ഡോ. വന്ദനദാസിന്റെ കൊലപാതകം; പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: വൈദ്യപരിശോധനക്കിടെ പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്ത സംഭവത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് തുടങ്ങി. ഡിജിപി അനില്‍ കാന്ത് സിറ്റിംഗില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നുണ്ട്. നമ്മുടെ സംവിധാനമാണ് ഡോ. വന്ദന ദാസിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത് എന്ന് കോടതി സിറ്റിംഗിനിടെ അഭിപ്രായപ്പെട്ടു. ഭയത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം എന്നും കോടതി പറഞ്ഞു.
അലസമായി വിഷയത്തെ കാണരുത്. പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്നലെ പൊലീസിനും സര്‍ക്കാറിനുമെതിരെ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി നടത്തിയിരുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്നത്തെ സിറ്റിംഗില്‍ ഡിജിപി ഓണ്‍ലൈനായി പങ്കെടുക്കുന്നത്. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ എന്തിന് പ്രവര്‍ത്തിക്കണം എന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു.

ഇങ്ങനെയെങ്കില്‍ ആശുപത്രികള്‍ അടച്ച് പൂട്ടുന്നതല്ലേ നല്ലത്. അക്രമിയെ നേരിടാന്‍ പൊലീസിന്റെ കൈയില്‍ തോക്കില്ലായിരുന്നോ എന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി ഇന്നലെ ആരാഞ്ഞിരുന്നു. പ്രതി ആക്രമിക്കുമ്പോള്‍ പൊലീസ് എന്ത് ചെയ്യുകയായിരുന്നു. ആശുപത്രിയിലേക്ക് പ്രതിയെ എത്തിച്ചത് പൊലീസാണ് എന്നും പൊലീസിന് പ്രതികളുടെ പെരുമാറ്റം മനസ്സിലാക്കാന്‍ കഴിയണം എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പരിശീലനം ലഭിച്ച സേനയാണെന്ന് എന്തിന് അവകാശപ്പെടണം എന്നും പൊലീസിന്റെ പണി പിന്നെയെന്താണെന്നും കോടതി ചോദിച്ചിരുന്നു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ബെഞ്ചാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തി വിഷയം പരിഗണിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെ ആണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുത്തിക്കൊന്നത്.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. ഹൗസ് സര്‍ജനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. സന്ദീപ് എന്ന അധ്യാപകനാണ് വന്ദന അടക്കം ആറ് പേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരടക്കം 5 പേര്‍ ചികിത്സയിലാണ്. നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകനാണ് വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപ്.
അതേസമയം വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ സമരത്തിലാണ് ഡോക്ടര്‍മാര്‍. അടുത്തിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടിയെടുക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്നാണ് ഐഎംഎ പറയുന്നത്. അതേസമയം സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications