ഗ്രൂപ്പുകളില്‍ നിന്ന് 'ബ്രിഗേഡുകളിലേക്ക്'... കേരളത്തിൽ ഹൈക്കമാൻഡ് തന്ത്രം പാളിയതിങ്ങനെ; അടുത്തതെന്ത്
കോഴിക്കോട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് പാര്‍ട്ടിയെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഹൈക്കമാന്‍ഡ് കേരളത്തില്‍ ഇടപെട്ടത്. ഇതിന്റെ ഫലമായി വിഡി സതീശന്‍ പ്രതിപക്ഷ നേതാവും കെ സുധാകരന്‍ കെപിസിസി അധ്യക്ഷനും ആയി. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒതുക്കിക്കൊണ്ടായിരുന്നു ഈ നീക്കം.
എന്നാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി നടത്തിയ നീക്കം കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് നയിക്കുന്നത്. മുമ്പ് ഗ്രൂപ്പുകളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയമെങ്കില്‍ ഇപ്പോഴത് വ്യക്തികേന്ദ്രീകൃതമായ 'ബ്രിഗേഡു'കളിലേക്ക് മാറിയിരിക്കുകയാണ്. ഡിസിസി പുന:സംഘടനയിലൂടെ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനിറങ്ങിയ കോണ്‍ഗ്രസ് ഇപ്പോള്‍ കടുത്ത ഗ്രൂപ്പ് പോരിന്റെ കാലത്തേക്കാള്‍ ദുരിതം നിറഞ്ഞ അവസ്ഥയില്‍ ആണ്.
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

കേരളത്തിലെ കോണ്‍ഗ്രസില്‍ 'ബ്രിഗേഡ്' സംസ്‌കാരം കൊണ്ടുവന്നത് ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആണെന്ന് പറയേണ്ടിവരും. ഉമ്മന്‍ ചാണ്ടിയ്ക്കും കെ മുരളീധരനും എല്ലാം ഫാന്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരു സംഘടിത നീക്കമായി ഇത് കോണ്‍ഗ്രസില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയത് 'കെഎസ് ബ്രിഗേഡ്' എന്ന കെ സുധാകരന്‍ ബ്രിഗേഡിലൂടെ ആയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുപിറകേ തന്നെ ഇത് പ്രകടവും ആയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ തന്നെ 'കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കു' എന്ന ആഹ്വാനം ബ്രിഗേഡുകളുടെ നേതൃത്വത്തില്‍ ഉയര്‍ത്തിത്തുടങ്ങിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിലും കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ കെ സുധാകരന് വേണ്ടിയുളള ഈ സമ്മര്‍ദ്ദം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു. ഒടുവില്‍ പല ഘടകങ്ങള്‍ ചേര്‍ന്നുവന്നപ്പോള്‍ സുധാകരന്‍ കെപിസിസി അധ്യക്ഷനാവുകയും ചെയ്തു.

രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയുള്ള 'ആര്‍സി ബ്രിഗേഡ്' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. എ, ഐ ഗ്രൂപ്പുകള്‍ അല്ല കേരളത്തില്‍ ഗ്രൂപ്പ് കളിക്കുന്നത് എന്ന് വ്യക്തമാക്കാനാണ് ഇവരുടെ ശ്രമം. അതിന് വേണ്ടി കെസി വേണുഗോപാലിനേയും വിഡി സതീശനേയും നേരിടാനാണ് ആഹ്വാനം. കെസി വേണുഗോപാലും വിഡി സതീശനും പഴയ ഐ ഗ്രൂപ്പുകാര്‍ ആണെന്നതും ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം.

ബ്രിഗേഡിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും തീരെ പിറകിലല്ല. ഫേസ്ബുക്കില്‍ ഉമ്മന്‍ ചാണ്ടി ബ്രിഗേഡ് എന്ന ഗ്രൂപ്പില്‍ എഴുപത്തിരണ്ടായിരത്തിലധികം അംഗങ്ങളാണുള്ളത്. എന്നാല്‍ ഈ ഗ്രൂപ്പില്‍ മേല്‍പറഞ്ഞതുപോലെയുള്ള ചര്‍ച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള കോണ്‍ഗ്രസ് നേതാവ് എന്ന പട്ടം ഇപ്പോഴും ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെയാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍.

എ, ഐ എന്നിങ്ങനെ ആയിരുന്നു കേരളത്തിലെ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍. എ ഗ്രൂപ്പ് നയിച്ചിരുന്നത് എകെ ആന്റണിയും ഐ ഗ്രൂപ്പ് നയിച്ചിരുന്നത് കെ കരുണാകരനും. കാലക്രമേണ ഗ്രൂപ്പുകളുടെ നേതൃത്വം ഉമ്മന്‍ ചാണ്ടിയിലേക്ക് രമേശ് ചെന്നിത്തലയിലേക്കും എത്തി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ ഗ്രൂപ്പുകളുടെ കീഴിലായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എല്ലാം മാറിമറിയും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

ഗ്രൂപ്പുകള്‍ക്കപ്പുറം ബ്രിഗേഡുകള്‍ രൂപം കൊണ്ടതോടെ പല രീതികളും മാറുന്ന കാഴ്ചയാണ് കാണുന്നത്. നേരത്തേ ഗ്രൂപ്പിന് വേണ്ടിയാണ് പ്രവര്‍ത്തകരും നേതാക്കളും നിലകൊണ്ടിരുന്നത് എങ്കില്‍ ഇപ്പോഴത് വ്യക്തികളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളില്‍ പരാജയം രുചിച്ച് അധികാരം നഷ്ടപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസിന് ഇത് എന്തായാലും ഗുണം ചെയ്യില്ല എന്നുറപ്പാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ഇത്തരം ഗ്രൂപ്പുകളെ നിയന്ത്രിക്കാനും കോണ്‍ഗ്രസിന് സാധിക്കില്ല. നേതാക്കളില്‍ പലരും ഇത്തരം ഗ്രൂപ്പുകളുടെ ഗുണഫലങ്ങള്‍ പല ഘട്ടങ്ങളില്‍ അനുഭവിച്ചവരാണെന്നതും വസ്തുതയാണ്.

ഏറ്റവും ഒടുവില്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ കെ സുധാകരന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ നേതൃത്വത്തില്‍ എത്തിയാല്‍ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ബന്ധുക്കളല്ല, ശത്രുക്കളാണ് എന്നാണ് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഒരുനേതാവിനോടുള്ള സ്‌നേഹം കാണിക്കാന്‍ മറ്റുനേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും ശരിയല്ലെന്നാണ് സുധാകരന്‍ പറയുന്നത്. പാര്‍ട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നേതാക്കളെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് താക്കീത് നല്‍കുന്നുണ്ട് സുധാകരന്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇത്തരം ബ്രിഗേഡുകള്‍ക്ക് തുടക്കം കുറിച്ചത് സുധാകരന്റെ ഫാന്‍സ് തന്നെ ആയിരുന്നു എന്നതാണ് വൈരുദ്ധ്യം.

ഡിസിസി പുന:സംഘടനയാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. കെ സുധാകരനും വിഡി സതീശനും കെസി വേണുഗോപാലും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ക്കെതിരെ ഗ്രൂപ്പ് വൈരം മറന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത് വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. പല ഡിസിസികളിലും സമവായത്തോടെ അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയെങ്കിലും ചിലയിടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി നടത്തുന്ന നീക്കം, ഉള്ള ശക്തിപോലും ഇല്ലാതാക്കുമോ എന്നാണ് സാധാരണക്കാരായ പ്രവര്‍ത്തരുടെ ചോദ്യം.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കേരളത്തില്‍ കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പ് ഉദയം ചെയ്തു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കെസി വേണുഗോപാല്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായതിന് ശേഷം തന്നെ ഇത്തരമൊരു നീക്കം തുടങ്ങിയിരുന്നു എന്നാണ് എ, ഐ ഗ്രൂപ്പുകളുടെ അടക്കം പറച്ചില്‍. കെ സുധാകരനും വിഡി സതീശനും നേതൃത്വത്തിലേക്ക് എത്തിയത് ഇതിന്റെ ഭാഗമാണെന്ന പരാതിയും എതിര്‍ വിഭാഗങ്ങള്‍ക്കുണ്ട്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ തീരുമാനിച്ചത് പുതിയ ഗ്രൂപ്പിന്റെ ഉദയം മുന്നില്‍ കണ്ടിട്ടായിരുന്നു. എന്നാല്‍ എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു പുതിയ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും രംഗപ്രവേശനം ചെയ്തത്. അതിന് ശേഷം, എ ഗ്രൂപ്പും ഐ ഗ്രൂപ്പും പരസ്പരമുള്ള പോര്‍വിളികള്‍ പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications