'നജീം കോയയുടെ മുറിയിലെ റെയ്ഡിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന'; എക്‌സൈസിനെതിരെ ഫെഫ്ക
കൊച്ചി: സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. തിങ്കളാഴ്ച രാത്രിയായിരുന്നു നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഉത്തരവാദിത്തമുള്ള അന്വേഷണ ഏജന്‍സിയെ ആരോ വഴിതെറ്റിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
'നജീം കോയയെ കുടുക്കാന്‍ ശ്രമിച്ചവരെ വെളിച്ചത്തുകൊണ്ടുവരും വരെ പ്രതിഷേധിക്കും. ഈ വിഷയം എക്‌സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. നജീം ഇപ്പോള്‍ ഒരു വെബ് സീരീസ് സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്'

'രണ്ടു ദിവസം മുന്‍പ് ജോലി കഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങുമ്പോള്‍ നജിം തന്റെ സ്‌പോട്ട് എഡിറ്ററെ വിളിപ്പിച്ചിരുന്നു. ഹോട്ടലില്‍ എത്തുമ്പോള്‍ അവിടെ ചിലര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ജോഷി സാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രവര്‍ത്തകരും ആ ഹോട്ടലില്‍ത്തന്നെ താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ വന്നത് നജീം കോയയുടെ മുറിയിലേക്ക് മാത്രം'
' ഈ സമയത്ത് നജീമിന് ഒപ്പമുണ്ടായിരുന്ന അസോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയില്‍ നിന്ന് പുറത്താക്കി. ഇതിന് ശേഷം വലിയ ഒരു സംഘം അകത്ത് കയറി മുറി പൂട്ടി. 20 പേരുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ അറിയിച്ചത് എക്സൈസിന്റെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് എന്നാണ്. കയറിയ പാടെ സാധനം എടുക്കടാ എന്നാണ് പറഞ്ഞത്. റെയ്ഡ് രണ്ട് മണിക്കൂറോളം നടന്നു. മുറിയിലെ കര്‍ട്ടനും തലയിണയും വരെ പരിശോധിച്ചു'.
'പ്രൊഡക്ഷന്‍ നല്‍കിയ കാര്‍ വരെ പരിശോധിച്ചു. എന്നിട്ടും അവര്‍ ഉദ്ദേശിച്ചതൊന്നും കിട്ടിയില്ല. ഒന്നും കിട്ടിയില്ലെന്ന് അവര്‍ ആരെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കാമെന്ന് വരെ നജീം പറഞ്ഞു. ലഹരി ഉപയോഗിക്കാത്ത ഒരാളെ മാത്രം എന്തുകൊണ്ട് പരിശോധന നടത്തി, ഏതോ പരാതിയുടെ പേരിലാണ് റെയ്ഡ് നടന്നത്. മാനസികമായി തകര്‍ന്ന നജിം പിറ്റേദിവസം എന്നെ വിളിച്ചു സംസാരിക്കുകയായിരുന്നു'
ഒരു വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ വന്നതെന്നാണ് അവര്‍ പറഞ്ഞത്. റെയ്ഡിന് വന്നത് ഇതിലെ ടോപ്പ് ആളുകളാണ്. ടിപ്പ് എവിടെ നിന്നു കിട്ടി എന്നതു പറയണ്ട. പക്ഷേ ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്'- ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. അതേസമയം, സിനിമ മേഖലയിലെ ലഹരി ഉപയോഗം കണ്ടെത്താന്‍ ഷാഡോ പൊലീസിനെ നിയോഗിക്കാനുള്ള കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശത്തെയും ഉണ്ണികൃഷ്ണന്‍ എതിര്‍ത്തു.
സിനിമ മേഖലയെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന നടപടി പാടില്ലെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് പല്ല് പൊടിയുന്ന ആള്‍ ആരാണെന്ന് ടിനി ടോം എക്‌സൈസിനോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി ഉണ്ണിക്കൃഷ്ണന്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ നജീം കോയയും ഉണ്ടായിരുന്നു.












Click it and Unblock the Notifications