Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യത്വം മരവിക്കുന്ന ദൃശ്യങ്ങള്‍; മോദിയുടെ സുഹൃത്ത് നെത്യാനാഹു യുദ്ധക്കുറ്റവാളി: എംഎ ബേബി

ഗാസയിലെ അലി അറബ് ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. ഗാസയിലെങ്ങും ഇടതടവില്ലാത്ത ബോംബിടലാണ് ഇന്നലെ നടന്നത്. കണ്ണിൽച്ചോരയില്ലാത്തവിധമാണ് വീടുകളും അഭയാർത്ഥി ക്യാമ്പുകളായ യുഎൻ സ്കൂളുകളും ബോംബിട്ട് തകർക്കുന്നത്, കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഒക്കെ കൊന്നൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മനുഷ്യത്വം മരവിച്ചു പോവുന്ന ദൃശ്യങ്ങളാണ് ആ ആശുപത്രിയിൽ നിന്ന് വാർത്താ ചാനലുകളിൽ കാണുന്നത്. ഇസ്രായേൽ ഈ കൂട്ടക്കുരുതി മുഴുവൻ നടത്തുന്നത് യുഎസ്എയുടെ പൂർണപിന്തുണയോടെയാണ്. ലോകമനസ്സാക്ഷി എന്ന ഒന്ന് ഉണ്ടെങ്കിൽ ഉണരേണ്ട സമയം ഇതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ma-bab

നരേന്ദ്ര മോദിയുടെ സുഹൃത്ത് ബെഞ്ചമിൻ നെത്യാനാഹു ഒരു യുദ്ധക്കുറ്റവാളിയാണ്. ഗാസയ്ക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം ഇന്ന് പത്തുദിവസം പൂർത്തിയാക്കുകയാണ്. ഹമാസിൻറെ സൈനികനീക്കത്തിൽ 1400 ഇസ്രായേലുകാർ മരിച്ചു. 3500 പേർക്ക് പരിക്കേറ്റു. അതിനെത്തുടർന്ന് അധിനേവേശിത ഗാസയിൽ ഇസ്രായേൽ ആരംഭിച്ച പൂർണ്ണതോതിലുള്ളയുദ്ധത്തിൽ ഇന്നലെ വരെ കുറഞ്ഞത് 3000 ലേറെ പാലസ്തീനികൾ കൊലചെയ്യപ്പെട്ടുവെന്നും എംഎ ബേബി പറയുന്നു.

തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു. ഇക്കാലത്തുതന്നെ അധിനിവേശിത വെസ്റ്റ് ബാങ്കിൽ 57 പാലസ്തീൻകാർ കൊല്ലപ്പെട്ടു, 1200 പേർക്ക് പരിക്കേറ്റു. ഗാസാമുനമ്പിൽ കൊല്ലപ്പെട്ടവരിൽ 1000 ത്തോളം കുട്ടികളുമുണ്ട്. ഈ മരണവും മുറിവേല്ക്കലും ദിവസേനെ കൂടിവരുന്നു. ആശുപത്രികൾ ഇനി ആളെ എടുക്കാനാവാത്തവിധം നിറഞ്ഞുകവിയുന്നു. ചലവും ചോരയുമാണ് പാലും തേനും ഒഴുകുന്ന നാട് എന്നു പേരുകേട്ട കാനാൻ ദേശത്ത് ഇന്ന് ഒഴുകുന്നത്.

യുദ്ധത്തിൻറെ ആദ്യത്തെ ആറുദിവസത്തെ ബോംബിങിൻറെ കണക്ക് ഇസ്രായേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആറായിരം വ്യോമാക്രമണങ്ങളാണ് ഈ ദിവസങ്ങളിൽ നടത്തിയത്. ഇറാക്കിൽ യുഎസ്എ ഒരു വർഷത്തിലേറെ നടത്തിയ യുദ്ധത്തിൽ ആ വലിയ രാജ്യത്താകമാനം നടത്തിയ വ്യോമാക്രമണങ്ങളുടെ അത്രയും വരും ഗാസാമുനമ്പ് എന്ന ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ചെറുപ്രദേശത്ത് ആറുദിവസം കൊണ്ടു ഇസ്രയേൽ നടത്തിയ ഈ ആക്രമണങ്ങൾ.

ഈ വ്യോമാക്രമണങ്ങളെല്ലാം ഗാസയിലെ പൌരജനങ്ങൾക്കുനേരെയും ആശുപത്രികളടക്കമുള്ള പൊതുജനസൌകര്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കും നേരെയും വീടുകൾക്കു നേരെയുമാണ്. ഗാസമുനമ്പിലേക്കുള്ള വെള്ളം, വൈദ്യുതി, ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയെല്ലാം അധിനിവേശഭരണകൂടമായ ഇസ്രായേൽ തടഞ്ഞുവച്ചിരിക്കുകയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പത്തുലക്ഷം പലസ്തീൻകാരാണ് സ്വന്തം നാട്ടിൽ തന്നെ അഭയാർത്ഥികളായിരിക്കുന്നത്. പതിറ്റാണ്ടുകളായി അതിർത്തിവളച്ചുകെട്ടി അധിനിവേശം നടത്തിവച്ചിരിക്കുന്ന സ്ഥലത്തേക്കാണ് ഈ ആക്രമണം മുഴുവൻ. ഏതാണ്ട് ഒരു ജനവിഭാഗത്തെ വരിഞ്ഞുകെട്ടി വച്ചിട്ട് ആകാശത്തുനിന്ന് ബോംബിട്ട് വീര്യം കാണിക്കുകയാണ് ഇസ്രായേൽ.

യുദ്ധത്തിനും നിയമങ്ങളുണ്ട്. അന്താരാഷ്ട്രധാരണകളുണ്ട്. ചരിത്രത്തിലും പുരാണങ്ങളിലും ഇതിന് രേഖകളുണ്ട്. ആധുനികകാലത്ത്, 1899 ലും 1907ലും നടന്ന ഹേഗ് കൺവെൻഷനുകളാണ് യുദ്ധകാലത്ത് പാലിക്കേണ്ട ചില നിയമങ്ങൾ രൂപപ്പെടുത്തിയത്. 1949 ൽ ഒപ്പിട്ട ജനീവ കൺവെൻഷൻ ആണ് പിന്നീട് ഉണ്ടായ ഒരു പ്രധാനനടപടി. 196 രാജ്യങ്ങൾ ഈ കൺവെൻഷനിലെ ധാരണകളിൽ ഒപ്പിട്ടുണ്ട്.

ലോകക്രിമിനൽകോടതിയുടെ റോം ചട്ടങ്ങളുടെ എട്ടാം ഖണ്ഡം ആണ് ആധുനികകാലത്തേക്ക് യുദ്ധക്കുറ്റങ്ങളെ നിർവചിച്ചത്. ഈ നിയമങ്ങളനുസരിച്ച് പലരും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്, അമേരിക്കക്കാരും ഇസ്രേലികളുമൊഴികെ. സിവിലിയന്മാരെയോ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സിവിലിയൻ സൌകര്യങ്ങളേയോ ആക്രമിക്കരുത് എന്നത് യുദ്ധനിയമത്തിൻറെ ആധാരശിലകളിലൊന്നാണ്. ഇസ്രായേൽ ഇത് നിസ്സങ്കോചം ലംഘിക്കുന്നു. യുദ്ധത്തടവുകാരെ കൊല്ലരുത്, അപമാനിക്കരുത്. ഇസ്രായേൽ ഇതിന് തെല്ലും വിലവയ്ക്കുന്നില്ലെന്നും എംഎ ബേബി കൂട്ടിച്ചേർക്കുന്നു.

ബന്ദികളെ വയ്ക്കരുത്. ഇസ്രായേലും ഹമാസും നൂറുകണക്കിന് ബന്ദികളെ പിടികൂടി വച്ചിരിക്കുന്നു. ആണവായുധം, രാസായുധം എന്നിവപോലെ നിരോധിക്കപ്പെട്ട ആയുധങ്ങൾ ഉപയോഗിക്കരുത്. ഇസ്രായേൽ ഈ നിയമവും ലംഘിക്കുന്നു. പൌരരെ നിർബന്ധിത പലായനത്തിന് പ്രേരിപ്പിക്കരുത്. വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണം എന്ന് തോക്കിൻമുനയിൽ ആവശ്യപ്പെടുന്നത് ഈ നിയമത്തിൻറെ ലംഘനമല്ലാതെ മറ്റൊന്നുമല്ല.

ബലാത്സംഗം, ലൈംഗികഅടിമയാക്കി വയ്ക്കുക തുടങ്ങിയ അക്രമങ്ങൾ ചെയ്യരുത്. അധിനിവേശിതജനതയ്ക്ക് വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങൾ നിഷേധിക്കരുത് എന്നതും ഒരു യുദ്ധനിയമമാണ്. ഇതും ഒരു കരുണയുമില്ലാതെ ലംഘിക്കുകയാണ് ഇസ്രായേൽ. നമ്മുടെ തലമുറകണ്ട ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയാണ് ഇന്ന് പല്സ്തീനിൽ ഉണ്ടായിവരുന്നത്. രണ്ടാംലോകമഹായുദ്ധവും ജൂതർക്കും കമ്യൂണിസ്റ്റുകാർക്കും നേരെ നടന്ന കൂട്ടക്കൊലകളും നമ്മുടെ തലമുറയ്ക്കു മുമ്പ് ആയിരുന്നു. ഈ നരഹത്യ അടിയന്തിരമായി നിറുത്താൻ ലോകമെങ്ങുമുള്ള എല്ലാ മനുഷ്യസ്നേഹികളും തെരുവുകളിലേക്കിറങ്ങേണ്ട കാലമായെന്നും സി പി എം പിബി അംഗ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+