ജിന്നുമ്മ പറഞ്ഞു, 596 പവന്‍ സ്വർണം ഇരട്ടിപ്പിക്കാം: ഒടുവില്‍ ആഭിചാരക്രിയക്കിടെ ഗഫൂർ ഹാജിയിടെ ജീവനെടുത്തു
കാസർകോട്: ബേക്കലിലെ പ്രവാസി വ്യവസായി പൂച്ചക്കാട് അബ്ദുൽ ഗഫൂറിന്റെ ദുരൂഹ മരണത്തിന്റെ ചുരുളുകള്‍ അഴിഞ്ഞപ്പോള്‍ പുറത്ത് വന്നത് അരുംകൊലയുടെ അറിയാക്കഥകള്‍. കേസുമായി ബന്ധപ്പെട്ട് ജിന്നുമ്മ എന്ന് അറയിപ്പടുന്ന മന്ത്രവാദിനിയും ഭർത്താവും ഉള്‍പ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് നാല് കിലോയിലേറെ (596 പവന്‍) സ്വർണം മന്ത്രവാദിനിയും കൂട്ടരും തട്ടിയെടുക്കുകയും പിന്നാലെ ഗഫൂറിനെ കൊലപ്പെടുത്തുകയുമായിരുന്നു.
മാസങ്ങള്‍ നീണ്ട വിദഗ്ധമായ അന്വേഷണത്തിന് ഒടുവിലാണ് ഗഫൂറിന്റെ കൊലപാതകികളെ പൊലീസ് കണ്ടെത്തുന്നത്. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലുള്‍പ്പെടെ സജീവമായിരുന്ന ഗഫൂർ ഹാജിയെ കഴിഞ്ഞ വർഷം ഏപ്രില്‍ 14 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതായത് ഇസ്ലാം മതവിശ്വാസികള്‍ ഏറെ പുണ്യദിനമായി കാണുന്ന റംസാന്‍ മാസത്തിലെ 25-ാം നാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മരണം സംഭവിച്ചതെങ്കിലും പുണ്യ ദിനമായതിനാല്‍ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികളിലേക്ക് കടക്കാതെ മൃതദേഹം ഖബറടക്കി.

മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ ഗഫൂർ വായ്പയായി വാങ്ങിയ സ്വർണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തിയതാണ് ആദ്യ വഴിത്തിരിവ്. അന്വേഷിച്ചപ്പോള്‍ ബന്ധുക്കളില്‍ നിന്ന് വാങ്ങിയതും വീട്ടിലുണ്ടായിരുന്നതുമായി 596 പവന്‍ കാണാനില്ല. ഇതോടെ മകന്‍ മുസമ്മില്‍ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. നഷ്ടപ്പെട്ട സ്വർണം ആരിലേക്കാണ് എത്തിയതെന്ന അന്വേഷണമാണ് കൊലപാതകികളിലേക്ക് എത്തിച്ചത്. ബേക്കല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 2023 എപ്രില്‍ 27-ന് ഖബറിടത്തില്‍ നിന്നും ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടവും നടത്തി.
തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തിലോടെ ഗഫൂർ ഹാജിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. ആര്? എന്തിന്? എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയായി തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ യാത്ര. ജിന്നുമ്മയിലും അവരുടെ രണ്ടാം ഭർത്താവായ യുവാവിലും സംശയമുണ്ടെന്ന മുസമ്മലിന്റെ ആരോപണം ശരിവെക്കുന്ന ചില തെളിവുകള്‍ അന്വേഷണ വഴിയില്‍ പൊലീസിന് കരുത്തായി.
ജിന്നുമ്മയുടെ സഹായികളായി നില്‍ക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തോതില്‍ പണം വന്നതായി കണ്ടെത്തിയതോടെ അന്വേഷണം പൂർണ്ണമായും ഈ വഴിക്ക് കേന്ദ്രീകരിച്ചു. വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിലും ഒറ്റ ദിവസം കൊണ്ടും ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീർത്തതും മറ്റ് ഇടപാടുകളും സംശയങ്ങള്‍ വർധിപ്പിച്ചു. ഇതോടൊപ്പാണ് സംഘത്തിലുള്ളവരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
ബാങ്കിലെ പണം ഇടപാടുകളെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോള്‍ മന്ത്രവാദിനിക്കും കൂട്ടർക്കും വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിരുന്നില്ല. ഗഫൂറും മന്ത്രവാദിനിയും കൈമാറിയ വാട്സാപ് സന്ദേശങ്ങളും വീണ്ടെടുത്തതും ഗഫൂറിൽനിന്നു മന്ത്രവാദിനി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തേ കൈപ്പറ്റിയതിന്റെ രേഖകള്‍ കണ്ടെത്തിയതും നിർണ്ണായകമായി.
ഇരട്ടിപ്പിച്ച് നല്‍കാമെന്ന വാഗ്ധാനം നല്‍കി സ്വർണ്ണം കൈപ്പറ്റിയ സംഘം ആഭിചാരക്രിയകളുടെ ഭാഗമായി ഗഫൂറിന്റെ തല ഭിത്തിയിലിടിപ്പിച്ചു കൊല്ലുകയായിരുന്നു എന്നാണ് നിലവിലെ നിഗമനം. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഉബൈദ് (38) ഉബൈദിന്റെ ഭാര്യ, ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38) അസ്‌നീഫ (34), മധൂരുകാരി ആയിഷ (40) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഡി ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെജെ.ജോണ്‍സണിന്റെയും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെപി ഷൈന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.












Click it and Unblock the Notifications