പാതി ടെന്‍ഷന്‍ കുറഞ്ഞു... മണാലിയില്‍ നിന്ന് ജംഷീദ് വിളിച്ചിരുന്നു; അവര്‍ പുറപ്പെട്ടുവെന്ന് പിതാവ്
മലയിടിച്ചിലും കുത്തിയൊഴുകുന്ന പുഴയും ശക്തമായ കാറ്റുമെല്ലാമായി പ്രകൃതി ഭീകര താണ്ഡവമാടിയ മണാലിയിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ തെളിയുമ്പോള്‍ ഷാഹുലിന്റെ നെഞ്ച് പിടയുകയായിരുന്നു. മകന്‍ ജംഷീദും ഭാര്യയും മക്കളും ആഹ്ലാദത്തോടെയുള്ള വീഡിയോ ആണ് മണാലിയില്‍ എത്തിയ ഉടനെ അയച്ചു തന്നത്. എന്നാല്‍ പിന്നീട് കാലാവസ്ഥ മാറി. പ്രളയസമാന സാഹചര്യമായി. ഫോണില്‍ ബന്ധപ്പെടാന്‍ പോലും സാധിക്കാതെ വന്നു.
ഈ മാസം അഞ്ചിനാണ് യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്ന് ജംഷീദും സുഹൃത്തും കുടുംബാംഗങ്ങളുമൊത്ത് ഡല്‍ഹിയിലെത്തിയത്. ആഗ്ര ഉള്‍പ്പെടെയുള്ള ചരിത്ര-വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അവര്‍ മണാലിയിലേക്ക് പുറപ്പെട്ടു. ഗള്‍ഫില്‍ നിന്ന് ബുക്ക് ചെയ്തതു പ്രകാരമായിരുന്നു യാത്ര. മണാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് തിരിക്കാമെന്നായിരുന്നു പ്ലാന്‍.

(ജംഷീദും സുഹൃത്തും കുടുംബാംഗങ്ങളും- മണാലിയിലേക്ക് പുറപ്പെടും മുമ്പ് ഡല്‍ഹിയില്‍ നിന്നുള്ള ചിത്രം)
ജംഷീദിനും കുടുംബത്തിനും എന്താണ് സംഭവിച്ചതെന്ന് പിതാവ് തിരൂര്‍ ആലത്തിയൂരിനടുത്ത പൂഴിങ്ങുന്നത്തെ ഷാഹുല്‍ വണ്‍ ഇന്ത്യ മലയാളത്തോട് വിശദീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ജംഷീദും കുടുംബവും ഹിമാചല്‍ പ്രദേശിലെ മണാലിയിലെത്തിയത്. വെട്ടം സ്വദേശിയായ സുഹൃത്തും കുടുംബവും അവരോടൊപ്പമുണ്ട്. രണ്ടു പേരും റാസല്‍ഖൈമയിലാണ് ജോലി ചെയ്യുന്നത്.
ഞായറാഴ്ച വീഡിയോ കോള്‍ ചെയ്തിരുന്നു. താമസിക്കുന്ന ഹോട്ടലും പരിസര പ്രദേശങ്ങളുമെല്ലാം കാണിച്ചുതന്നിരുന്നു. പിന്നീടാണ് കാലാവസ്ഥ മാറിയത്. ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെട്ടു, വീഡിയോ കോളില്‍ ശ്രദ്ധയില്‍പ്പെട്ടിരുന്ന മണാലിയിലെ സുരഭി ഹോട്ടല്‍ അധികൃതരെ വിളിച്ചു, ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഹെല്‍പ്പ് ലൈനിലും കേരള ഹൗസിലും ബന്ധപ്പെട്ടു...
ആശങ്ക തീരാതെ ഒന്നിന് പിറകെ ഒന്നായി ഷാഹുല്‍ ശ്രമിച്ചുകൊണ്ടിരുന്നു. മകന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്നറിയാന്‍ അദ്ദേഹം പലവഴികളും തേടി. സുരഭി ഹോട്ടലിന്റെ മുതലാളിയെ ഫോണില്‍ കിട്ടി. അദ്ദേഹം ഛത്തീസ്ഗഡിലായിരുന്നു. ഭയപ്പെടേണ്ട എന്ന മറുപടിയാണ് കിട്ടിയത്. പിന്നീടാണ് സര്‍ക്കാരിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ടത്. സൈന്യത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു അവരുടെയും പ്രതികരണം.
എങ്കിലും മകന്റെ അവസ്ഥ എന്ത് എന്ന് അറിയാത്തതിനാല്‍ മറ്റു വഴികള്‍ തേടി. തിങ്കളാഴ്ച കേരള ഹൗസില്‍ വിളിച്ചു നോക്കി. മകന്റെയും കുടുംബത്തിന്റെയും ഒപ്പമുള്ളവരുടെയും വിവരങ്ങളെല്ലാം നല്‍കി. ശേഷം നോര്‍ക്ക പ്രതിനിധിയെ ബന്ധപ്പെട്ടു. എല്ലാവരും ആശ്വസിപ്പിച്ചെങ്കിലും എവിടെയാണ് മകനും കുടുംബവും ഉള്ളതെന്ന് മാത്രം അറിയാന്‍ സാധിച്ചില്ല.

(ജംഷീദും കുടുംബവും)
ഇന്ന് രാവിലെ ആറ് മണിക്ക് ആശ്വാസമായി ജംഷീദിന്റെ ഫോണ്‍ വന്നു. വൈദ്യുതി ബന്ധം നഷ്ടമായത് കാരണം ഫോണ്‍ ഓഫായിരുന്നു. കാലാവസ്ഥയില്‍ മാറ്റമുണ്ട്. ഡല്‍ഹിയിലേക്ക് വൈകാതെ പുറപ്പെടുമെന്നും മകന്‍ പറഞ്ഞു. കുറച്ച് നേരം മാത്രമാണ് സംസാരിച്ചത്. മക്കയില്‍ നിന്നെത്തിയ നാല് അറബികള്‍ മണാലിയിലുണ്ട്. കൂടാതെ കണ്ണൂര്‍ സ്വദേശികളായ 16 പേരും. എല്ലാവരും പല വാഹനങ്ങളിലായി ഡല്‍ഹിയിലേക്ക് പുറപ്പെടുകയാണ് എന്നാണ് ജംഷീദ് പറഞ്ഞത്.
റോഡുകള്‍ പലയിടത്തും ഒലിച്ചുപോയിട്ടുണ്ട്. ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ യാത്രയില്‍ തടസം നേരിടുന്നുണ്ട് എന്ന് മകന്‍ ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ പറഞ്ഞുവെന്നും ഷാഹുല്‍ സൂചിപ്പിച്ചു. കുളുവിലെത്തിയ ശേഷവും വിളിച്ചിരുന്നു. ഇന്ന് രാത്രി ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെടും.
നേരത്തെ ബുക്ക് ചെയ്ത പ്രകാരം ഇന്ന് വൈകീട്ട് ഡല്‍ഹി-കൊച്ചി വിമാനത്തില്‍ നാട്ടിലെത്തേണ്ടതായിരുന്നു ജംഷീദും കൂടെയുള്ളവരും. മകന് കുഴപ്പമില്ല എന്നറിഞ്ഞ സന്തോഷത്തിലാണ് ഷാഹുലും വീട്ടുകാരും. ഡല്‍ഹിയിലും കാലാവസ്ഥ മോശമായതിനാല്‍ മകന്‍ നാട്ടിലെത്തുംവരെ ആധി ഒഴിയില്ലെന്ന് ഷാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മണാലിയില്‍ കുടുങ്ങിയ തൃശൂരില്‍ നിന്നുള്ള ഹൗസ് സര്‍ജന്മാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ രണ്ടു ഡോക്ടര്‍മാരെ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് പോലീസ് മേധാവിയുമായി കേരള ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെ സംഘം സുരക്ഷിതമാണെന്നും എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications