സ്വർണ നിക്ഷേപം; ഇന്ത്യയിൽ 500 മില്യണ്‍ ടണ്‍ അയിര്, വമ്പൻ ലോട്ടറി;ഖനനം വൈകുന്നത് എന്തേ? തലവര മാറും
ഇന്ത്യക്കാരുടെ സ്വർണ അഭിനിവേശത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലേ. നിക്ഷേപമായും പാരമ്പര്യമായുമൊക്കെയാണ് ഇവിടുത്തുകാർ മഞ്ഞലോഹത്തെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോഗ രാജ്യമായി ഇന്ത്യ മാറിയത്. ആദ്യത്തേത് ചൈനയാണ്. പക്ഷെ ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ നേരിടുന്നത് മറ്റൊരു വെല്ലുവിളിയാണ്. അതായത് ചൈനയുടെ സ്വർണ ഉപഭോഗം കൂടുതലാണെങ്കിലും അവർ അതിൻ്റെ ഭൂരിഭാഗം സ്വർണവും ഖനനം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയോ? ആവശ്യത്തിൻ്റെ നേരിയ ശതമാനം മാത്രം. ബാക്കി മുഴുവൻ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്.
ഇതിനർത്ഥം ഇന്ത്യയിൽ സ്വർണനിക്ഷേപം ഇല്ലാല്ലത്തത് കൊണ്ടാണ് എന്നാണോ? അല്ലെന്നാണ് ശശി തരൂർ എംപി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന് 5000 മില്യണ്‍ ടണ്‍ സ്വർണ അയിര് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്ത്യ അത് ഖനനം ചെയ്യാത്തത് എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. എൻഡിടിവിയിൽ പങ്കുവെച്ച എഡിറ്റോറിയലിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

'വർഷത്തിൽ ഏകദേശം ഒന്നര ടൺ സ്വർണ്ണം മാത്രമാണ് നമ്മൾ ഖനനം ചെയ്യുന്നത്. അതേസമയം, ഓസ്‌ട്രേലിയ, ഘാന, പെറു എന്നിവിടങ്ങളിലെ ഖനികളിൽ നിന്ന് പ്രതിവർഷം നൂറുകണക്കിന് ടൺ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിലൂടെ നമ്മുടെ വിദേശനാണ്യ ശേഖരം ചോർന്നുപോകുകയാണ്. ലോകക്രമം ശിഥിലമാകുന്ന ഈ നിർണായക ഘട്ടത്തിൽ, ഇത് കേവലം ഒരു വൈരുദ്ധ്യം എന്നതിലുപരി നമ്മുടെ സാമ്പത്തിക പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ്',അദ്ദേഹം പറഞ്ഞു..
'പുതിയ ഖനിജങ്ങൾക്ക് അനുമതി തേടുന്നവർക്ക് കടന്നുപോകേണ്ടി വരുന്ന നിയന്ത്രണങ്ങളുടെ കുരുക്കുകൾ അത്രയധികം സങ്കീർണ്ണവും കാലഹരണപ്പെട്ടതുമാണ്. ഇത് ഒരുതരം നിരോധനം പോലെയാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക പരിശോധനാ പെർമിറ്റ് മുതൽ അന്തിമ ഖനന പാട്ടം വരെയുള്ള നടപടികളെല്ലാം സങ്കീർണമാണ്', തരൂർ ചൂണ്ടിക്കാട്ടി.
'വൻകിട നിക്ഷേപകരെ ആകർഷിക്കുന്നതിനായി മറ്റ് രാജ്യങ്ങൾ അവരുടെ ഖനന നിയമങ്ങൾ വളരെ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തപ്പോൾ, ഇന്ത്യയാകട്ടെ ഇപ്പോഴും കാലഹരണപ്പെട്ടതും ഏറെ മന്ദഗതിയിലുള്ളതുമായ സംവിധാനങ്ങളിൽ കുടുങ്ങി മുന്നോട്ട് പോകാൻ പ്രയാസപ്പെടുകയാണ്. ധാതു വിഭവങ്ങളെ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും വികസനത്തിനും ആവശ്യമായ വിലപ്പെട്ട ആസ്തികളായി കണക്കാക്കുന്നതിന് പകരം, ഓരോ ഖനന പദ്ധതിയും സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
ആഗോളതലത്തിലെ അരക്ഷിതാവസ്ഥയിൽ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സുരക്ഷയ്ക്കായി സ്വർണ്ണം ശേഖരിക്കുമ്പോൾ, ഇന്ത്യ ഭൂരിഭാഗം സ്വർണ്ണവും ഇറക്കുമതി ചെയ്യുന്നതിലൂടെ പണം വിദേശത്തേക്ക് ഒഴുകുക്കയാണ്. സ്വന്തം മണ്ണിൽ ധാരാളം നിക്ഷേപങ്ങളുണ്ടായിട്ടും, ഖനനത്തിനായി വിദേശ കമ്പനികൾക്ക് പണം നൽകുന്നത് വിദേശനാണ്യ നഷ്ടത്തിനും രൂപയുടെ മൂല്യത്തകർച്ചയ്ക്കും വഴിവെക്കുന്നു. ഇത് അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക വിദ്യ തുടങ്ങിയ പ്രധാന മേഖലകളിലെ വികസനച്ചെലവുകളെ പ്രതികൂലമായി ബാധിക്കുന്നു.
ഇന്ത്യയുടെ ഖനന നയങ്ങളിൽ അടിയന്തര മാറ്റങ്ങൾ അനിവാര്യമാണ്. ഇത് ഇനി ഒഴിവാക്കാനാവാത്ത കാര്യമാണ്. ഒന്നാമതായി ഖനന നിയമങ്ങൾ ലളിതമാക്കണം. നിലവിലെ അമിത കാലതാമസത്തിന് കാരണം നിരവധി നടപടിക്രമങ്ങളാണ്. ഇതിന് പരിഹാരമായി, 20 വർഷത്തേക്കെങ്കിലും സ്ഥിരതയുള്ള നിയമങ്ങളോടുകൂടിയ ഒരു ഏകജാലക സംവിധാനം നടപ്പിലാക്കണം. ഖനനത്തിന് വലിയ സാമ്പത്തിക നിക്ഷേപവും വർഷങ്ങളും വേണ്ടിവരും. ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ തീരുമാനങ്ങളുടെയോ പേരിൽ നിയമങ്ങൾ പെട്ടെന്ന് മാറിയാൽ നിക്ഷേപകർ പണം മുടക്കാൻ മടിക്കും. അതിനാൽ, കരാറുകളെ മാനിക്കുകയും, ഖനന പ്രക്രിയയെ വേഗത്തിലും ചെയ്യുന്ന ശക്തവും വ്യക്തവുമായ നിയമങ്ങളാണ് ഇന്ത്യക്ക് ആവശ്യം',ശശി തരൂർ ലേഖനത്തിൽ പറഞ്ഞു.












Click it and Unblock the Notifications