'കണ്ടമാനം കള്ളുകുടിച്ച് കയറിവന്നതാണ്,ഞാൻ തടഞ്ഞില്ലേങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ';ഇപി ജയരാജൻ
കൊച്ചി; വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ച ലക്കുക്കെട്ടാണ് വിമാനത്തിലേക്ക് കയറിയതെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. താൻ തടഞ്ഞത് കൊണ്ട് മാത്രമാണ് അവർ മുഖ്യമന്ത്രിയെ ആക്രമിക്കാതിരുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇ പി ജയരാജന്റെ വാക്കുകളിലേക്ക്

'കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ലക്ഷ്യം വെച്ച് അദ്ദേഹത്തിന് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും കോറിഡോറിന്റെ നടുവില്‍ നിന്ന് ഞാന്‍ അവരെ തടഞ്ഞു. കണ്ടമാനം കള്ളുകുടിപ്പിച്ച് വിമാനത്തിനകത്ത് കയറ്റിവിട്ടിരിക്കുകയാണ് ഇവരെ. ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ പോകുക, കള്ളുകുടിച്ച് വിമാനത്തിൽ കയറുക, ഞങ്ങളാരും ഇല്ലായിരുന്നെങ്കിൽ അവർ മുഖ്യമന്ത്രിയെ ആക്രമിക്കൂലേ? ഇതാണ് നമ്മുടെ രാജ്യത്ത് ഇപ്പോൾ കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം പ്രതിഷേധാജനകമായ കാര്യമാണിത്'.

മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ വിമാനത്തിൽ കയറിയത്. അല്ലേങ്കിൽ മുദ്രാവാക്യം വിളിക്കേണ്ട ആവശ്യമില്ലല്ലോ? മൂക്കറ്റം കുടിച്ച് ലക്കുക്കെട്ട മട്ടിലാണ്. എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. ഈ സംഭവത്തിന് ശേഷം മുഖ്യമന്ത്രി ഇറങ്ങിയപ്പോൾ ഞാൻ അവിടെ നിന്ന് മാറി. ആ സംഭവം കണ്ട് എല്ലാ യാത്രക്കാരും സ്തംഭിച്ച് നില്‍ക്കുകയല്ലേ. മൂക്കറ്റം കുടിപ്പിച്ച് കയറ്റിവിട്ട് അക്രമിക്കാൻ ആഹ്വാനം ചെയ്യുകയാണ്. ഇതാണോ കോൺഗ്രസ് പാർട്ടി. വിഡി സതീശൻ മറുപടി പറയണം, സതീശനാണ് അവർക്ക് പ്രചോദനം', ഇപി ജയരാജൻ ആരോപിച്ചു.'മുഖ്യമന്ത്രിക്കെതിരെ ചാവേറുകളെ ഇറക്കിവിട്ട് വലിയ അക്രമത്തിന് കോപ്പ്കൂട്ടുകയാണ് കോൺഗ്രസ്. വിമാനത്തിനകത്ത് കയറിയുള്ള പ്രതിഷേധങ്ങൾ കേട്ട്കേൾവിയില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാനും വധിക്കാനുമുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിത്. യുഡിഎഫ് നേതൃത്വത്തിന്റേയും പ്രതിപക്ഷ നേതാവിന്റേയും പൂർണ്ണ അറിവോടെയാണ് ഈ നീക്കം. തുടർച്ചയായി കേരളത്തിന്റെ ഭരണത്തിൽ നിന്ന് യു.ഡി.എഫിനെ ജനം മാറ്റി നിറുത്തിയതോടെ മനോ നില തെറ്റിയവരായി കോൺഗ്രസ് നേതൃത്വം മാറി',ഇപി ജയരാജൻ പറഞ്ഞു.

അതേസമയം വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിക്കുകയാണെന്ന് ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി അവരുടെ മെഡിക്കൽ പരിശോധന നടത്തട്ടെ.വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കിൽ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം. ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

തിങ്കളാഴ്ച കണ്ണൂരി ല്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേയാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുയര്‍ന്നത്. കറുത്ത വസ്ത്രമണിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ എന്നിവരായിരുന്നു വിമാനത്തിൽ കയറിയത്. ഇവർ മുഖ്യമന്ത്രിക്കടുത്തേക്ക് പോകാൻ ശ്രമിച്ചതോടെ ഇ പി ജയരാജൻ ഇവരെ തള്ളിമാറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്താവളത്തിൽ കണ്ടപ്പോൾ പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ആർ സി സിയിൽ രോഗിയെ കാണാൻ പോകുകയാണെന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റും ഇവരുടെ കൈയ്യിൽ ഉണ്ടായിരുന്നു. തുടർന്നാണ് യാത്ര ചെയ്യാൻ അനുവദിച്ചത്. അതേസമയം സംഭവത്തിൽ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
'അനുശ്രീ ഇത് ശരിക്കും മാജിക്കൽ ലുക്ക് തന്നെ'; ഒരേ പൊളി ഫോട്ടോസ്...വൈറൽ












Click it and Unblock the Notifications