ഇരട്ട നരബലി; കഴിച്ചത് മാറിടമെന്ന് പ്രതികളുടെ മൊഴി!! റോസിലിയുടെ മൃതദേഹത്തിൽ വൃക്കയില്ല
ഇരട്ട നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹം പാചകം ചെയ്ത് കഴിച്ചുവെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയും ഭഗവൽ സിംഗുമാണ് മൃതദേഹം ഭക്ഷിച്ചത്. ലൈല ഇത് ഭക്ഷിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇലന്തൂരിലെ വീട്ടിൽ നിന്നും മാംസം പാചകം ചെയ്ത കുക്കർ പോലീസ് കണ്ടെടുത്തിരുന്നു.

ഫ്രിഡ്ജിൽ നിന്നും രക്തക്കറ കണ്ടെത്തിയതോടെയാണ് മൃതദേഹം മുറിച്ച് സൂക്ഷിച്ചിരിക്കാമെന്ന് നിഗമനത്തിൽ എത്തിയത്. ഏകദേശം 10 കിലോയോളം മാംസമാണ് പ്രതികൾ ഫ്രഡ്ജിൽ സൂക്ഷിച്ചിരുന്നത്. ശാസ്ത്രീയമായി രീതിയിലാണ് മൃതദേഹം മുറിച്ചെടുത്തിരിക്കുന്നത്.
മനുഷ്യ ശരീരത്തിൽ എളുപ്പം വേർപ്പെടുത്താവുന്ന സന്ധികൾ മനസിലാക്കിയാണ് മൃതദേഹം മുറിച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

ശരീരഘടന കൃത്യമായി അറിയുന്ന ആൾക്ക് മാത്രമേ ഇത്ര കൃത്യമായി ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത് മറ്റാരുടേയെങ്കിലും ഇടപെടൽ ഉണ്ടായോ എന്ന സംശയം ഉയർത്തിയിട്ടുണ്ട്. അതേസമയം പോലീസ് ഇത് സംബന്ധിച്ച് സംശയം ഉന്നയിച്ചപ്പോൾ താൻ മുൻപ് മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്നാണ് മുഹമ്മദ് ഷാഫി മൊഴി നൽകിയിരിക്കുന്നത്.

സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി മൃതദേഹം കഴിക്കാൻ ഷാഫി പ്രതികളോട് ആവശ്യപ്പെടുകയായിരുന്നത്രേ. കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളാണ് പ്രതികൾ ഭക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. മാറിടം ഭക്ഷിച്ചതായി മൊഴിൽ ഉണ്ട്. തലച്ചോർ ഭക്ഷിക്കാനുള്ള താത്പര്യം ഷാഫി പ്രകടിപ്പിച്ചതായുള്ള വിവരങ്ങളും ഉണ്ട്.
കൊല്ലപ്പെട്ട ഇരകളിൽ ഒരാളായ റോസിലിയുടെ മൃതദേഹത്തിൽ കരളും വൃക്കയും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത് കഴിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം. ഏതെങ്കിലും തരത്തിലുള്ള അവയവ കച്ചവടത്തിന് പ്രതികൾ ശ്രമിച്ചിരുന്നോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കടുത്ത സാമ്പത്തിക ബാധ്യത ഭഗവൽ സിംഗിന് ഉണ്ടായിരുന്നു. മറ്റ് പ്രതികൾക്കും സാമ്പത്തിക താത്പര്യം ഉണ്ടായിരുന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തും.

ഇന്നലെ എട്ട് മണിക്കൂറോളം ഇലന്തൂരിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കൂടുതൽ മൃതദേഹങ്ങൾ വീട്ട് വളപ്പിൽ ഉണ്ടോയെന്ന് കണ്ടെത്താനായി പോലീസ് നായയുടെ സഹായത്തോടെയായിരുന്നു പരിശോധന. പറമ്പിൽ നിന്നും ഒരു അസ്ഥി കഷ്ണം പോലീസിന് ലഭിച്ചു. ഇത് മനുഷ്യന്റേതാണോയെന്ന് പരിശോധിക്കും. കൊലയ്ക്ക് ഉപയോഗിച്ചെന്ന് സംശയിക്കുന്ന ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആഭിചാരവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതികളെ പോലീസ് പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യുകയാണ്. ഷാഫി കടവന്ത്ര സ്റ്റേഷനിലും ഭഗവന്ത് സിംഗ് മുളവുകാട് സ്റ്റേഷനിലുമാണ് ഉള്ളത്. പ്രതികളെ വീണ്ടും സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമോയെന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം ഇവരെ ഒരുമിച്ച് ഇരുത്തി പോലീസ് ക്ലബ്ബിൽവെച്ച് ചോദ്യം ചെയ്തിരുന്നു. തുടക്കത്തിൽ സഹകരിക്കാതിരുന്ന ഷാഫി ഇപ്പോൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications