വന്ദേഭാരത് പെട്ടെന്ന് കേരളത്തില്‍ എത്തിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ട: ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ പെട്ടെന്ന് കേരളത്തില്‍ എത്തിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്ന് ഡി വൈ എഫ് ഐ. കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട ട്രെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നു. ഇത് കേന്ദ്രത്തിന്റെ കപട രാഷ്ട്രീയമാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രെയിനിലെ യാത്രയ്ക്ക് ഒരു സുരക്ഷയുമില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നു. ഇതിന് വേണ്ട പ്രാധാന്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. കേരളം മുന്നോട്ടുവച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. സില്‍വര്‍ ലൈനിന് ബദലായി ട്രെയിന്‍ അനുവദിച്ചതിന് പിന്നില്‍ കേരളത്തോടുല്‌ള വിരോധ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റുപ്പെടുത്തി.

അതേസമയം, കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എവിടെ എന്ന് ചോദിച്ചവര്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നുവെന്ന്
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. അതിവേഗ തീവണ്ടി കേരളത്തിന്റെ വികസനവേഗം കൂട്ടുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വന്ദേ മെട്രോ സംബന്ധിച്ച് പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വളച്ചൊടിച്ച് വന്ദേ ഭാരത് സംസ്ഥാനത്തിന് ഇല്ലെന്ന പ്രചരണം നടന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ ഇടപെടലുകളെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രി അടക്കം കൂട്ടുനിന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചല്ല കേന്ദ്രസര്‍ക്കാര്‍ വികസനം കൊണ്ടുവരുന്നത്. സില്‍വര്‍ലൈനും വന്ദേഭാരതും തമ്മിലുള്ള വ്യത്യാസം ആണ് കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ളത്. സില്‍വര്‍ ലൈന്‍ അപ്രയോഗികം എന്നത് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് വന്ദേഭാരതിന്റെ വരവെന്നും വി. മുരളീധരന്‍ പറഞ്ഞു.
കേരള സന്ദര്‍ശനത്തിന് മുന്നോടിയായി മുന്‍പും പ്രധാനമന്ത്രി ജനക്ഷേമ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. വന്ദേ ഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നന്ദി പറയുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. അതേസമയം, ചെന്നൈയില്‍ നിന്നും പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തില്‍ എത്തി. പരീക്ഷണ ഓട്ടത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് ഏപ്രില്‍ 25 ഓടെ സര്‍വീസ് നടത്തുമെന്നാണ് വിവരം.












Click it and Unblock the Notifications