വയനാട് വിട്ട് രാഹുല്‍ ഗാന്ധി മടങ്ങുമോ? റായ്ബറേലി നെഹ്രു കുടുംബത്തിന്റെ തട്ടകം, സാധ്യതകള്‍ ഇങ്ങനെ
വയനാട് മണ്ഡലത്തിന് പുറമെ ഉത്തര്‍ പ്രദേശിലെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ വ്യത്യസ്തമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജയം ഉറപ്പാണ്. 2019ല്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതായിരുന്നു യുഡിഎഫ് നേതൃത്വത്തിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി.
ഉത്തര്‍ പ്രദേശിലെ അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന വേളയില്‍ ഈ വിഷയം ആയുധമാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തന്ത്രപൂര്‍വം മൗനം പാലിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും ജയിച്ചാല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

കോണ്‍ഗ്രസിന്റെ തട്ടകമാണ് റായ്ബറേലി ലോക്‌സഭാ മണ്ഡലം. ഇന്ദിരഗാന്ധിയും ഭര്‍ത്താവ് ഫിറോസ് ഗാന്ധിയും മകന്‍ രാജീവ് ഗാന്ധിയും മല്‍സരിച്ച് ജയിച്ച മണ്ഡലമാണിത്. ഇടക്കാലത്ത് നെഹ്രു കുടുംബവുമായി ബന്ധമുള്ള അരുണ്‍ നെഹ്രു രണ്ട് തവണ ജയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ 1.60 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ റായ്ബറേലിയില്‍ പ്രിയങ്ക എത്തുമെന്നായിരുന്നു പ്രചാരണം.
കുടുംബ വാഴ്ച ബിജെപി പ്രചാരണ ആയുധമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണത്രെ പ്രിയങ്ക ഗാന്ധി പിന്മാറിയത്. അമേഠി മണ്ഡലം കോണ്‍ഗ്രസിന് അത്ര സുരക്ഷിതമല്ല എന്നാണ് വിലയിരുത്തല്‍. ഇവിടെയുള്ള നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് സ്വാധീനമുണ്ട്. ഈ സാഹചര്യമാണ് റായ്ബറേലി മണ്ഡലം രാഹുല്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഇവിടെയുള്ള ഏഴില്‍ അഞ്ച് സീറ്റിലും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എസ്പിയുടെ കൈവശമാണ്.
സോണിയ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ കേന്ദ്ര ബിന്ദുവാകുന്നതിന് രാഹുല്‍ യുപിയില്‍ മല്‍സരിക്കണമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റും. വയനാടും റായ്ബറേലിയും രാഹുല്‍ ഗാന്ധി ജയിച്ചാല്‍ ദേശീയ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് വയനാട് മണ്ഡലം അദ്ദേഹം കൈവിടാനാണ് സാധ്യത.
അങ്ങനെ സംഭവിച്ചാല്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. രണ്ടിടത്തും രാഹുല്‍ ജയിച്ചാല്‍ വയനാടിനെ അദ്ദേഹം കൈവിടുമെന്ന് എല്‍ഡിഎഫ് വയനാട്ടില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ മണ്ഡലത്തോടുള്ള ഇഷ്ടം എപ്പോഴും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്നതാണ് വസ്തുത. വയനാട്ടില്‍ വരുമ്പോള്‍ വീട്ടിലെത്തുന്ന പ്രതീതിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥികളെ പരിഗണിച്ചേക്കാം. നിലവില്‍ കേരളത്തില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ മാത്രമാണ് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്. മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വയനാട്. രാഹുല്‍ മല്‍സരിക്കില്ലെങ്കില്‍ ഈ സീറ്റ് വേണമെന്ന് സീറ്റ് വിഭജന വേളയില്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മുസ്ലിം ലീഗ് ആവശ്യത്തില്‍ നിന്ന് പിന്മാറുകയാണ് ചെയ്തത്. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വരുമോ, ആരാകും സ്ഥാനാര്‍ഥി, മുസ്ലിം ലീഗിന് സീറ്റ് വിട്ടുകൊടുക്കുമോ, ഇടതുപക്ഷത്തിന് വേണ്ടി വീണ്ടും ആനി രാജ എത്തുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ ഇനി അന്തരീക്ഷത്തില്‍ നിറയും.












Click it and Unblock the Notifications