കൊടുത്തത് ഇരട്ടിയായി തിരിച്ച് തരുന്ന ഏറ്റുമാനൂരപ്പന്‍: കണ്ണ് രോഗത്തിന് ദിവ്യഔഷധമായ മഷിയും പിന്നെ കെടാവിളക്കും
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഭക്തമാരോട് പ്രത്യേകിച്ച് പറയേണ്ടകാര്യമില്ല. എട്ട് ദിക്ക് പാലകരും ഒരു പോലെ തൊഴുന്ന ഉഗ്രമൂർത്തിയായാണ് ഏറ്റുമാനൂരപ്പനെ വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തെക്കിറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന അഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും, ഏഴരപ്പൊന്നാനപ്പുറത്ത് ഭഗവാൻ എഴുന്നള്ളുന്ന ക്ഷേത്രവും ഇതുതന്നെയാണ്. ഭക്തരുടെ മനസ്സിൽ കുളിർമയും സമാധാനവും സന്തോഷവും നൽകുന്ന ഒരനുഭവമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ദർശനം.

കൊടുത്താല്‍ ഇരട്ടി തിരിച്ച് കിട്ടും
വെറും കൈയ്യോടെ വന്ന് ഏറ്റുമാനൂരപ്പനെ തൊഴരുതെന്നും മറിച്ച് ഒരു കൂവളത്തിലയെങ്കിലും ഭഗവാനു സമർപ്പിക്കണം എന്നാണ് ഇവിടുത്തെ വിശ്വാസം. കൊടുക്കുന്നതിനു ഇരട്ടിയായി ഭഗവാൻ തിരിച്ചു തരും എന്നത് കാലങ്ങളായുള്ള ഉറച്ച വിശ്വാസവുമാണ്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ വഴിപാടാണ് ബലിക്കൽപുരയിലെ വലിയവിളക്കിൽ (കെടാവിളക്കിൽ) എണ്ണ സമർപ്പിച്ചു തിരികൾ ഇടുക എന്നത്. ഭക്ത ജനങ്ങളുടെ സകലവിധ പാപങ്ങളും ഭസ്മീകരിച്ചു അവരുടെ ഹൃദയകമലങ്ങളിൽ പ്രഭാപുരം ഭഗവത് ദർശനത്തിന് എത്തുന്നവരുടെ വിശ്വാസം ഉറപ്പിച്ചു കൊണ്ട് വലിയവിളക്ക് ഘനഗംഭീരമായി നിലകൊള്ളുന്നു.
വലിയവിളക്കിൽ വന്ദിച്ച മഷിയും ഐതീഹ്യവും
ഭഗവാന്റെ ദർശനത്തിനെത്തുന്ന ഭക്ത ജനങ്ങൾ ഈ ദിവ്യ ദീപത്തെ വന്ദിച്ച ശേഷമേ ക്ഷേത്രത്തിൽ പ്രവേശിക്കുകയുള്ളൂ. ദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോൾ വലിയവിളക്കിൽ വന്ദിച്ച മഷി എടുത്ത് കണ്ണെഴുതുകയും ചെയ്യാറുണ്ട്. ഈ മഷി എല്ലാതരത്തിലുള്ള നയന രോഗങ്ങൾക്കും ദിവ്യഔഷധമാണെന്നും വിശ്വസിച്ചുപോരുന്നു.
ശ്രീകോവിലിന്റെ പണികൾ പൂർത്തിയാക്കി കലശമാടിയ ശേഷം അന്നത്തെ ക്ഷേത്ര ഭാരവാഹികൾ കാര്യവിചാരങ്ങൾ നടത്തി നിൽക്കവേ,വൃദ്ധനായ ഒരു മൂശാരി വലിയ ഒരു തൂക്കുവിളക്ക് വളരെ ബദ്ധപ്പെട്ടു അവർക്ക് അരികിലേയ്ക്ക് കൊണ്ട് വന്നു. വിഷമിച്ചു ആ വിളക്ക് അവർക്ക് മുൻപിലേക്ക് സമർപ്പിച്ചു. സാധാരണയിൽ അധികം വലിപ്പമുള്ള വിളക്ക് ആയിരുന്നു അത്.
"ഇത് എടുത്തിട്ട് ഇന്നത്തെ കരിക്കാടിയ്ക്കുള്ള വക കിട്ടാൻ തിരുവുള്ളമുണ്ടാകണം" എന്ന് മൂശാരി അപേക്ഷിച്ചു. ഇത്രയും വലിയ വിളക്ക് എന്തിന് എന്നായി ചിലർ, കലശ ദിവസം കിട്ടിയത് അല്ലേ എന്ന് ചിലർ, വാങ്ങിയാൽ നന്നായിരിക്കും എന്ന് ചിലർ. തിരുവേറ്റുമാനൂരപ്പന്റെ തിരുവുള്ളം കൊണ്ട് ആരും ബുദ്ധിമുട്ടാതെ തന്നെ ഈ വിളക്ക് കത്തിക്കൊള്ളും എന്ന് മൂശാരി പറയുകയും ചെയ്തു.
ആ അവസരത്തിൽ രുദ്രാക്ഷമാലയും കാവി വസ്ത്രവും ധരിച്ച് ശരീരമാസകലം ഭസ്മലേപനം ചെയ്തു വെളിച്ചപ്പാടിനെ പോലെ തുള്ളിയുറഞ്ഞു ഒരാൾ ക്ഷേത്രാന്തർഭാഗത്തു നിന്ന് ഇറങ്ങിവന്ന് ഈ വിളക്കെടുത്ത് ബലിക്കൽ പുരയിൽ തൂക്കി. അപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന മിന്നലും ദിഗന്തങ്ങൾ പൊട്ടുന്ന രീതിയിൽ ഇടിമുഴക്കവും ഉണ്ടായി.
അവിടെ കൂടി നിന്നവർ ഭയവിഹ്വലരായി കുറച്ചുസമയത്തേക്ക് കണ്ണുകൾ അടച്ച് ചെവികൾ പൊത്തി ഇരുന്നു പോയി. ഇടിമിന്നൽ അവസാനിച്ച് കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ആ വിളക്ക് ദിവ്യ പ്രകാശത്തോടെ ജ്വലിച്ചുകൊണ്ടിരിക്കുന്നു. വിളക്ക് കൊണ്ടുവന്ന മൂശാരിയെയും തൂക്കിയ സന്യാസിയെയും കാണ്മാനില്ല. വിളക്ക് തൂക്കിയ സന്യാസി ഏറ്റുമാനൂരപ്പൻ ആണെന്നും ഭക്തനായ മൂശാരി ഭഗവാനിൽ ലയിച്ചു എന്നും ഭഗവാന്റെ ദിവ്യശക്തി കൊണ്ട് വിളക്ക് എണ്ണയും അഞ്ചു തിരികളോടെ കത്തപ്പെട്ടു എന്നും ഭക്തർ വിശ്വസിച്ചു വരുന്നു.
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി ഇപ്പോഴും മൂശാരിപ്പറമ്പ് എന്നൊരു പുരയിടമുണ്ട്. അവിടെ ഇപ്പോഴും മൂശാരിമാർ താമസിച്ചു വരുന്നു. കലശമാടുന്ന ദിവസം ഭഗവാന് ഒരു വിളക്ക് ഇപ്പോഴും സമർപ്പിച്ചു വരുന്നു. അതിനുള്ള പണികൾ നേരത്തെ തുടങ്ങി, കലശ ദിവസം നടയ്ക്ക് വയ്ക്കുന്ന തരത്തിൽ വിളക്കിന്റെ പണികൾ പൂർത്തിയാക്കി സമർപ്പിക്കുകയാണ് പതിവ്.












Click it and Unblock the Notifications