'സ്വർണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചെന്ന് എല്ലാവർക്കും അറിയാം; ഇവിടെ സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ട്'
തൃശൂർ: ഇടതുപക്ഷത്തേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടാണെന്നും ഇവിടെ അഴിമതിയും അക്രമവും സ്വജനപക്ഷപാതവും നടപ്പാക്കാൻ ഇരുവരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. തൃശൂരിൽ 'സ്ത്രിശക്തി മോദിക്കൊപ്പം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ശബരിമല, തൃശൂർ പൂരം, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. മോദിയുടെ വാക്കുകളിലേക്ക്- 'ഇന്ത്യ മുന്നണി ഉണ്ടാക്കി ഞങ്ങളുടെ ആശയങ്ങളിൽ ഒരു വ്യത്യാസവുമില്ലെന്ന് ഇടതുപക്ഷവും കോൺഗ്രസും പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് അത് വ്യക്തമായി മനസിലായിരിക്കുകയാണ്. കേരളത്തിന്റെ വികസനം ബിജെപിയിലൂടെയേ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും ഇന്ത്യ മുന്നണിയെ ബിജെപി പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.

ബിജെപി സർക്കാർ സംസ്ഥാനങ്ങളുടെ വികസത്തിലൂടെ രാജ്യത്ത് വികസനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. നാട്ടിൽ പുതിയ റെയിൽവേ, വിമാനത്താവളങ്ങൾ, റോഡുകൾ എല്ലാം നിർമ്മിക്കുന്നു. എന്നാൽ ഇന്ത്യ മുന്നണി സർക്കാർ മോദി വിരോധത്തിന്റെ പേരിൽ ഇവിടെ അതൊന്നും നടപ്പാക്കാൻ അനുവദിക്കുന്നില്ല. ഇവിടേ കേരളത്തിൽ കൊള്ള നടത്താനുള്ള സ്വാതന്ത്ര്യമാണ് അവർക്ക് വേണ്ടത്. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാം. ആരുടെ മുന്നിലും അത് ഒളിച്ചുവെക്കേണ്ടതില്ല. കേന്ദ്ര സർക്കാർ നൽകുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് ഇവർ ആഗ്രഹിക്കുന്നത്. കണക്ക് ചോദിക്കുമ്പോൾ ഇവർ കേന്ദ്രപദ്ധതികൾക്ക് തടസം നിൽക്കുകയാണ്.
ഇന്ത്യ മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. തൃശൂർ പൂരം സംബന്ധിച്ചുപോലും രാഷ്ട്രീയക്കളിയാണ് നടക്കുന്നത്. ശബരിമലയിലെ കുത്തഴിഞ്ഞ അവസ്ഥ ഏറെ വിഷമമുണ്ടാക്കി. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇതെല്ലാം തെളിയിക്കുന്നത്. എല്ലാവരുടെയും വിശ്വാസങ്ങളെയും ബിജെപി ആദരിക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, ക്രൈസ്തവർക്ക് വലിയ ജനസംഖ്യ ഉള്ള സംസ്ഥാനങ്ങളിൽ പോലും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർക്കും പണ്ഡിതൻമാർക്കും ക്രിസ്മസിനോട് അനുബന്ധിച്ച് വിരുന്ന് നൽകാൻ സാധിച്ചു. മതമേലധ്യക്ഷൻമാർ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു. അവരുടെ അനുഗ്രഹം എനിക്ക് ലഭിച്ചു'-മോദി പറഞ്ഞു.
ബി ജെ പി സർക്കാരിന്റെ വികസന നേട്ടങ്ങളും 41 മിനിറ്റ് നീണ്ട് നിന്ന പ്രസംഗത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചു. 'മോദിയുടെ ഗ്യാരന്റി' എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടായിരുന്നു പത്ത് വർഷത്തിന്റെ സർക്കാരിന്റെ പ്രവർത്തനങ്ങൾ മോദി അക്കമിട്ട് സംസാരിച്ചത്.












Click it and Unblock the Notifications