'ആ കുട്ടിയോട് എന്ത് പറയും'; പതിനേഴുകാരന്റെ വേദനയ്ക്ക് മുൻപിൽ വിങ്ങിപ്പൊട്ടി മന്ത്രി എകെ ശശീന്ദ്രൻ
വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ ദുരിതബാധിതരുടെ അനുഭവങ്ങൾ കേട്ട് വിങ്ങിപ്പൊട്ടി വനംമന്ത്രി എകെ ശശീന്ദ്രൻ. കാണാതായവർക്ക് വേണ്ടി മേഖലയിൽ നടക്കുന്ന ജനകീയ തിരച്ചിലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എകെ ശശീന്ദ്രൻ. ദുരന്തത്തിൽ കാണാതായ നാസറിന്റെ പതിനേഴുകാരനായ മകനെ കെട്ടിപ്പിടിച്ചായിരുന്നു മന്ത്രി കരഞ്ഞത്.
'ഇത് കണ്ടിട്ട് എന്താണ് പറയുക? വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്‌ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക? അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരുടെ രക്ഷക്കായി ശ്രമിക്കുക എന്നത് മാത്രമേയുള്ളൂ.' മന്ത്രി മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു.

ഈ കുട്ടിയോട് എന്തുസമാധാനം പറയുമെന്നും അദ്ദേഹം ചോദിച്ചു. ഉരുൾപൊട്ടലിൽ കാണാതായ നാസറിനെ തിരഞ്ഞ് മകനും തിരച്ചിലിൽ പങ്കാളിയായിരുന്നു. ഈ കുട്ടിയെ ചേർത്തുപിടിച്ചാണ് മന്ത്രി വികാരാധീനനായി നിന്നത്. കുട്ടിയുടെ മുന്നിൽ മന്ത്രി കൈകൂപ്പി നിൽക്കുകയായിരുന്നു, ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും അദ്ദേഹത്തിന് കണ്ണീരടക്കൻ കഴിഞ്ഞില്ല.
'ദുരന്തത്തിന്റെ വ്യാപ്‌തി അറിഞ്ഞു. ഈ അനുഭവം എല്ലാവര്‍ക്കും ഉണ്ടാവും. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്ക് പറയാന്‍ കഴിയും. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരിക്കണം' എകെ ശശീന്ദ്രൻ വ്യക്തമാക്കി.
പലർക്കും ദുരന്ത ഭൂമിയിലേക്ക് വരാൻ മാനസിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസും മാധ്യമങ്ങളോട് പ്രതികരിച്ചു. അതുകൊണ്ടാണ് ക്യാമ്പുകളിൽ നിന്നും പലരും തിരച്ചിലിന് എത്താത്തതെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി. അതിനിടെ ദുരിതമേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. വിവിധ സേനാംഗങ്ങൾക്ക് പുറമേ പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
രണ്ട് ശരീര ഭാഗങ്ങൾ കൂടി ഇന്നത്തെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. രണ്ടാംഘട്ട ജനകീയ തിരച്ചിലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പരപ്പൻപാറയിൽ പുഴയോട് ചേർന്ന് നിൽക്കുന്ന മേഖലയിലായിരുന്നു ഇന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് നിന്ന് മൂന്നിലധികം മൃതദേഹ ഭാഗങ്ങൾ കിട്ടിയിരുന്നു.
ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളും തിരച്ചിലിന് രംഗത്തുണ്ട്. നേരത്തെ സൺറൈസ് വാലിയിലെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ സൈന്യത്തിന്റെ സഹായത്തോടെ സൂചിപ്പാറ മേഖലയിൽ പുഴയുടെ താഴ്ഭാഗങ്ങളിലും തിങ്കളാഴ്‌ച തിരച്ചിൽ നടത്താനാണ് തീരുമാനം.












Click it and Unblock the Notifications