'പ്രകൃതി വിരുദ്ധത നടപ്പിലാക്കുന്നതിനോട് വിയോജിപ്പ്'; ജെൻഡര്‍ ന്യൂട്രാലിറ്റിയില്‍ ഫാത്തിമ തെഹ്ലിയ
കൊച്ചി: ജെന്റര്‍ ന്യൂട്രാലിറ്റി ഉട്ടോപ്യാന്‍ ഫെമിനിസ്റ്റ് തിയറിയെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹ്‌ലിയ. ആ തത്വത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ലജ്ജാകരമാണെന്നും പ്രകൃതി വിരുദ്ധമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.
'നമ്മള്‍ എന്തിനാണ് ഒരു പൊതു സ്വത്വം രൂപീകരിക്കുന്നത്. ഇവിടെ വ്യത്യസ്ത സ്വത്വത്തില്‍ ജീവിക്കുന്നവരുണ്ട്. അവരെയെല്ലാം സാംശീകരിച്ച് ഒരു പ്രത്യേക സ്വത്വമാക്കി മാറ്റേണ്ടതില്ലല്ലോ. ആണ്‍കുട്ടിക്ക് ആണ്‍കുട്ടിയായും പെണ്‍കുട്ടിക്ക് പെണ്‍കുട്ടിയായും ജീവിക്കാനുള്ള അവകാശമാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടന നല്‍കുന്നത്. ഒരോ വ്യക്തിക്കും അവരുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് അവരുടെ സ്വത്വത്തെ പ്രദര്‍ശിപ്പിച്ച് ജീവിക്കാനുള്ള അനുമതി നല്‍കണം.

ജെന്റര്‍ ന്യൂട്രാലിറ്റി എന്നതില്‍ സര്‍ക്കാര്‍ ഒരു വ്യക്തത ഇതുവരേയും നല്‍കിയിട്ടില്ല.' ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.ജെന്റര്‍ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്ന കുട്ടികളെ ക്ലാസ് മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടു പോകാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മുസ്ലീം ലീഗിനും. മതത്തിനപ്പുറം ധാര്‍മികതയുടെ പ്രശ്നമാണിതെന്നും ഫാതിമ തെഹ്ലിയ പറഞ്ഞു.

വിദ്യാലയങ്ങളില്‍ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ അപകടമെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെൻഡർ ന്യൂട്രൽ എന്ന പേരിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താൻ അനുവദിക്കില്ല. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണെന്നായിരുന്നു സലാമിന്റെ പ്രസ്താവന.

ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാർഥികൾക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.ലിബറലിസത്തിൻ്റെ നിഗൂഢമായ ദുരുദ്ദേശ്യമാണ് നിർദ്ദേശത്തിനു പിന്നിൽ. ഇത് എല്ലാ മതവിശ്വാസികളുടെയും പ്രശ്നമാണ്. മതവിശ്വാസങ്ങളിൽ കാലാനുസൃത മാറ്റം എന്നൊന്നില്ല. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു.പുരുഷ വസ്ത്രം സ്ത്രീയിൽ അടിച്ചേല്പിക്കുന്നതിനു പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്മാർക്ക് സ്ത്രീകളെ ബഹുമാനിച്ചുകൂടേയെന്നും പിഎംഎ സലാം ചോദിച്ചിരുന്നു.

കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്‍റെ പ്രസംഗവും വലിയ വിവാദമായിരുന്നു. ജെൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നായിരുന്നു മുനീറിന്റെ പ്രസ്താവന. ജൻഡർ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ നിലപാടെടുത്തു. പരാമര്‍ശം ചര്‍ച്ചയായതോടെ വാക്കുകൾ വളച്ചൊടിച്ചുവെന്നാരോപിച്ച് മുനീര്‍ പിന്നാലെ രംഗത്തെത്തി.

ആതേസമയം ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ എന്താ കുഴപ്പമെന്ന് മുസ്ലീംലീഗിനെ വിമര്‍ശിച്ച് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി ചോദിച്ചിരുന്നു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിൻ്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തം ഇല്ലന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications