ അസൂയ ആണ് എന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ല. കേരളത്തിലെ സര്‍വകലാശാലയിലെ മികവ് പലരെയും അസ്വസ്ഥരാക്കുന്നുണ്ട് എന്നും ആര്‍ എസ് എസും സംഘപരിവാറുമാണ് ഇതിനു പിന്നില്‍ എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കിയവര്‍ക്ക് കേന്ദ്ര സര്‍വകലാശാലകളില്‍ സ്ഥിതി എന്താണ് എന്ന് അറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

വിസിമാരെ നിയമിക്കാന്‍ മാനദണ്ഡമാക്കിയത് അക്കാദമിക മികവാണ്, അല്ലാതെ രാഷ്ട്രീയമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ചാന്‍സലര്‍ പദവി എന്നത് ഭരണഘടനാപരമല്ല എന്നും അത് സര്‍വകലാശാല നിയമം അനുവദിക്കുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യം ബില്ല് ഒപ്പിടില്ലെന്നും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് ബില്ല് വായിച്ചിട്ടില്ലെന്നും പറയുന്നു.

വായിക്കാതെ ഒപ്പിടില്ല എന്ന് പറയാന്‍ വല്ല ദിവ്യസിദ്ധിയുമുണ്ടോ എന്നും ഗവര്‍ണറെ പരിഹസിച്ച് കൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന ജനകീയ കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.












Click it and Unblock the Notifications