പിതാവ് വീടിന് മണ്ണെണ്ണ ഒഴിച്ച് തീയിട്ട സംഭവം; പൊള്ളലേറ്റ മകനും പേരക്കുട്ടിയും മരിച്ചു
പിതാവിന്റെ ആക്രമണത്തിൽ മകനും പേരക്കുട്ടിയും മരിച്ചു. തൃശ്ശൂര്‍ ചിറക്കേക്കോട് സ്വദേശി ജോണ്‍സന്റെ മകന്‍ ജോജി(38) മകന്‍ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി (32) ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.
വ്യാഴാഴ്ച പുലർച്ചെയാണ് സെക്യൂരിറ്റി ജീവനക്കാരനായ ജോൺസൺ മകനേയും കുടുംബത്തേയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ജോൺസൺ മകനേയും കുടുംബത്തേയും തീകൊളുത്തിയത്.നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ജോജിയേയും കുടുംബത്തേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചത്. അതേസമയം സംഭവത്തിന് പിന്നാലെ ജോൺണും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളേയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. തൃശ്ശൂരില്‍ ചികിത്സയിലുള്ള പ്രതി അപകടനില തരണം ചെയ്തതായാണ് വിവരം.
കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ജോൺസണു മകനും തമ്മിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിരുന്നു. മുൻപ് വഴക്കിനെ തുടർന്ന് ജോജി കുടുംബസമേതം മറ്റൊരു വീട്ടിലേക്ക് മാറിയിരുന്ന. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് മധ്യസ്ഥം പറഞ്ഞാണ് ഇവർ കുടുംബ വീട്ടിലേക്ക് തിരികെ എത്തിയത്.
അതേസമയം മകനേയും കുടുംബത്തേയും ആസൂത്രിതമായിട്ടാണ് ജോൺസൺ ഇല്ലാതാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. തീയിടുന്നതിന് മുൻപ് തന്നെ ഇയാൾ വീട്ടിലെ മോട്ടർ കേടാക്കിയിരുന്നത്രേ. ബഹളം കേട്ട് അയൽവാസിയായ യുവാവ് എത്തിയപ്പോൾ ജോൺസൺ ഇയാളെ തള്ളി മാറ്റി. ഇതോടെ ഇയാൾ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് മോട്ടറും കേടാക്കിയ വിവരം അറിയുന്നത്. തുടർന്ന് സമീപത്തുള്ള കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്തപ്പോഴേക്കും ജോജിക്കും കുടുംബത്തിനും 90 ശതമാനവും പൊള്ളലേറ്റിരുന്നു.












Click it and Unblock the Notifications