സ്വർണം വീട്ടിലുണ്ടോ? എത്ര ഗ്രാം സ്വർണം വീട്ടിൽ സൂക്ഷിക്കാം? വിശദമായി അറിയാം
സ്വർണ്ണം വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇനി ചെലവ് കൂടും. സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ഇതോടെ രാജ്യത്ത് സ്വർണവില കുതിച്ചു. ഇന്ന് കേരളത്തിൽ മാത്രം 10,000 രൂപയ്ക്ക് മുകളിലാണ് പവന് വില ഉയർന്നത്. വില വീണ്ടും ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വർണം വാങ്ങുന്നതിൽ മിതത്വം പാലിക്കണമെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നിർണായക നീക്കം. ഹൈദരാബാദിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ, ഈ സമയത്ത് സ്വർണം വാങ്ങുന്നത് കുറക്കാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഒരു വർഷത്തേക്ക് വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കായി പോലും സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യം ഇപ്പോൾ സാമ്പത്തികമായി വളരെ സൂക്ഷിച്ചാണ് മുന്നോട്ട് പോകേണ്ട സാഹചര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇറക്കുമതി ഉൽപ്പന്നങ്ങളിലേക്കുള്ള അമിത ആശ്രയം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സമ്മർദ്ദമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യഎണ്ണയുടെ ഉപയോഗം കുറയ്ക്കുക, അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക, ആഡംബര വിവാഹങ്ങളും വിദേശയാത്രകളും ഒഴിവാക്കുക, ഇന്ധന ഉപയോഗം കുറയ്ക്കാൻ വർക്ക് ഫ്രം ഹോം പോലുള്ള രീതികൾ കൂടുതൽ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന ഇടിവും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന് സമ്മർദ്ദമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി നിയന്ത്രിക്കുന്നതിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നത്. ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്. വൻതോതിൽ വിദേശനാണ്യം ചെലവഴിച്ചാണ് രാജ്യം ഓരോ വർഷവും സ്വർണം ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ സ്വർണ ഇറക്കുമതി കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് ഗുണകരമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അതേസമയം ഇറക്കുമതി തീരുവ ഉയർന്നതോടെ സ്വർണാഭരണങ്ങളുടെ വില ഇനി എത്ര കുതിക്കുമെന്ന ആശങ്ക ജ്വല്ലറി മേഖലയിലും ശക്തമാണ്. ഇറക്കുമതി ചെലവ് കൂടുമ്പോൾ അതിന്റെ ബാധ്യത ഒടുവിൽ ഉപഭോക്താക്കളുടെ മുകളിലേക്കാണ് എത്തുക. വിവാഹ സീസൺ അടുത്തിരിക്കെ സ്വർണവില ഇനിയും ഉയർന്നാൽ സാധാരണക്കാരെ അത് കൂടുതൽ ബാധിക്കാനിടയുണ്ട്.
ഇതിനിടെ, എത്ര സ്വർണ്ണം വരെ വീട്ടിൽ നിയമപരമായി സൂക്ഷിക്കാമെന്ന കാര്യത്തിലും വീണ്ടും ചർച്ചകൾ സജീവമായിട്ടുണ്ട്. സിബിഡിടിയുടെ മാർഗനിർദേശങ്ങൾ പ്രകാരം വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം വരെയും, അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം വരെയും, പുരുഷന്മാർക്ക് 100 ഗ്രാം വരെയും സ്വർണാഭരണങ്ങൾ കൈവശം വെക്കാം. ഈ പരിധിക്കുള്ളിൽ ഉള്ള സ്വർണ്ണത്തിന് സാധാരണയായി പ്രത്യേക രേഖകൾ ആവശ്യപ്പെടാറില്ല. എന്നാൽ അതിൽ കൂടുതലുള്ള സ്വർണത്തിന് ഉറവിടം തെളിയിക്കേണ്ട സാഹചര്യം ഉണ്ടാകാം.
സ്വർണം വാങ്ങുമ്പോൾ ആദായനികുതി നിയമങ്ങളും ശ്രദ്ധിക്കണം. 2 ലക്ഷം രൂപയോ അതിൽ കൂടുതലോ വില വരുന്ന സ്വർണ്ണം വാങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്. കൂടാതെ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ പണമായി നടത്താനും നിയമം അനുവദിക്കുന്നില്ല. കാർഡ്, ചെക്ക് അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴിയായിരിക്കണം പണം നൽകേണ്ടത്. നിയമം ലംഘിച്ചാൽ വലിയ പിഴ ലഭിക്കാനും സാധ്യതയുണ്ട്. സ്വർണ്ണവിലയും നികുതിയും ഒരുമിച്ച് ഉയരുന്ന സാഹചര്യത്തിൽ, ഇനി സ്വർണ്ണം വാങ്ങാൻ പോകുന്നവർ ചെലവും നിയമങ്ങളും ഒരുപോലെ ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളത്.












Click it and Unblock the Notifications