തൃശൂരിലെ യുവാവിന്റെ മരണം മങ്കി പോക്‌സ് ബാധിച്ച് തന്നെ, രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം
തൃശൂര്‍: രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം കേരളത്തില്‍. തൃശൂരില്‍ മരണപ്പെട്ട യുവാവിന് മങ്കിപോക്‌സ് തന്നെ ആയിരുന്നുവെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ സ്രവം ആദ്യം ആലപ്പുഴ വൈറോളജി ലാബില്‍ ആയിരുന്നു പരിശോധനയ്ക്ക് അയച്ചത്. ഈ ഫലവും പോസിറ്റീവ് ആയിരുന്നു. അതിന് ശേഷമാണ് പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
22കാരനായ യുവാവ് ഇക്കഴിഞ്ഞ 21ാം തിയ്യതിയാണ് യുഎഇയില്‍ നിന്ന് നാട്ടിലെത്തിയത്. യുഎഇയില്‍ വെച്ച് നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ജൂലൈ 31ന് പുലര്‍ച്ചെയാണ് യുവാവ് മരിച്ചത്. യുവാവിന്റെ വിശദമായ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നുണ്ട്.

നെടുമ്പാശ്ശേരിയിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ തന്നെ മങ്കിപോക്‌സ് ബാധിതനായിരുന്നു എന്നുളള സംശയം ഉണ്ടായിരുന്നു. 19ാം തിയ്യതിയും 20ാം തിയ്യതിയുമായാണ് യുഎഇയില്‍ വെച്ച് യുവാവ് മങ്കിപോക്‌സ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവ് നാട്ടിലേക്ക് പോന്നു. എന്നാല്‍ രോഗവിവരം യുവാവ് മറച്ച് വെക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം രണ്ട് ദിവസം വീട്ടില്‍ കഴിഞ്ഞു.
മങ്കിപോക്‌സിന്റെ ലക്ഷണങ്ങളായ പാടുകളൊന്നും ശരീരത്തില്‍ ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇത് കാരണം യുവാവ് പുറത്തേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. മാത്രമല്ല കൂട്ടുകാര്‍ക്കൊപ്പം പന്ത് കളിക്കുകയും ചെയ്തു. കൂടാതെ യുവാവിന്റെ വീട്ടിലേക്കും പണിക്കായി ആളുകള്‍ വന്നിരുന്നു എന്നാണ് വിവരം. കടുത്ത പനി കാരണമാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുഴഞ്ഞ് വീണ യുവാവിനെ ആദ്യം ചാവക്കാട്ടെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. യുഇഎയിലെ പരിശോധനാ ഫലം ഡോക്ടർമാർക്ക് ലഭിച്ചതോടെയാണ് മങ്കിപോക്സ് ആണ് മരണകാരണമെന്ന സംശയമുണ്ടായത്. യുവാവിന്റെ സംസ്ക്കാര ചടങ്ങുകൾ ആരോഗ്യവകുപ്പിന്റെ പ്രൊട്ടോക്കോൾ പ്രകാരമായിരുന്നു നടത്തിയിരുന്നത്.
ഒരു ചിരി ..ഒരു നോട്ടം...ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
സംഭവം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇത് പരിശോധിക്കും. എൻഐവി പൂനയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വെസ്റ്റ് ആഫ്രിക്കൻ വകഭേദമാമാണെന്നാണ് കണ്ടെത്തിയത്. കൂടുതൽ ജനിതക പരിശോധന നടത്തുന്നതാണ്. മങ്കിപോക്സ് രോഗലക്ഷണങ്ങളുള്ളവർ എല്ലാവരും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. രോഗം ആരുടേയും കുറ്റമല്ല. അത് നേരത്തെ അറിയിച്ചാൽ അതനുസരിച്ച് ചികിത്സിയ്ക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മറ്റുള്ളവർക്ക് രോഗം വരാതെ തടയാനും സാധിക്കും. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മന്ത്രി പറഞ്ഞു.
പൂനൈ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനയിലാണ് യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇദ്ദേഹം യുഎഇയിൽ നിന്നും 21നാണ് യാത്ര തിരിച്ചത്. 22ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തി. അതിന് ശേഷം അദ്ദേഹം വീട്ടിലായിരുന്നു. ഇടയ്ക്കൊരു ആശുപത്രിയിൽ പോയിരുന്നു. 27ന് പുലർച്ചെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായത്. വളരെ പെട്ടെന്ന് ഇദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു. എന്നാണ് പ്രാഥമിക റിപ്പോർട്ട്. 19ന് ദുബായിൽ നടത്തിയ പരിശോധനയുടെ ഫലം 30നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആശുപത്രിയെ അറിയിച്ചത്. ആശുപത്രി അറിയിച്ചതിനെ തുടർന്ന് ആരോഗ്യ സംഘം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. 20 പേരാണ് ഹൈറിസ്‌ക് പ്രൈമറി സമ്പർക്കപട്ടികയിലുള്ളത്. വീട്ടുകാർ, സഹായി, നാല് സുഹൃത്തുക്കൾ, ഫുട്ബോൾ കളിച്ച 9 പേർ എന്നിവരാണ് ഈ സമ്പർക്കപ്പട്ടികയിലുള്ളത്. വിമാനത്തിൽ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നില്ല. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ എസ്.ഒ.പി.യുടേയുടേയും അടിസ്ഥാനത്തിൽ രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ്. ഇതനുസരിച്ച് വിമാനത്തിലെ ഈ 165 പേരും സ്വയം നിരീക്ഷിക്കണം. എല്ലാ എയർപോർട്ടുകളിലും ആരോഗ്യ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്.ഒ.പി. രൂപീകരിച്ച് നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ സാംപിൾ പരിശോധനാ സംവിധാനവും ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications