ഏപ്രില്‍ 1 മുതല്‍ പഴയ സ്വർണം വില്‍ക്കാനാവില്ലേ, വില ഇടിയുമോ: പുതിയ നിയമം എങ്ങനെ, അറിയേണ്ടതെല്ലാം
ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ എന്ന എച്ച്‌യുഐഡി ഗുണമേന്മാ മുദ്രയില്ലാത്ത സ്വർണ്ണാഭരണങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ സാധിക്കില്ല. കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കടയടച്ചുള്ള സമരം ഉള്‍പ്പടെ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധത്തിലാണ് ജ്വല്ലറി ഉടമകളുടെ വിവിധ സംഘടനകള്‍. എന്നാല്‍ ഉത്തരവ് തിരുത്തുന്നത് സംബന്ധിച്ചോ നടപ്പിലാക്കുന്നത് നീട്ടിവെക്കുന്നത് സംബന്ധിച്ചോ യാതൊരു അറിയിപ്പും കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സ്വർണവ്യാപാരമേഖലയെ സമ്പൂർണമായി ഡിജിറ്റലാക്കാനുള്ള നിർണായക ചുവടുവെപ്പാണ് എച്ച്‌യുഐഡി ഗുണമേന്മാ മുദ്രയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ രാജ്യത്ത് വില്‍പ്പന നടക്കുന്ന ഒരോ സ്വർണാഭരണങ്ങളും അക്കൌണ്ടില്‍പ്പെടും. ഇതിലൂടെ കച്ചവടക്കാരുടെ പക്കലുള്ള കണക്കിൽപെടാത്ത പഴയ സ്വർണം പോലും ഭാവിയിൽ അക്കൗണ്ടിൽപ്പെടുത്താൻ ഇടയാക്കും.

ആറക്ക എച്ച്‌യുഐഡി
യാഥാർത്ഥത്തില്‍ ആറക്ക എച്ച്‌യുഐഡി ആഭരണങ്ങളിൽ നിർബന്ധമാക്കുന്ന തീരുമാനം 2021 ജൂലൈയിലാണ് കേന്ദ്രം നടപ്പിലാക്കി തുടങ്ങിയത്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് ജ്വല്ലറികള്‍ക്കൊക്കെ നല്‍കുകയും ചെയ്തു. ഇതിനെല്ലാം ഒടുവിലാണ് എച്ച്‌യുഐഡി ഇല്ലാത്ത ആഭരണങ്ങളുടെ വിൽപന 2023 ഏപ്രിൽ ഒന്നു മുതൽ അനുവദിക്കില്ലെന്ന കടുത്ത നിലപാടും കേന്ദ്രം സ്വീകരിക്കുന്നത്.
പുതിയ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ വലിയ തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. നിർബന്ധിത എച്ച്‌യുഐഡി നടപ്പാക്കാനുള്ള തീരുമാനം സ്വർണം ഉപയോഗിക്കുന്നവരെയോ വാങ്ങുന്നവരെയോ ഒരുതരത്തിലും നേരിട്ട് ബാധിക്കുകയില്ല. അതായത് എത്ര പഴയ സ്വർണം കൈവശമുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല.
കേരളത്തെ ബാധിക്കുമോ?
സ്വർണ വില്‍പ്പനക്കാരെ മാത്രം ലക്ഷ്യമിട്ടാണ് എച്ച്‌യുഐഡി നടപ്പിലാക്കുന്നത്. കേരളത്തില്‍ നിലവില്‍ തന്നെ ഹാള്‍മാർക്ക് ചെയ്ത സ്വർണമാണ് വിപണിയിലേക്ക് എത്തുന്നത്. എന്നാല്‍ പുതിയ തീരുമാനം സംസ്ഥാനത്തെ വലിയ തോതില്‍ ബാധിക്കില്ല. എന്നാല്‍ രാജ്യം മുഴുവൻ ഉപയോക്താക്കൾക്ക് ഗുണമേൻമയുള്ള സ്വർണം ഉറപ്പാക്കാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കും.

സ്വർണം വാങ്ങിക്കാനായി എത്തുന്നവർക്ക് ആഭരണത്തിന്റെ ഗുണമേന്‍മ കടയില്‍ വെച്ച് തന്നെ സ്വയം പരിശോധിച്ച് ഉറപ്പ് വരുത്താനും സാധിക്കും. കേരളത്തിൽ ഇപ്പോൾ വിൽക്കുന്ന എല്ലാ സ്വർണാഭരണങ്ങളും എച്ച്‌യുഐഡിയിലേക്ക് മാറിയില്ല. പകുതിയും പഴയ നാലു ഗുണമേന്മാ മുദ്രയുള്ള ഹാൾമാർക്ക്ഡ് ആഭരണങ്ങളാണ്. സർക്കാർ നിദേശം കടുപ്പിക്കുമെന്ന് ആയതോടെ പകുതിയോളം ആഭരണങ്ങൾ പുതിയ ഹാൾമാർക്കിങ്ങിലേക്കു മാറ്റുകയായിരുന്നു.
തണ്ണിമത്തന്‍ വിത്ത് കളയല്ലേ: മുടിക്ക് മുതല്‍ ചർമ്മത്തിന് വരെ നേട്ടങ്ങള്‍, അറിഞ്ഞിരിക്കേണ്ടത്
ഹാള്‍മാർക്കിങ്ങിന് പുതിയ സംവിധാനങ്ങളും കൂടുതല്‍ സമയവും ആവശ്യമാണ്. മാത്രമല്ല, ജ്വല്ലറികളുടെ എണ്ണത്തിന് ആനുപാതികമായ തരത്തില്‍ കൂടാതെ ഹാൾമാർക്കിങ് സെന്ററുകളുടെ കുറവുമുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ സമയപരിധിയിൽ നിലവിലുള്ള 50 ശതമാനം ആഭരണങ്ങൾ മാറ്റുക പ്രായോഗികമല്ല. എന്നാല്‍ മുദ്രയുള്ള ആഭരണങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കുകയുള്ളു. ബാക്കിയുള്ള മുദ്ര പതിപ്പിച്ചതിന് ശേഷം വില്‍പ്പനയ്ക്ക് എത്തിക്കാം.
പഴയ ഹാൾമാർക്കുള്ള സ്വർണം
പഴയ ഹാൾമാർക്കുള്ള സ്വർണം ഇപ്പോള്‍ വാങ്ങുന്നതില്‍ യാതൊരു പ്രശ്നവും ഇല്ല. ഗുണമേൻമയിൽ ഇവയ്ക്കു കുറവുണ്ടാകില്ല. തിരിച്ച് കൊടുക്കുമ്പോഴും വിലയിലും മൂല്യത്തിലും കുറവുണ്ടാവില്ല. അതായത് ഏത് തരത്തിലുള്ള മുദ്രയുള്ള സ്വർണാഭരണവും ആളുകള്‍ക്ക് വാങ്ങി സൂക്ഷിക്കാനാവും. അതേസമയം ചെറുകിട കച്ചവടക്കാർ ഇനിമുതല്‍ ബിഐഎസ് ലൈസൻസ് വേണ്ടിവരും. കേരളത്തിൽ മാത്രം ഇത്തരം അയ്യായിരത്തിലേറെ സ്ഥാപനങ്ങളുണ്ട്.
രാജ്യത്ത് എച്ച്‌യുഐഡിയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാജ്യത്തെ 339 ജില്ലകളിൽ നിർബന്ധിത ഹാൾമാർക്കിങ് നിലവിലുണ്ട്. ഇടുക്കിക്ക് മാത്രമാണ് ഒഴിവുള്ളത്. അതേസമയം, എച്ച്‌യുഐഡി വന്നാൽ വിദേശത്തുനിന്നു കൊണ്ടുവരുന്ന സ്വർണാഭരണങ്ങൾ വിൽക്കുന്നതിനും തടസ്സമുണ്ടാവില്ല. ഇവയ്ക്ക് കാരറ്റ് മൂല്യം അനുസരിച്ചുള്ള വിലയായിരിക്കും ലഭിക്കുക.












Click it and Unblock the Notifications