ഫാറൂഖ് കോളേജില്‍ ലിംഗ വിവേചനമുണ്ടെന്ന് യുവജന കമ്മീഷന്റെ കണ്ടെത്തല്‍
കോഴിക്കോട്: ഫാറൂഖ് കോളേജില്‍ ലിംഗ വിവേചനമുണ്ടെന്ന ഒരുസംഘം വിദ്യാര്‍ഥികളുടെ ആരോപണം സ്ഥിരീകരിച്ച് യുവജന കമ്മീഷന്റെ റിപ്പോര്‍ട്ട്. കോളേജിലെ ലിംഗ വിവേചനം ഏറെ വിവാദമായതിനെ തുടര്‍ന്നാണ് ഇതേക്കുറിച്ച് യുവജന കമ്മീഷന്‍ അന്വേഷണം നടത്തിയത്. വിദ്യാര്‍ഥികളില്‍ നിന്നും കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
അന്വേഷണത്തിലെ കണ്ടെത്തലുകളുമായി കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളേജ് കാമ്പസില്‍ പലയിടങ്ങളിലും ആണ്‍ പെണ്‍ വിവേചനമുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. കാന്റീനിലും കാമ്പസിലെ മറ്റിടങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് വിദ്യാര്‍ഥികള്‍ തമ്മില്‍ ഇടപഴകുന്നത് വിലക്കി കൊണ്ടുള്ള പ്രത്യക്ഷ നടപടിയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.

കോളേജില്‍ 70 ശതമാനം പെണ്‍കുട്ടികളാണ്. അവര്‍ക്ക് ഇരിക്കാനായാണ് പ്രത്യേക ഇടങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ചില വിദ്യാര്‍ഥികളെ ഉപയോഗിച്ച് ആണ്‍ പെണ്‍ വിവേചനം ന്യായീകരിക്കാനാണ് അധികൃതരുടെ ശ്രമം. സ്ഥിരമായി ഒന്നാം സ്ഥാനം നേടിയിരുന്ന ഒരു കോളേജ് നാടക മത്സരങ്ങളില്‍ നിന്നും പിന്‍മാറിയത് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഒരുമിച്ചുള്ള ഇടപഴകല്‍ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കരുതേണ്ടിവരുമെന്നും കമ്മീഷന്‍ പറയുന്നു.
മുസ്ലീം ലീഗും അവരുടെ വിദ്യാര്‍ഥി സംഘടനയുമാണ് കോളേജില്‍ ആണ്‍ പെണ്‍ വിവേചനത്തെ ശക്തമായി ന്യായീകരിക്കുന്നത്. ഇത്തരം വിവേചനം ആവശ്യമില്ലാത്തവര്‍ സ്വന്തമായി കോളേജ് തുടങ്ങണമെന്ന മുസ്ലീംലീഗ് നേതാക്കളുടെ പ്രസംഗം നേരത്തെ വിവാദമായിരുന്നു.












Click it and Unblock the Notifications