'ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങൾ ബാധകമാകണം'; രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടിയിൽ ജർമ്മിനി
ദില്ലി: അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലോക്‌സഭയിൽ നിന്ന് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ജർമ്മിനി. വിഷയത്തിൽ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങൾ ബാധകമാക്കണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പ്രതികരിച്ചു.
' ഇന്ത്യൻ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയ്ക്കെതിരായ ആദ്യ സന്ദർഭത്തിലെ കോടതി വിധിയും അദ്ദഹത്തിന്റെ പാർലമെന്ററി അംഗത്വം റദ്ദാക്കിയതും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവില്‍, വിധിക്കെതിരെ രാഹുൽ ഗാന്ധിയ്ക്ക് അപ്പീൽ നൽകാമെന്നാണ് മനസിലാക്കുന്നത്.ഈ വിധി നിലനിൽക്കുമോയെന്നും അദ്ദേഹത്തിനെ അയോഗ്യനാക്കിയ നടപടിയിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നും അപ്പോൾ വ്യക്തമാകും', മന്ത്രാലയം വക്താവ് വ്യക്തമാക്കി.

ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളും കേസിൽ ബാധകമാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു. നേരത്തേ വിഷയത്തിൽ യുഎസും പ്രതികരിച്ചിരുന്നു. 'നിയമവാഴ്ചയോടും നീതിന്യായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനശിലയാണ്. ഇന്ത്യയിലെ കോടതിയിൽ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട നടപടികൾ ഞങ്ങൾ നിരീക്ഷിക്കുകയാണ്' എന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്.
ഉഭയകക്ഷി ബന്ധമുള്ള ഏത് രാജ്യത്തും പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളുമായി ഇടപഴകുകയെന്നത് സാധാരണ വിഷയം മാത്രമാണ്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും താത്പര്യം ഞങ്ങൾക്കില്ലെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.മോദി പരാമർശത്തിലാണ് രാഹുൽ ഗാന്ധിയ്ക്കെതിരായ കോടതി നടപടി. രണ്ട് വർഷത്തെ തടവിനാണ് ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചത്.
അതേസമയം സൂറത്ത് കോടതി വിധിക്കെതിരെ വേഗത്തിൽ അപ്പീൽ പോകേണ്ടതില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. അപ്പീൽ നൽകേണ്ടതില്ലെന്നും ജയിലിൽ പോകാൻ താൻ തയ്യാറാണെന്നുമായിരുന്നു രാഹുൽ ഗാന്ധി നേതൃത്വത്തെ അറിയിച്ചത്. അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശമാണ് കോടതി അനുവദിച്ചത്.
എന്നാൽ പൂർവ്വികരായ ജവഹർ ലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും ജയിലിൽ പോയവരാണെന്നും അതേ മാർഗം തനിക്കും സ്വീകരിക്കാൻ യാതൊരു മടിയുമില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ തനിക്കെതിരായ കേന്ദ്രനീക്കം ഗുണം ചെയ്യുമെന്നും രാഹുൽ കരുതുന്നുണ്ട്.
അതേസമയം ജയിലിലേക്ക് രാഹുൽ പോയാൽ അത് അനുകൂല തരംഗം സൃഷ്ടിക്കാൻ കാരണമാകുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. എന്നിരുന്നാലും അത്തരമൊരു കടുത്ത നിലപാടിലേക്ക് പോകേണ്ടതില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനിടെ കേസിൽ രാഹുൽ അപ്പീൽ നൽകാത്ത നടപടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. എന്തുകൊണ്ടാണ് രാഹുൽ അപ്പീൽ നൽകാത്തതെന്നും ഇത് അഹങ്കാരമാണെന്നും അമിത് ഷാ വിമർശിച്ചു.
അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ നേതാവല്ല രാഹുൽ ഗാന്ധിയെന്നും അമിത് ഷാ പറഞ്ഞു. മുൻപും പല നേതാക്കളുടെ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. ലാലു പ്രസാദ് യാദവ്, ജയലളിത തുടങ്ങി രാഹുല്‍ ഗാന്ധിയെക്കാള്‍ മികച്ച അനുഭവപരിചയമുള്ള നേതാക്കൾക്ക് നിയമസഭ, ലോക്‌സഭ അംഗത്വങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications