എലത്തൂർ ട്രെയിൻ ആക്രമണം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്ക് / കുടുംബത്തിനാണ് തുക നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം.
അക്രമത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവർക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ പരിക്കേറ്റവർക്കെല്ലാം സൌജന്യ ചികിത്സയാണ് നല്‍കി വരുന്നത്.

അതേസമയം, ട്രെയിനില്‍ തീവെച്ച കേസില്‍ അറസ്റ്റിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് അറിയിച്ചു. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും എ ടി എസ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
കേരള പൊലീസിന് കൈമാറിയ പ്രതിയെ എത്രയും പെട്ടെന്ന് സംസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം നടന്ന് വരികയാണ്. ഇതിനിടയിലാണ് ആക്രമണത്തിനിടെ മരണപ്പെട്ടവർക്കുള്ള ധനസഹായം പ്രഖ്യാപിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവർക്കും റെയില്‍വേയും സഹായം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
മന്ത്രിസഭയുടെ മറ്റ് തീരുമാനങ്ങള്‍
അതേസമയം, മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാനും ഇന്ന് ചേർന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തലൂർ, വട്ടവട, മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തിലെ 8 ഉം 13 ഉം വാർഡുകൾ ഒഴിച്ചുള്ള മേഖലകൾ, പള്ളിവാസൽ പഞ്ചായത്തിലെ 4 ഉം 5 ഉം വാർഡുകൾ എന്നീ പഞ്ചായത്തുകളെ/പ്രദേശങ്ങളെ ഉൾപ്പെടുത്തി, കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട്, 2016 വകുപ്പ് 51 ൽ നിഷ്‌കർഷിച്ച പ്രകാരമാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുക. അതോറിറ്റിയുടെ ഘടന അംഗീകരിച്ചു. അതിന്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.
പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും നൽകുന്നതിന് പ്രമുഖ വ്യവസായി എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ രണ്ട് കോടി രൂപ വിനിയോഗിക്കാനും യോഗം തീരുമാനിച്ചു. മരണപ്പെട്ട 109 പേരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപവീതം നൽകും. ഗുരുതര പരിക്കേറ്റ 209 പേർക്ക് 30,000 രൂപയും നിസ്സാര പരിക്കേറ്റ 202 പേർക്ക് 14,000 രൂപയുമാണ് നൽകുക.
സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ച മെയിന്റിനൻസ് ട്രൈബ്യൂണലുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന 25 ടെക്‌നിക്കൽ അസിസ്റ്റന്റ്മാരുടെ സേവനം ഒരു വർഷത്തേയ്ക്കു കൂടി ദീർഘിപ്പിക്കാനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് ഹഡ്‌കോയിൽ നിന്ന് 3600 കോടി രൂപ വായ്പ എടുക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര സീ പോർട്ട് ലിമിറ്റഡിന് സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications