നാളെ വിദ്യാഭ്യാസ ബന്ദ്: പിഎം ശ്രീയില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎസ്എഫ്; ബുധനാഴ്ച സംസ്ഥാനത്ത് പഠിപ്പ് മുടക്ക്
പിഎം ശ്രീയില്‍ ഒപ്പിട്ട സംസ്ഥാന സർക്കാർ നിലപാടിനെതിരെ ഭരണ പക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും എതിർപ്പ് രൂക്ഷമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മറ്റന്നാള്‍ യു ഡി എസ് എഫ് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. മറ്റന്നാള്‍ നടക്കുന്ന മന്ത്രി സഭ യോഗം ബഹിഷ്കരിക്കുമെന്ന തീരുമാനത്തിലൂടെ സി പി ഐയും തങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കിയിരുന്നു.
ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വവുമായി നേരിട്ട് അനുനയ ചർച്ചകള നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹിഷ്കരിച്ച് വിദ്യാർത്ഥികള്‍ പഠിപ്പ് മുടക്ക് സമരത്തില്‍ പങ്ക് ചേരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട പിണറായി ഗവണ്മെന്റ് ചെയ്തത് സവർക്കർ ചെയ്തതിനേക്കാൾ വലിയ നെറികേടാണെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യർ വിമർശിച്ചു. നാളകളിൽ കേരളത്തിന്റെ കലാലയങ്ങളിൽ നാഥുറാം വിനായക് ഗോഡ്സെയും ഗോൾവർക്കറേയും ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകരായി വരും തലമുറ പഠിക്കേണ്ടി വന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദികൾ സി പി എമ്മും "പിണറായി മോദി" യും സർക്കാരും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയിൽ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ പിണറായി വിജയന് മുന്നിൽ കോമഡി കഥാപാതപത്രങ്ങളായി സി പി ഐ മാത്രമല്ല കൂട്ടിന് എസ് എഫ് ഐയുമുണ്ടെന്ന് എം എസ് എഫ് സംസ്ഥാന സെക്രട്ടറി പി കെ നവാസും അഭിപ്രായപ്പെട്ടു. കുറ്റകരമായ മൗനമാണ് ഈ ആർ എസ് എസ് ഡീലിന് മുന്നിൽ എസ് എഫ് ഐ ആചരിക്കുന്നത്. കേരള വിദ്യാർത്ഥി സമൂഹം നിങ്ങൾക്ക് മാപ്പ് തരില്ല.
ആർ എസ് എസ് ഓഫീസുകളാക്കാൻ കേരളത്തിലെ വിദ്യാലയങ്ങളെ തീറെഴുതികൊടുത്ത പിണറായി സർക്കാർ. എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകണം. പി.എം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം പി എം ശ്രീയിൽ നടപ്പിലാക്കില്ല എന്നാണ് എസ് എഫ് ഐ വിശ്വസിക്കുന്നത്. വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഇങ്ങനെ കബളിപ്പിക്കണോ? പ്രീ കണ്ടീഷനുള്ള MoU ആണ് പി.എം ശ്രീ നടപ്പിലാക്കാൻ ഒപ്പിട്ടിരിക്കുന്നത്. അതിൽ പദ്ധതിയുടെ " 6 തൂണുകൾ " വിശേഷണത്തിൽ കൃത്യമായി പറയുന്നു ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കണമെന്ന്. ഇത്രയും കൃത്യതയുള്ള വിഷയത്തിൽ ആർ എസ് എസിന് വേണ്ടി നുണ പറയുകയാണ് എസ് എഫ് ഐ ചെയ്യുന്നത്.
മറ്റൊരു വാദം പി.എം ശ്രീയിൽ കേരളത്തിന് മാറ്റം വരുത്തും എന്നാണ്. എന്നാൽ അത് സാധ്യമല്ല എന്നതിന്റെ ഉത്തരമാണ് പഞ്ചാബ് സംസ്ഥാനം. ഇതിൽ ഒപ്പിടാതെ തടഞ്ഞു വെച്ച ഫണ്ട് ലഭിക്കില്ല എന്നാണ് അടുത്ത നുണ. വിദ്യാഭ്യാസ അവകാശ നിയമം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ച തമിഴ് നാട് സർക്കാർ അനുകൂല വിധി നേടിയിട്ടുണ്ട്. പി.എം ശ്രീ കേരളത്തിന് ഫണ്ട് ലഭിക്കാൻ വേണ്ടിയല്ല. കോടികൾ അഴിമതി നടത്തിയ കുടുംബത്തിന് വേണ്ടി ഒരു അച്ഛൻ കാണിക്കുന്ന അടിയറവ് മാത്രമാണിത്.
മന്ത്രിക്ക് എ ബി വി പി മംഗള പത്രം നൽകിയ സ്ഥിതിക്ക് വല്ല പൂമാലയും കൊണ്ട് എസ് എഫ് ഐ കൂടെ ചെല്ലുന്നത് നന്നായിരിക്കും. വേണമെങ്കിൽ ഇരുവരും ചേർന്ന് മന്ത്രിക്ക് വിരുന്നൊരുക്കുന്നതും നല്ലതാണ്. നിങ്ങളുടെ വ്യാജ യുദ്ധങ്ങൾ കേരളം എത്ര കണ്ടിരിക്കുന്നു. ആശങ്ക രേഖപ്പെടുത്തിയ എസ് എഫ് ഐ നിലപാട് ഘനഗംഭീരം. ഒരു ഉളുപ്പും ഇല്ലാത്ത ഇന്നത്തെ നേതാവിൻ്റെ ന്യായീകരണ പത്രസമ്മേളനത്തോടെ കേരളീയ വിദ്യാർത്ഥി സമൂഹത്തെ ഒറ്റു കൊടുത്ത ബ്രൂട്ടസാണ് എസ് എഫ് ഐ എന്ന് തെളീക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications