ഇന്‍ഡിഗോയെ അന്ന് ഞാന്‍ പ്രാകിയിരുന്നു, അത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല: ഇപി ജയരാജന്‍
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഇപി ജയരാജന്‍. ഇന്‍ഡിഗോ മാനേജ്‌മെന്റ് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്ന് നേരത്തെ തന്നെ തോന്നിയിരുന്നു എന്നും ഇപി ജയരാജന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞതിന് ഇപിക്ക് ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതോടെ ഇനി ഇന്‍ഡിഗോയില്‍ കയറില്ല എന്ന് ഇപി ജയരാജനും നിലപാടെടുത്തു. ഈ പശ്ചാത്തലത്തിലാണ് ഇന്‍ഡിഗോയുടെ സമീപകാല പ്രതിസന്ധിയില്‍ മാനേജ്‌മെന്റിനെ പഴിച്ച് ഇപി രംഗത്തെത്തിയത്. 'അന്നേ എനിക്കറിയാം. അതൊരു നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്ന്. അന്ന് അവര്‍ എടുത്ത നിലപാട് അങ്ങനെയായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ ചില ഡല്‍ഹിയിലുള്ള നേതാക്കള്‍ ഇന്‍ഡിഗോയുടെ മാനേജ്‌മെന്റുമായി യോജിച്ച് കൊണ്ടാണ് എനിക്ക് വിലക്കേര്‍പ്പെടുത്തിയത്,' അദ്ദേഹം പറഞ്ഞു.

അന്നെനിക്കറിയാം ഇതിന്റെ മാനേജ്‌മെന്റ് തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് എന്ന്. അതുകൊണ്ട് അന്നത്തെ നില വെച്ച് ഞാനൊരു നിലപാട് എടുത്തു. ഞാന്‍ കുറെ കാലത്തേക്ക് ഇന്‍ഡിഗോയില്‍ കയറിയില്ല. പിന്നീട് സീതാറാം യെച്ചൂരി മരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണാന്‍ വേണ്ടി ഈ ബഹിഷ്‌കരണം ഒഴിവാക്കിയത്, ഇപി ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
'വിമാന സര്‍വീസ് റദ്ദാക്കുന്നു എന്ന് മാത്രമല്ല. എത്രയാ അവര്‍ അതിന് ഫെയര്‍ വാങ്ങുന്നത്. സീസണ്‍ വെച്ചിട്ട് കൊയ്ത്തല്ലേ. ഇത് നോക്കാനും പറയാനും ഒരു കേന്ദ്ര സര്‍ക്കാരുണ്ടായിരുന്നോ. ഗള്‍ഫ് മലയാളികളാകെ പ്രതിസന്ധിയിലായിരിക്കുകയല്ലേ. അന്ന് ഞാന്‍ ഇവരെ പ്രാകിയിരുന്നു. കാരണം ഇവര്‍ ശരിയായ വഴിക്കല്ല പോകുന്നത്. ഒരു നശീകരണം പിടിച്ച നിലപാടിലേക്കാണ് അവര്‍ പോയിക്കൊണ്ടിരുന്നത്. ഇപ്പോഴെങ്കിലും ആ മാനേജ്‌മെന്റിനെ കുറിച്ച് മനസിലായല്ലോ,' അദ്ദേഹം പറഞ്ഞു.
അതിനിടെ നിലവിലെ പ്രതിസന്ധിയില്‍ വീഴ്ച സംഭവിച്ചത് ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്നാണ് എന്ന് വ്യക്തമാക്കി ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തി. വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് സമ്മതിച്ചത്. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ വെച്ച് വ്യോമയാന മന്ത്രിയും ഡിജിസിഐ അധികൃതരും ഇന്‍ഡിഗോ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എഫ്ഡിടിഎല്ലിന്റെ പുതിയ പുതിയ വ്യവസ്ഥകള്‍ പ്രകാരം പല സര്‍വീസുകളും പുനക്രമീകരിക്കാനും, പൈലറ്റുമാരുടെയും എയര്‍ഹോസ്റ്റസുമാരുടെയും ഡ്യൂട്ടി സമയമടക്കം ക്രമീകരിക്കാനും ഇന്‍ഡിഗോയ്ക്ക് കഴിഞ്ഞില്ല എന്ന് യോഗത്തില്‍ വ്യോമയാന മന്ത്രാലയവും ഡിജിസിഐയും കുറ്റപ്പെടുത്തി. കോസ്റ്റ് കട്ടിങ്ങിന്റെ ഭാഗമായി പുതിയ പൈലറ്റുമാരെയും ക്രൂ ജീവനക്കാരെയും ജോലിക്കെടുക്കുന്നത് ഇന്‍ഡിഗോ നിര്‍ത്തിവെച്ചിരുന്നു.
ഇതെല്ലാം ഇന്‍ഡിഗോ സര്‍വീസുകള്‍ തടസപ്പെടാന്‍ കാരണമായി. ഇതിന് പിന്നാലെ ഇന്‍ഡിഗോയ്ക്ക് ഡിജിസിഎ രണ്ടാമത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. അതേസമയം, റീഫണ്ട് സംബന്ധിച്ച് ഇന്‍ഡിഗോയ്ക്ക് അനുവദിച്ചിരുന്ന സമയം ഇന്ന്, ഇന്ന് രാത്രി എട്ട് മണിയോടെ അവസാനിക്കും.












Click it and Unblock the Notifications