ചൂരല്‍മലയില്‍ തിരച്ചിലില്‍ കണ്ടെത്തിയത് ലക്ഷങ്ങള്‍: 500 ന്റെ 7 കെട്ട്, 100 ന്റെ 5 കെട്ട്
മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഇപ്പോള്‍ തിരച്ചില്‍ തുടരുകയാണ്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ രണ്ട് ദിവസം കൂടി തുടരുമെന്നാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത്തരത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെ നാല് ലക്ഷത്തോളം രൂപയാണ് ചൂരല്‍മലയില്‍ നിന്നും ഇന്ന് കണ്ടെത്തിയിരിക്കുന്നത്.
ഫയർഫോഴ്സ് അംഗങ്ങല്‍ സിവില്‍ ഡിഫന്‍സ് സേനയും നടത്തിയ തിരച്ചിലിലാണ് നാല് ലക്ഷത്തോളം രൂപ കണ്ടെത്തിയത്. വെള്ളാർമല സ്കൂളിന് പരിസരത്ത് തിരച്ചില്‍ നടത്തുന്നതിന് ഇടയിലാണ് സംഘത്തിന് ഒരു പ്ലാസ്റ്റിക് കവർ ലഭിക്കുന്നത്. കവർ തുറന്ന് നോക്കിയപ്പോള്‍ പൈസയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

'500 രൂപയുടെ 7 കെട്ടും, 100 ന്റെ 5 കെട്ടുമാണ് ഉള്ളത്. അതുകൊണ്ട് നാല് ലക്ഷത്തോളം രൂപയുണ്ടെന്നാണ് ഞങ്ങള്‍ കണക്ക് കൂട്ടുന്നത്. പൊലീസ് സംഘവും സമീപത്ത് തന്നെയുണ്ടായിരുന്നു. ഉടന്‍ തന്നെ പൊലീസ് പണം കൈമാറി. ഇതുപോലെയുള്ള വിലപ്പെട്ട വസ്തുകള്‍ കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചിലാണ് ഇപ്പോള്‍ പ്രധാനമായും നടത്തുന്നത്' ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള ഏത് തരത്തിലുള്ള വസ്തുകള്‍ ലഭിച്ചാലും അതിന്റെ അവകാശികളെ കണ്ടെത്തി എല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ പണം നഷ്ടപ്പെട്ടതായി ആരോപിച്ച് ദുരന്തത്തില്‍ വീട് തകർന്ന ഒരു പ്രദേശവാസി നേരത്തെ മാധ്യമങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ നിലവില്‍ ആരും കണ്ടെത്തിയ പണത്തിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടില്ല.
ചൂരല്‍മലയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് പണം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.പണം ലഭിച്ചത് സംബന്ധിച്ച് ക്യാമ്പിലും മറ്റും കഴിയുന്ന പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കും. ഇതോടെ പണം നഷ്ടപ്പെട്ട ആളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിലപിടിപ്പുള്ള വസ്തുക്കളെല്ലാം പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കണമെന്ന് സാധാരണ നിർദേശം നല്‍കാറുണ്ട്. അങ്ങനെ ചെയ്തത് കൊണ്ടാണ് ഈ പണം നശിക്കാതെ കിട്ടിയതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി.
തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു. നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.












Click it and Unblock the Notifications