Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ഐസക്കിനെതിരായ നീക്കത്തില്‍ ഇഡിക്ക് വീണ്ടും തിരിച്ചടി: ഹർജിയില്‍ ഇടപെടാതെ ഹൈക്കോടതി

കൊച്ചി: തോമസ് ഐസക്കിനെതിരായ കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് വീണ്ടും തിരിച്ചടി. കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇഡി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തില്‍ ഇടപെടാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല.

ബുധനാഴ്ച സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇഡിയുടെ ആവശ്യം തങ്ങള്‍ പരിഗണിക്കാത്തതെന്നാണ് ഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

issac

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടക്കാല ബെഞ്ചിന്റെ ഉത്തരവിന്റെ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചതാണെന്നുമുള്ള നിലപാടാണ് തോമസ് ഐസക് സ്വീകരിക്കുന്നത്. ഇനി സിംഗിൾ ബഞ്ചിൽ ഞാൻ സമർപ്പിച്ച അപ്പീൽ വാദം കേട്ട് മെറിറ്റിൽ തീരുമാനിക്കാൻ പോകുമെന്നാണ് ഇന്നത്തെ കോടതി ഇടപെടലിന് പിന്നാലെ തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. അതുകൊണ്ട് കിഫ്ബി അന്വേഷണത്തിൽ എന്നെ ഉടൻ ചോദ്യം ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു ഇഡിയുടെ ആവശ്യം. സിംഗിൾ ബഞ്ച് ഞാൻ നൽകിയ ഇഡിയുടെ പുതിയ സമൻസിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒറിജിനൽ റിട്ട് പെറ്റീഷൻ മെറിറ്റിൽ തീരുമാനിക്കാൻ ദിവസം നിശ്ചയിച്ചിരിക്കുകയാണ്. അതിനിടയിൽ ഇത്തരത്തിൽ ഒരു ഇടപെടലിന്റെ അത്യാവശ്യമില്ലായെന്നു പറഞ്ഞ് കോടതി ഇഡിയുടെ അപ്പീൽ ഡിസ്മിസ് ചെയ്തു. പിന്നീട് ഡൽഹിയിൽ നിന്നുള്ള വക്കീൽ നേരിട്ട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസ്മിസൽ ഡിസ്പോസ് ആക്കി.

എന്താണ് ഇഡിയും കിഫ്ബിയും തമ്മിലുള്ള തർക്കം?

ഏതാണ്ട് രണ്ട് വർഷമായി വിദേശവിനിയമ ചട്ടലംഘനം (ഫെമ നിയമം) കിഫ്ബി നടത്തിയിട്ടുണ്ടോയെന്നതു സംബന്ധിച്ച് ഇഡി അന്വേഷണം നടത്തിവരികയാണ്. കിഫ്ബി ഉദ്യോഗസ്ഥരെ വളരെ നിശിതവും വിശദവുമായ ചോദ്യം ചെയ്യൽ നടത്തിയിട്ടും അങ്ങനെയൊന്ന് കണ്ടെത്താനായില്ല. അങ്ങനെയാണ് എനിക്ക് സമൻസ് അയച്ചത്. കിഫ്ബി രൂപംകൊള്ളുന്നതിനു മുമ്പുള്ള എന്റെ കണക്കുകളും ബന്ധുക്കളുടെ കണക്കുകളും വിവരങ്ങളുമെല്ലാം സംബന്ധിച്ച 13 ഇനം രേഖകൾ ആവശ്യപ്പെട്ടുകൊണ്ടാണ് സമൻസ് വന്നത്. എന്തിനുവേണ്ടി എന്റെ സ്വകാര്യതയിലേക്കു കടന്ന് ഇത്തരം വിവരങ്ങൾ ശേഖരിക്കണമെന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. കൃത്യമായ ഒരു നിയമലംഘനം ചൂണ്ടിക്കാണിക്കാനില്ലാതെ കാടുംപടർപ്പും തല്ലിയുള്ള ഇത്തരമൊരു അന്വേഷണം എന്റെ പൗരാവകാശത്തിന്മേലുള്ള ലംഘനമാണെന്നാണ് എന്റെ വാദം. വാദം കേട്ട കോടതി സ്റ്റേ അനുവദിച്ചു.

കഴിഞ്ഞ ഏതാണ്ട് ഒരു വർഷമായി പലവട്ടം കോടതിയിൽ കേസ് വന്നിട്ടും എന്താണ് ഞാൻ നടത്തിയ നിയമലംഘനമെന്നു പറയാൻ ഇഡിക്ക് കഴിഞ്ഞില്ല. മസാലബോണ്ട് പോലെ വിദേശത്തു നിന്നും പണം സമാഹരിക്കുന്ന ബോണ്ടുകളുടെ അനുമതി നൽകുകയും മേൽനോട്ടം നടത്തുകയും ചെയ്യുന്ന റിസർവ്വ് ബാങ്കിനെ കോടതി കക്ഷിയാക്കി. റിസർവ്വ് ബാങ്ക് ഏതാനും മാസമെടുത്തെങ്കിലും കോടതിയിൽ അഫിഡവിറ്റ് നൽകി. അതുപ്രകാരം ബോണ്ട് ഇറക്കാനുള്ള എല്ലാ നിയമാനുസൃത ചട്ടങ്ങളും കിഫ്ബി പാലിച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗം സംബന്ധിച്ച് നിയമപ്രകാരമുള്ള സ്റ്റേറ്റ്മെന്റ് എല്ലാമാസവും നൽകിയിട്ടുണ്ട്. ഇതിനപ്പുറം എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടോ ഇല്ലയോയെന്ന് അവർക്കു പറയാനാകില്ല. തുടർന്ന് അതുവരെ നൽകിയ സമൻസുകൾ മുഴുവൻ ഇഡിക്ക് പിൻവലിക്കേണ്ടി വന്നു. ഇഡിയുടെ നീക്കം നിയമപരമായിരുന്നില്ലായെന്നതു വ്യക്തമായി.

അതുകഴിഞ്ഞ് അടുത്ത സെറ്റ് സമൻസ് അയക്കാൻ തുടങ്ങി. ആദ്യ സമൻസിൽ 10-13 ഇനങ്ങളുടെ രേഖ ചോദിച്ചവർക്ക് വീണ്ടുവിചാരമുണ്ടായി. പുതിയ സമൻസിൽ ഇനങ്ങൾ മൂന്നായി ചുരുങ്ങി. ഒന്ന്, എന്റെ ഐഡി പ്രൂഫ്. രണ്ട്, മസാലബോണ്ട് ഇറക്കിയതിൽ എന്റെ പങ്ക് എന്താണ്? മൂന്ന് മസാലബോണ്ട് ഫണ്ട് എന്തിനൊക്കെ വിനിയോഗിച്ചു?

ഇതിനെതിരെ ഞാൻ വീണ്ടും കോടതിയിൽ പോയി. എന്താണോ ചെയ്യാൻ പാടില്ലായെന്നു കോടതി പറഞ്ഞത് അതു തന്നെ ഇഡി ആവർത്തിക്കുകയായിരുന്നുവെന്നായിരുന്നു എന്റെ വാദം. എന്ത് കുറ്റമാണ് അന്വേഷിക്കുന്നത് എന്നതു സംബന്ധിച്ച് സീൽ ചെയ്ത കവറിൽ കോടതിക്ക് ഇഡി സ്റ്റേറ്റ്മെന്റ് നൽകി. ഇതിന്റെ ഉള്ളടക്കം നമുക്ക് അറിവില്ലെങ്കിലും മാധ്യമങ്ങളിൽ വന്ന പ്രകാരം മസാലബോണ്ടിന്റെ ഫണ്ട് നിക്ഷേപിക്കാൻ പാടില്ലാത്ത റിയൽ എസ്റ്റേറ്റ് ബിസിനസിന് ഉപയോഗപ്പെടുത്തി എന്നതാണ് കുറ്റം. റോഡുകൾക്കും പ്രൊജക്ടുകൾക്കുവേണ്ടി ഭൂമി അക്വയർ ചെയ്യുമല്ലോ. ഒരുപക്ഷേ അതായിരിക്കും ഇഡി കണ്ടെത്തിയ ഭീകര കുറ്റം. എന്തൊരു അസംബന്ധമാണിത്?

എന്റെ വാദം കുറച്ചുകൂടി ലളിതമാണ്. ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള ഒരു തീരുമാനവും എടുക്കുന്നത് കിഫ്ബിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയോ ഗവേണിംഗ് ബോഡിയോ അല്ല. അത്തരമുള്ള ഇടപെടലുകൾ അനധികൃതമാണ്. പ്രൊജക്ടുകൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞാൽ അവ ടെണ്ടർ വിളിക്കുന്നതും നിശ്ചയിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും പൂർത്തിയാകുന്ന മുറയ്ക്ക് പണം നൽകുന്നതും ഉദ്യോഗസ്ഥരാണ്. അവർക്ക് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന ഓഡിറ്റ് റിപ്പോർട്ടുകളാണ് കിഫ്ബിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയും ഗവേണിംഗ് ബോഡിയും പരിഗണിക്കുക. അപ്പോൾ ഇതു സംബന്ധിച്ച് എന്നോട് എന്ത് ചോദിക്കാൻ?

ഇതിനിടയ്ക്ക് സുപ്രധാനമായ മറ്റൊരു സംഭവവികാസംകൂടി ഉണ്ടായി. കിഫ്ബിയുടെ സിഇഒ ഡോ. കെ.എം. എബ്രഹാം കോടതിയിൽ ഒരു അഫിഡവിറ്റ് നൽകി. ഫണ്ട് വിനിയോഗം സംബന്ധിച്ച് പൂർണ്ണ ഉത്തരവാദിത്വം സിഇഒ എന്ന നിലയിൽ തനിക്കാണെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചുള്ള ഇടപെടലുകൾ ഉണ്ടായിയെന്ന ദുസൂചനകൾ കിഫ്ബിയുടെ പ്രൊഫഷണൽ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതാണ്. ഇതുകൂടിയാകുമ്പോൾ എന്നെ ചോദ്യം ചെയ്യുന്നത് കൂടുതൽ അപ്രസക്തമാവുകയാണ്.

ഇതൊക്കെ ഉണ്ടായിട്ടും ഇലക്ഷൻ പ്രചരണത്തിനിടയിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ സമൻസ് നൽകുകയായിരുന്നു ഇഡി. തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർത്ഥിയെ ശല്യം ചെയ്യുന്നത് ശരിയല്ലായെന്ന കമന്റോടെ സിംഗിൾ ബെഞ്ച് കേസ് മെയ് 22-ന് പരിഗണിക്കാമെന്ന് ഉത്തരവിട്ടു. അതിനെതിരെയാണ് ഇഡി ഡിവിഷൻ ബഞ്ചിൽ പോയത്. അവിടെയും കൊടുത്തു സീലു വെച്ച കവർ. എന്തുചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+