ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കരണം; എണ്ണം വെട്ടികുറയ്ക്കും, തിങ്കളാഴ്‌ചത്തെ പരീക്ഷണം നിർണായകം
തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിംഗ് രീതികളുടെ അടിത്തറ തന്നെ പൊളിച്ചു പണിയാനുള്ള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ ശ്രമങ്ങൾ മുന്നോട്ട്. ഇതിന്റെ ഭാഗമായി മെയ് ഒന്ന് മുതൽ ടെസ്‌റ്റിന് ഹാജരാകേണ്ട ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് നീക്കം. നിലവിലെ രീതി അനുസരിച്ച് രജിസ്‌റ്റർ ചെയ്‌ത ആളുകളുടെ അപേക്ഷ മെയ് ഒന്നിന് ശേഷം പരിഗണിക്കേണ്ട എന്നാണ് തീരുമാനം.
ഒരു ദിവസം പരമാവധി 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിംഗ് ടെസ്‌റ്റിൽ പങ്കെടുപ്പിക്കുകയെന്നായിരുന്നു നേരത്തെ അറിയിച്ചത്. അതിന് അനുസരിച്ച് തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങൾ. കൂടാതെ നേരത്തെ അപേക്ഷിച്ചവർ മെയ് ഒന്നിന് ശേഷമുള്ള ഡേറ്റ് കിട്ടാൻ വേണ്ടി പുതിയ രീതിയിൽ ഒന്ന് കൂടി അപേക്ഷിക്കേണ്ടി വരും. നാളെ മുതൽ വെബ്‌സൈറ്റിൽ അതിനുള്ള അപേക്ഷ സൗകര്യം ഒരുക്കും.

ഏപ്രിൽ 29ന് രാവിലെ 9 മണി മുതല്‍ സാരഥി സൈറ്റില്‍ പുതിയ തീയതി എടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കുന്നത്. മെയ് ഒന്ന് മുതൽ പുതിയ രീതിയിലാവുമോ ഡ്രൈവിംഗ് ടെസ്‌റ്റ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എണ്ണം കുറയ്ക്കുന്നത് മാത്രമാകും നടപ്പിലാക്കുക എന്നാണ് സൂചന.
മെയ് മാസം മുതല്‍ പുതിയ രീതിയില്‍ ടെസ്‌റ്റ് നടത്തണമെന്ന നിര്‍ദേശം ഓഫീസ് മേധാവിമാര്‍ക്ക് നല്‍കിക്കൊണ്ട് നേരത്തെ ഉത്തരവിറങ്ങിയിരുന്നു.പക്ഷേ ഇത് നടപ്പാവാൻ വൈകുമെന്നാണ് സൂചന. ഇതിനായുള്ള ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാന്‍ ഇതുവരെ കഴിഞ്ഞില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ഈ സാഹചര്യത്തിൽ തീരുമാനം നീളും.
അതിനിടെ ദിവസം 100ല്‍ അധികം ഡ്രൈവിംഗ് ടെസ്‌റ്റ് നടത്തിയ 15 ഉദ്യോഗസ്ഥരെ കൊണ്ട് നാളെ തിരുവനന്തപുരം മുട്ടത്തറയിലെ പരിശീലന കേന്ദ്രത്തില്‍ ഡ്രൈവിംഗ് ടെസ്‌റ്റ് പരീക്ഷണം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവരെക്കൊണ്ട് പരീക്ഷണം നടത്തിക്കുന്നത്, ഇത് കൃത്യമായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് കെബി ഗണേഷ് കുമാർ കേരളത്തിലെ കാലഹരണപ്പെട്ട ഡ്രൈവിംഗ് പരിശീലന സമ്പ്രദായവും ലൈസൻസ് നൽകാനുള്ള ടെസ്‌റ്റും ഒക്കെ മാറ്റുമെന്ന പ്രഖ്യാപനം നടത്തിയത്. തുടക്കത്തിൽ വലിയ രീതിയിലുള്ള വെല്ലുവിളിയാണ് ഇക്കാര്യത്തിൽ ഉയർന്നത്.
എന്നാൽ ആഗോള തലത്തിൽ പോലും പ്രാവർത്തികമാക്കാൻ കഴിയുന്ന രീതിയിലുള്ള പരിശീലന സമ്പ്രദായങ്ങളാണ് ആവശ്യമെന്നും അതുകൊണ്ട് തന്നെ കൂടുതൽ കർശനമായ നടപടികൾ വേണമെന്നുമായിരുന്നു ഗണേഷിന്റെ നിലപാട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ദിവസത്തെ ടെസ്‌റ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്.












Click it and Unblock the Notifications