'ദിലീപിനെ നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ സംശയിച്ചിരുന്നു, കോടതി വെറുതെ വിട്ടാലും പങ്കില്ലാതാവില്ല'; ജയശങ്കർ
അടുത്തിടെയാണ് നടൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി തിയേറ്ററുകളിൽ എത്തിയത്. ഏറെക്കാലത്തിന് ശേഷം മികച്ച അഭിപ്രായം നേടിയ സിനിമയായിരുന്നു പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു. എന്നാൽ ഈ ചിത്രത്തെ പ്രശംസിച്ച സിപിഎം ദേശീയ സെക്രട്ടറി എംഎ ബേബിയുടെ കുറിപ്പ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ബേബിക്കെതിരെ വലിയ രീതിയിൽ ചില വിഭാഗം ആളുകൾ ആഞ്ഞടിക്കുകയും പിന്നാലെ അദ്ദേഹം ഒരു വിശദീകരണം പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ അഡ്വ. എ ജയശങ്കർ. ദിലീപുമായി ചെറുപ്പം മുതലുള്ള അടുപ്പവും പിന്നീട് നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയായ ശേഷമുള്ള അകൽച്ചയും ഒക്കെ അദ്ദേഹം എടുത്തുപറയുന്നു. എബിസി ന്യൂസിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എ ജയശങ്കറിന്റെ വാക്കുകൾ
ജനപ്രിയ നായകൻ എന്നറിയപ്പെട്ടിരുന്ന നടൻ ദിലീപ് എന്റെ ഒരു അയൽവാസിയും അകന്ന ബന്ധുവുമാണ് എന്ന് പലർക്കും അറിയണമെന്നില്ല. എന്നെക്കാൾ നാലോ അഞ്ചോ വയസ് കുറവ് മാത്രമേ ദിലീപിനുള്ളൂ. ചെറുപ്പത്തിൽ ഞങ്ങൾ ഒരേ പാടത്ത് ഫുട്‍ബോൾ കളിച്ചു വളർന്ന ആളുകളാണ്. അദ്ദേഹം മുടിയൊക്കെ ഡൈ ചെയ്‌തു നടക്കുന്നത് കൊണ്ട് മനസിലാവാത്തത് ആയിരിക്കും പ്രായം.
പിന്നീട് അദ്ദേഹം താമസം അവിടെ നിന്ന് മാറ്റുകയാണ് ഉണ്ടായത്. ആദ്യം ഹരിശ്രീ എന്ന് പറയുന്നൊരു ട്രൂപ്പിൽ ചേർന്ന് കലാകാരനായി, പിന്നെ കോടമ്പാക്കത്തേക്ക് പോയി. അവിടെ സഹസംവിധായകനായി മാറി. ചെറിയ വേഷങ്ങൾ ഒക്കെ ചെയ്യുന്ന നടനായും പിന്നീട് നായകനായും മാറി. ശേഷം മഞ്ജു വാര്യരെ കല്യാണം കഴിച്ചു ഇപ്പോഴത്തെ ദിലീപായി മാറി.
എന്നാൽ നടിയെ ആക്രമിച്ച കേസ് വന്നപ്പോൾ പലരും അറിയുന്നത് മുൻപ് തന്നെ എനിക്ക് ദിലീപിനെ സംശയം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കറുത്ത കൈകൾ ഈ കൃത്യത്തിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് എനിക്ക് ഉറപ്പുമുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തോടൊപ്പം നിൽക്കാൻ പറ്റാത്ത സാഹചര്യം വരികയായിരുന്നു. കാരണം ഇങ്ങനെയുള്ള ദുഷ്‌ടപ്രവർത്തികൾ ഒക്കെ ചെയ്യുന്നതിനെ ന്യായീകരിക്കാൻ കഴിയില്ല.
ഈ കേസ് പൊതുജന്യ മധ്യത്തിൽ കൊണ്ട് വരുന്നതിന് പ്രധാന പങ്ക് വഹിച്ചത് അന്നത്തെ തൃക്കാക്കര എംഎൽഎ ആയ പിടി തോമസ് ആയിരുന്നു. അദ്ദേഹം ഒരിക്കൽ അവിടെ ഗാന്ധിസ്‌തൂപത്തിന് കീഴിൽ ഒരു ഉപവാസം അനുഷ്‌ഠിച്ചു, അന്ന് ഞാനും പങ്കെടുത്തിരുന്നു ആ പരിപാടിയിൽ. അതിന് ശേഷമാണ് ദിലീപിനെ അറസ്‌റ്റ് ചെയ്യുന്നതും ജയിലിൽ അടയ്ക്കുന്നതും ഒക്കെ.
ഈ വിഷയത്തിൽ തുടക്കം മുതൽ ഇപ്പോഴും ദിലീപിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള ആളാണ് ഞാൻ. അതിൽ ഇപ്പോഴും മാറ്റമില്ല. അദ്ദേഹത്തെ കോടതി വെറുതെ വിട്ടാൽ പോലും ഈ കേസിലെ പങ്ക് ഇല്ലാതാവുന്നില്ല എന്നതാണ് കാര്യം. കാരണം കോടതി പറയുന്നത് മാത്രമല്ലോ മറ്റ് തെളിവുകളും നമുക്ക് മുൻപിൽ ഉണ്ടല്ലോ.
ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഞാനിപ്പോൾ സിനിമകൾ അങ്ങനെ കാണാറില്ല. ദിലീപും ഹരിശ്രീ അശോകനും ഒക്കെ മലയാള സിനിമയിൽ വളരെ സജീവമായ ശേഷമാണ് ഞാൻ ഈ സിനിമ കാണൽ നിർത്തിയത് എന്ന് വേണമെങ്കിൽ പറയാം. നമ്മുടെ പ്രിയങ്കരനായ എംഎ ബേബി ഈ സിനിമ കാണുകയുണ്ടായി. ആ നവാഗത സംവിധായകൻ സഖാവിനോട് സിനിമയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.
അങ്ങനെ സിനിമ അദ്ദേഹം കാണുന്നു. ശേഷം ഇത് തരക്കേടില്ലാത്ത സിനിമയാണ് എന്ന് പൊതുമധ്യത്തിൽ പ്രകടിപ്പിച്ചു. ഏതായാലും ഇത് കണ്ടപ്പോൾ നമ്മുടെ നാട്ടിൽ കൊറേ പുരോഗമന വാദികൾ രംഗത്ത് വന്നു. എംഎ ബേബി ചെയ്‌തത് തെറ്റായിപ്പോയി എന്ന് പറഞ്ഞു പ്രശ്‌നമുണ്ടാക്കി. ബേബി സഖാവും നടുങ്ങിപ്പോയി. ദിലീപിന്റെ സിനിമ ആണെന്ന് ഞാൻ ഓർത്തില്ലെന്ന് പുള്ളി പറഞ്ഞു. അശ്വന്ത് കോക്ക് എന്ന പേരുള്ള ഒരു ഫാൽഗുണൻ ഉണ്ട്, അയാളെ പോലെ റിവ്യൂ നടത്തുന്ന ആളല്ല ബേബി എന്ന് പറഞ്ഞുകൊണ്ട് മദൂദി ചാനൽ അടുപ്പ് കൂട്ടി ചർച്ച നടത്തി.
ബേബി സഖാവ് അഭിപ്രായം മാറ്റിയില്ലെങ്കിലും കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടത് ആയിരുന്നു എന്നാണ് പറഞ്ഞത്. എന്റെ സംശയം അതല്ല, മോശപ്പെട്ട കേസിൽ പെട്ടയാളാണ് ദിലീപ് എന്നത് ശരി തന്നെ. എന്നാൽ സിനിമയിൽ ദിലീപ് മാത്രമല്ലലോ ഉള്ളത്, അദ്ദേഹത്തിന് വിലക്കുണ്ടോ.. ഈ സിനിമയെ ആക്ഷേപിക്കുന്നതിൽ എന്താണ് അർത്ഥമുള്ളത്? എംഎ ബേബിക്ക് ഒരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇവിടെയില്ലേ..ജഗതിയുടെ സിനിമ ഇവർ ബഹിഷ്‌കരിക്കുമോ? ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ മാത്രമാണ്.












Click it and Unblock the Notifications