കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി മാഫിയകള്‍ക്കെതിരായ പോരാട്ടം കാമ്പയിനുകളില്‍ ഒതുങ്ങുന്നു; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: ലഹരി മാഫിയകള്‍ക്കെതിരായ പോരാട്ടം വെറും കാമ്പയിനുകളില്‍ ഒതുങ്ങുന്നതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലഹരി എത്തുന്ന വഴികള്‍ കണ്ടെത്താനോ കണ്ണികള്‍ മുറിക്കാനോ സാധിക്കുന്നില്ല. ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെയാണ് ലഹരി മാഫിയകള്‍ അഴിഞ്ഞാടുന്നത്. ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയില്‍ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. മാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന കണ്ടുപിടുത്തത്തിലേക്ക് നിയമസഭ മാറിയിരിക്കുകയാണ്. അത് അംഗീകരിക്കാനാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

vd

ലഹരി മാഫിയയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഞെട്ടിക്കുന്ന അക്രമസംഭവങ്ങളും സ്ത്രീപീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന നിലയിലാണ് ഓഗസ്റ്റ് 31- ന് ലഹരി മരുന്ന് വിഷയം സംബന്ധിച്ച അടിയന്തിര പ്രമേയം കൊണ്ടുവന്നത് പ്രതിപക്ഷമാണ്. നിയമസഭയിലെ ചര്‍ച്ചയെ തുടര്‍ന്ന് പ്രഖ്യാപിച്ച കാമ്പയിന് പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷം നല്‍കിയത്. അത് ഇനിയും തുടരും.

മലയിന്‍കീഴില്‍ ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അയാള്‍ നടത്തിയ ലഹരി കച്ചവടവും സ്ത്രീ പീഡനങ്ങളും ഉള്‍പ്പെടെ മുഴുവന്‍ തെളിവുകളും പൊലീസിന്റെ കയ്യിലുണ്ട്. ഇയാളുടെ ഫോണില്‍ നിന്നും മുപ്പതോളം സ്ത്രീകളുമായുള്ള അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ആറു വര്‍ഷം മുന്‍പ് ഇതേ പ്രതി അയല്‍വാസിയായ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ അശ്ലീല സൈറ്റില്‍ നല്‍കി. പരാതി നല്‍കാന്‍ പോയപ്പോള്‍ ഡി.വൈ.എഫ്.ഐ ഭീഷണിപ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ ഇത്രയും കാലം പാര്‍ട്ടി കൊണ്ടു നടന്നെന്നും സ്ത്രീ സുരക്ഷ നടപ്പാക്കേണ്ട യുവജന പ്രസ്ഥാനങ്ങള്‍ ഇങ്ങനെ അധപതിക്കുന്നത് ലജ്ജാവഹമാണെന്നും കുറ്റപ്പെടുത്തി ആ സ്ത്രീ ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. പാര്‍ട്ടി സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് പ്രതി ഈ കുഴപ്പങ്ങളൊക്കെ കാട്ടിയത്.

അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെയാണ് ലഹരി മാഫിയ കാരിയറാക്കി മാറ്റിയത്. വീട്ടുകാര്‍ പരാതിയുമായി ചെല്ലുമ്പോള്‍ സ്റ്റേഷന് ചുറ്റും ലഹരി മാഫിയാ സംഘങ്ങളായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ലഹരിവിരുദ്ധ കാമ്പയിനെ കുറിച്ച് പൊലീസുകാര്‍ക്ക് വിവരമൊന്നുമില്ലേ? ആദ്യം കുട്ടിയ പറഞ്ഞുവിട്ട പൊലീസ് പിന്നീട് പീഡനത്തിന് മാത്രമാണ് കേസെടുത്തത്.

മേപ്പാടിയിലെ വിഷയം പ്രതിപക്ഷം പറയാന്‍ പാടില്ലെന്ന നിലപാടിലാണ് സര്‍ക്കാരും മന്ത്രിയും. 23 വര്‍ഷത്തിന് ശേഷമാണ് മേപ്പാടി പോളിടെക്നിക്കില്‍ കെ.എസ്.യു വിജയിച്ചത്. അതാണ് അവിടുത്തെ പ്രശ്നം. കാമ്പസില്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണു ഉള്‍പ്പെടെ രണ്ടു പേരെ പ്രിന്‍സിപ്പല്‍ ഇന്നലെ പുറത്താക്കി. പണ്ട് നാട്ടില്‍ സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്നവരാണ് ലഹരി ഉപയോഗത്തിന് നേതൃത്വം നല്‍കുന്നതെന്നും അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നുമാണ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന എസ്.എഫ്.ഐ നേതാവ് അപര്‍ണ ഗൗരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അവിടെ ഒരു കെ.എസ്.യുക്കാരനും മയക്ക്മരുന്നുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ല. മന്ത്രി ഇതേക്കുറിച്ച് പറയുമ്പോള്‍ മറുപടി പറയാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്.

മയക്ക്മരുന്ന് കാമ്പയിന്റെ രക്തസാക്ഷികളായി തലശേരിയില്‍ രണ്ട് സി.പി.എമ്മുകാര്‍ കൊലചെയ്യപ്പെട്ടു. മയക്ക് മരുന്ന് സംഘാംഗങ്ങളായ കൊലയാളികളും സി.പി.എമ്മുകാരാണ്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ ഒന്നാം പ്രതിയാണ് ഈ കേസും ഒന്നാം പ്രതി. തലശേരിയിലെ മയക്ക് മരുന്ന് സംഘത്തിന് നേതൃത്വം നല്‍കുന്നതും സി.പി.എമ്മാണ്. കൊച്ചിയില്‍ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തിന് സമ്മാനം സ്പോണ്‍സര്‍ ചെയ്ത സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗവും ലഹരി മരുന്ന് കേസില്‍ പെണ്‍വാണിഭത്തിലും ഉള്‍പ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. അയാള്‍ ഇതൊക്കെയാണ് ചെയ്തുകൊണ്ടിരുന്നതെന്ന് പാര്‍ട്ടിക്കും അറിയാമായിരുന്നു.

കൊല്ലത്ത് എ.ഐ.എസ്.എഫുകാരെ മര്‍ദ്ദിച്ചതിന് പിന്നിലും മയക്കുമരുന്ന് സംഘമാണ്. അതിപ്പോള്‍ സി.പി.ഐ- സി.പി.എം പ്രശ്നമായി മാറിയിരിക്കുകയാണ്. പത്താനാപുരത്തെ നരബലിക്ക് പിന്നിലും മയക്ക്മരുന്ന് ഉപയോഗമുണ്ടായിരുന്നു. അതിലെ ഒന്നും രണ്ടും പ്രതികളും സി.പി.എമ്മുകാരാണ്. പല സ്ഥലത്തും പ്രദേശിക പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയിലാണ് ലഹരി മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം പ്രതിപക്ഷത്തിന് പറയാതിരിക്കാനാകില്ല. ലഹരി മാഫികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ പിന്തുണ നല്‍കുന്നതും അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ പോലും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് മന്ത്രി ഉള്‍പ്പെടെയുള്ള ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. എല്ലാം മറച്ചുവയ്ക്കണമെന്നാണ് ഭരണപക്ഷം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം നേതാവിന്റെ പ്രസംഗം തടസപ്പെടുത്തിയത്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലില്‍ പ്രതിപക്ഷം നിലപാട് മാറ്റിയെന്ന തരത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചത് മന്ത്രിയാണ്. യു.ജി.സി നോട്ടിഫിക്കേഷനില്‍ കൊണ്ടുവന്ന ലീഗല്‍ ഒബ്ജക്ഷന്‍ നിലനില്‍ക്കില്ലെന്ന് ഒന്നരമണിക്കൂര്‍ മന്ത്രി വാദിക്കുകയും സ്പീക്കര്‍ തടസവാദം തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ വൈകിട്ട് നടന്ന സബ്ജക്ട് കമ്മിറ്റിയില്‍ ആ ലീഗല്‍ ഒബ്ജക്ഷന്‍ മന്ത്രി അംഗീകരിച്ചു. യു.ജി.സി നോട്ടിഫിക്കേഷന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ സബോര്‍ഡിനേറ്റ് ലജിസ്ലേഷനാണെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത്. സംസ്ഥാന നിയമത്തേക്കാള്‍ നിലനില്‍ക്കുന്നതും യു.ജി.സി നോട്ടിഫിക്കേഷനാണ്.

സര്‍ക്കാരിനേക്കാള്‍ ഗവര്‍ണറെ എതിര്‍ത്തിട്ടുള്ളത് പ്രതിപക്ഷമാണ്. ബില്ലിന് എതിരായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ബില്‍ നടപ്പായാല്‍ സര്‍വകലാശാലകള്‍ തകരും എന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. സര്‍വകലാശാല ബില്ലിനെ അടുത്തഘട്ടത്തിലും ശക്തിയായി എതിര്‍ക്കും.

അനുച്ഛേദം 177 അനുസരിച്ച് ഏത് മന്ത്രിക്കും സഭയില്‍ ആര് സംസാരിക്കുന്നതും തസപ്പെടുത്തി സംസാരിക്കാമെന്ന വിചിത്രവാദം നിയമ മന്ത്രി ഉന്നയിച്ചു. രണ്ട് സഭകളുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് ഇരു സഭകളിലെയും നടപടിക്രമങ്ങളില്‍ പങ്കെടുക്കാനുള്ള അധികാരത്തെ കുറിച്ചാണ് അനുച്ഛേദം 177 ല്‍ പറയുന്നത്. ഈ അനുച്ഛേദത്തെയാണ് മന്ത്രി വളച്ചൊടിച്ചതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

English summary
fight against drug mafias is limited to campaigns; Opposition against the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X