ഇഎന്‍ മോഹന്‍ദാസ് പക്കാ ആർഎസ്എസുകാരന്‍; ഞാന്‍ നിസ്കരിക്കുന്നത് ഇഷ്ടമല്ല; പിവി അന്‍വർ
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെ ഗുരുതരമായ ആരോപണവുമായി നിലമ്പൂർ എംഎല്‍എ പിവി അന്‍വർ. രാപ്പകല്‍ ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹം പാവപ്പെട്ട പാർട്ടി അണികളെ വഞ്ചിക്കുകയാണ്. ഒരു കമ്യൂണിറ്റിയെ തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഈ വിഷയങ്ങളെല്ലാം കഴിഞ്ഞ കുറേക്കാലമായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അതിനൊന്നും പരിഹാരം ഉണ്ടായിട്ടില്ലെന്നും പിവി അന്‍വർ പറയുന്നു.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലൊന്നും ഉത്തരമുണ്ടാകില്ല. മുഖ്യമന്ത്രി എഡിജിപിയെ വിളിച്ച് താന്‍ ആർഎസ്എസ് നേതാക്കളെ കണ്ടിരുന്നോ, എന്തിനാണ് കണ്ടത് എന്ന് ചോദിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെ ഇവിടേയുള്ളു. അദ്ദേഹം എന്തിനാണ് രഹസ്യമായി നേതാക്കളെ കണ്ടത്. അന്വേഷണ റിപ്പോർട്ട് ഞാന്‍ കാത്തിരിക്കുന്നില്ല. കാത്തിരിക്കുന്നവർ വിഡ്ഡികളാണ്. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും മാറ്റുകയല്ല, സസ്പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്.സത്യസന്ധമായ രീതിയില്‍ അന്വേഷണം നടക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിക്കാന്‍ പോകുന്നത്.

അഞ്ചുനേരം നിസ്കരിക്കുന്ന ഒരു മുസല്‍മാനായ കമ്യൂണിസ്റ്റുകാരനായി പോയി എന്നുള്ളതല്ലേ ഞാന്‍ ചെയ്ത തെറ്റ്. ഇന്നുവരെ ഒരു സിപിഎം നേതാവിനെതിരേയും ഞാന്‍ ആർഎസ്എസ് ബന്ധം ആരോപിച്ചിട്ടില്ല. എന്നാല്‍ മോഹന്‍ദാസ് പക്കാ ആർഎസ്എസുകാരനാണ്. പാർട്ടി യോഗങ്ങളുടെ സമയത്ത് ഞാന്‍ നിസ്കരിക്കാന്‍ പോകുന്നതാണ് അദ്ദേഹത്തിന് എന്നോടുള്ള പ്രശ്നം. ഈ ഇഎന്‍ മോഹന്‍ദാസിനെ ബോധ്യപ്പെടുത്തുന്നതിനായി എനിക്ക് നിസ്കരിക്കാതിരിക്കാന്‍ പറ്റുമോ. പാർട്ടി യോഗം നടക്കുകയാണെങ്കിലും ബാങ്ക് വിളിച്ചാല്‍ ഞാന്‍ നിസ്കരിക്കാന്‍ പോകും. അതിന് ശേഷമാണ് തിരിച്ച് വരികയെന്നും പിവി അന്‍വർ പറയുന്നു.
ആരെങ്കിലും ചാപ്പ കുത്തുമ്പോഴേക്കും എനിക്ക് പേടിയില്ല. ഞാന്‍ അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലിമാണ് അത് ഇനിയും തുടരും. മതേതരത്വത്തിന് വേണ്ടി പോരാടും. മുസ്ലിം എന്താണെന്ന് പറയാന്‍ ധൈര്യം വേണം. ഞാന്‍ അത് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.
2021 ല്‍ ഞാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ഈ പറയുന്ന ഒരു നേതാക്കളും വന്നിട്ടില്ല. ഒരു ഉറുപ്പിക്ക പോലും പാർട്ടി ഫണ്ടില്‍ നിന്നും ചിലവഴിച്ചിട്ടില്ല. പിവി അന്‍വർ തോല്‍ക്കണം എന്നതായിരുന്നു നേതാക്കളുടെ ആവശ്യം. പാവപ്പെട്ട പ്രവർത്തകർക്ക് ഇതൊന്നും അറിയില്ല. നിലമ്പൂർ മുന്‍സിപ്പാലിറ്റിയില്‍ എനിക്ക് കുറഞ്ഞ വോട്ടുകള്‍ എവിടെ നിന്നാണെന്ന് എനിക്ക് കൃത്യമായി അറിയാമെന്നും പിവി അന്‍വർ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മോഹന്‍ദാസിന്റെ യഥാർത്ഥ സ്വഭാവം പാർട്ടി സഖാക്കള്‍ക്ക് അറിയില്ല. അവർ മരിച്ച് പണിയെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് അവസാനം ഞാനും പ്രവർത്തകരും മാത്രമാണുണ്ടായിരുന്നത്. അവസാനം വഴിക്കടവില്‍ നിന്നും ഒരു റാലി നടത്തി. ആ റാലിയില്‍ രക്ഷപ്പെട്ടതാണ്. ഞാന്‍ തോറ്റു എന്നുള്ളതായിരുന്നു അതുവരേയുള്ള പ്രചരണം.
ഇഎന്‍ മോഹന്‍ദാസ് മാത്രമാണ് ഇതിനെല്ലാം പിന്നില്‍. ഒരുതരം മൂരാച്ചിയാണ് അദ്ദേഹം. വരുന്ന സഖാക്കളോടൊക്കെ തട്ടിക്കയറും. താന്‍ നിസ്‌കരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. മുസ്ലിം വിരോധിയാണ് അദ്ദേഹം. മതന്യൂനപക്ഷങ്ങള്‍ക്ക് ഫണ്ട് കൊടുക്കലല്ല സര്‍ക്കാര്‍ നിലപാടെന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളോടും മോഹന്‍ദാസിന് എതിർപ്പുണ്ട്. ഞാന്‍ എം എല്‍ എ ഫണ്ടില്‍ നിന്നും അവർക്ക് സഹായം ചെയ്തപ്പോള്‍ ഫണ്ട് കൊടുക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും പിവി അന്‍വർ ആരോപിച്ചു.
അടുത്തിടെ പാർട്ടി ഓഫീസില്‍ വെച്ച് മോഹന്‍ദാസിനെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചവിട്ടാന്‍ ശ്രമിച്ചിരുന്നു. ആർഎസ്എസ് സ്വഭാവം വീട്ടില്‍ വെച്ചാല്‍ മതി, പാർട്ടി ഓഫീസില്‍ വേണ്ടെന്നും പറഞ്ഞ് കോളറിന് പിടിച്ചു. മലപ്പുറത്തെ മുസ്ലിം സമുദായത്തെ തകർക്കാന്‍ വേണ്ടി നടക്കുകയാണ് അദ്ദേഹമെന്നും നിലമ്പൂർ എംഎല്‍എ ആരോപിച്ചു.












Click it and Unblock the Notifications