രക്തസാക്ഷി സിപിഎമ്മിന് പണം കായ്ക്കുന്ന മരം... ഈരാറ്റുപേട്ട അവിശ്വാസത്തില്‍ വിമര്‍ശനവുമായി രാഹുല്‍
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എസ്ഡിപിഐയുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. യുഡിഎഫിനെതിരായ നീക്കത്തിന് എസ്ഡിപിഐയുടെ പിന്തുണ തേടിയ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം എടുത്തുപറഞ്ഞാണ് രാഹുലിന്റെ വിമര്‍ശനം.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന എസ്ഡിപിഐയുടെ പിന്തുണ വാങ്ങാന്‍ എങ്ങനെ സിപിഎമ്മിന് സാധിച്ചു എന്നാണ് രാഹുല്‍ ചോദിക്കുന്നത്. കെഎം മാണിയെ കോഴമാണിയെന്ന് വിളിച്ച് അപമാനിച്ചു. പിന്നീട് വിശുദ്ധനാക്കുകയും ചെയ്തു. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണ വാങ്ങുന്നു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പിസി ജോര്‍ജിന്റെ ജനപക്ഷത്തിന്റെ പിന്തുണ തേടുന്നു. റാന്നിയില്‍ ബിജെപിയുടെ പിന്തുണയിലും ഭരിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്ന പ്രത്യേകതരം പാര്‍ട്ടിയാണ് സിപിഎം എന്നാണ് രാഹുലിന്റെ പരിഹാസം.

മുസ്ലിം ലീഗിലെ സുഹറ അബ്ദുല്‍ ഖാദറായിരുന്നു ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇവര്‍ക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 15 അംഗങ്ങളുടെ പിന്തുണയോടെ പാസായി. 28 സീറ്റുകളാണ് നഗരസഭയിലുള്ളത്. എസ്ഡിപിഐയുടെ അഞ്ച് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. കോണ്‍ഗ്രസ് വിമത അല്‍സിന പരീക്കുട്ടി പ്രമേയത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഇനി ഭരണം ആര്‍ക്ക് ലഭിക്കുമെന്നാണ് അറിയേണ്ടത്. യുഡിഎഫും എല്‍ഡിഎഫും ഭരണം പിടിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഈ സംഭവത്തെ വിമര്‍ശിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....
നിങ്ങളറിഞ്ഞോ സി പി എം ഈരാറ്റുപേട്ടയിൽ നടത്തിയ വിപ്ലവ പോരാട്ടം?
കെ.എം മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സി പി എം ഇതാ വട്ടവടയിൽ നിന്നും 185 കിലോമീറ്റർ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരുന്നു.
ഈരാറ്റുപേട്ടയിൽ നിന്നും ഏറെ അകലെയല്ലാത്ത മഹാരാജാസിൽ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ "ഒക്കച്ചങ്ങായിയായി " മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ ഹൃദയ ശൂന്യർക്ക് മാത്രമേ സാധ്യമാവൂ.
കവലകൾ തോറുമുള്ള ചുമരുകളിൽ വർഗ്ഗീയത തുലയട്ടെ യെന്ന് എഴുതുമ്പോൾ അറിഞ്ഞില്ല രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു സി.പിഎമ്മിനെന്ന്.
വട്ടവടയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നോവിപ്പോഴും കേരളം മറന്നിട്ടില്ല. നാൻ പെറ്റ മകനേയെന്ന് വിതുമ്പിക്കരഞ്ഞ അമ്മയോടെങ്കിലും അൽപം കരളലിവുണ്ടെങ്കിൽ സി പി എം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ലായിരുന്നു.
അതെങ്ങനെ, ഇരട്ടത്താപ്പല്ലാണ്ടൊരു രാഷ്ട്രീയം അവർക്കില്ലല്ലോ! ഇരാറ്റുപേട്ട നഗരസഭയ്ക്ക് തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ CPIM ഭരിക്കുന്നത് പി സി ജോർജ്ജിന്റെ പിന്തുണയിലും, കുറച്ചു മാറി റാന്നിയിൽ BJP പിന്തുണയിലും ഭരിക്കുന്ന ഒരു പ്രത്യേക തരം പാർട്ടിയാണ് CPIM....












Click it and Unblock the Notifications