'ചിലര്‍ക്കെതിരായ വാര്‍ത്തകള്‍ മാത്രം വരുന്നില്ല, ലഹരിക്കാര്യം അന്വേഷിക്കേണ്ടേ?' ചോദ്യവുമായി ഭാഗ്യലക്ഷ്മി
കൊച്ചി: മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ സിനിമാ മേഖലയിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിച്ച് കൊണ്ടിരിക്കുകയാണ് എന്ന് അവര്‍ ആരോപിച്ചു. മാധ്യമങ്ങളെയാണ് സിനിമയിലെ സ്ത്രീകള്‍ ഭയപ്പെടുന്നത് എന്നും അവര്‍ പറഞ്ഞു.
ഹേമ കമ്മിറ്റി നടികളുടെ അഭിപ്രായം മാത്രമാണ് തേടിയത് എന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. തൊഴിലാളികളില്‍ നിന്ന് മൊഴിയെടുക്കാന്‍ നാല് സ്ത്രീകളെ മാത്രമാണ് വിളിച്ചത് എന്നും അവരോട് ലൈംഗികാതിക്രമം സംബന്ധിച്ച ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത് എന്നും അവര്‍ പറഞ്ഞു. 92 സ്ത്രീകളാണ് ഫെഫ്ക യോഗത്തില്‍ പങ്കെടുത്തത്. സിനിമയില്‍ മറ്റ് പ്രശ്‌നങ്ങളുമുണ്ട് എന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ആണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. താന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുറിച്ച് ഉയര്‍ന്ന ആരോപണത്തില്‍ മറുപടി പറയാനാണ് വാര്‍ത്താസമ്മേളനം വിളിച്ചത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇക്കഴിഞ്ഞ 31 ന് ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ സ്ത്രീകളുടെ പൊതുയോഗം നടന്നിരുന്നു. ആ യോഗത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മുന്‍വിധിയോടെ എത്തി ബഹളം വെച്ചു.
സംഘടനയെ തകര്‍ക്കാന്‍ ഉറപ്പിച്ച മട്ടിലാണ് അവര്‍ പെരുമാറിയത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 'ജോലി സ്ഥലത്ത് ആയാലും പൊതുവിടത്തിലായാലും സ്വയം സുരക്ഷ ഉറപ്പാക്കണം എന്നാണ് അവരോട് പറഞ്ഞത്. എന്നാല്‍ ഇതിനെ വളച്ചൊടിച്ച് അവര്‍ ആരോപണം ഉന്നയിക്കുകയായിരുന്നു. യോഗത്തില്‍ ഒരക്ഷരം മിണ്ടാത്ത ആള്‍ പുറത്തിറങ്ങി ഞാന്‍ സ്ത്രീ വിരുദ്ധയാണെന്ന് വിളിച്ചു പറഞ്ഞു.
മറ്റു രണ്ടു പേരുടെ പേരുകള്‍ കൂടി അവര്‍ വിളിച്ചുപറഞ്ഞു,' ഭാഗ്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ മുഖം മറയ്ക്കാതെയാണ് അവരുടെ ആരോപണത്തില്‍ ഇപ്പോള്‍ മറുപടി നല്‍കുന്നത് എന്നും ആരോപണങ്ങള്‍ നേരിടും എന്നും അവര്‍ വ്യക്തമാക്കി. തങ്ങളെ അപമാനിച്ചതിന് പൊലീസില്‍ പരാതി നല്‍കുമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
തങ്ങളെക്കാള്‍ സിനിമ ചെയ്യുന്നവരാണ് തങ്ങള്‍ക്കെതിരെ തൊഴില്‍ നിഷേധം ആരോപിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. ആരോപണം ഉന്നയിച്ചവര്‍ ആരുടെ കൂടെയാണ് വന്നത് എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സഹിതം ആണ് പരാതി കൊടുക്കുക എന്നും അപ്പോള്‍ വന്നവരുടെ ഉദ്ദേശം വ്യക്തമാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സാഹചര്യം നേരിടാന്‍ സ്ത്രീകള്‍ തയ്യാറാവണം എന്ന് പറഞ്ഞാല്‍ സ്ത്രീവിരുദ്ധത ആണെങ്കില്‍ അത് ഇനിയും പറയുമെന്നും അവര്‍ വ്യക്തമാക്കി.
ചിലര്‍ക്കെതിരായ വാര്‍ത്തകള്‍ മാത്രം വരുന്നില്ല എന്നും ലഹരി ആരോപണം ഉന്നയിച്ചത് അന്വേഷിക്കണ്ടേയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഹേമ കമ്മിറ്റിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.












Click it and Unblock the Notifications