സ്വര്‍ണവില കുതിച്ചത് 13440 രൂപ; ദീപാവലിക്ക് സ്വര്‍ണം വാങ്ങുന്നവര്‍ അറിയണം, യുഎസ് തിരഞ്ഞെടുപ്പും കാരണം
കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലാണ് ഇന്നുള്ളത്. പവന്‍ വില 58880 രൂപയിലെത്തിയിരിക്കുന്നു. രണ്ട് ദിവസം മുമ്പ് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും അതിവേഗം കുതിക്കുകയാണ് സ്വര്‍ണം. എന്തുകൊണ്ടാണ് സ്വര്‍ണവില ഇങ്ങനെ മേലോട്ട് പോകുന്നത് എന്ന സംശയം ഉപഭോക്താക്കള്‍ക്ക് സ്വാഭാവികം. ഇനിയും കൂടുമോ എന്ന ചോദ്യവും ബാക്കിയാണ്.
സ്വര്‍ണവില ഇനിയും കൂടുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഒന്നിലധികം ഘടകങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2746 ഡോളറിലെത്തിയതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. വൈകാതെ വില 2800 ഡോളറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും വില കൂടുമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങളുണ്ട്.

സ്വര്‍ണവില ഇന്ന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7360 രൂപയില്‍ എത്തിയിരിക്കുന്നു. പവന് 520 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കൂടി 6060 രൂപയിലെത്തി. 24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് 82 ലക്ഷം രൂപ കടന്നിരിക്കുന്നു. ഇന്ത്യന്‍ രൂപയുടെ നിരക്ക് 84 ല്‍ നില്‍ക്കുകയാണ്. ഡോളര്‍ സൂചിക 104 എന്ന നിരക്കിലും. അടുത്താഴ്ച ഔണ്‍സ് വില 2800 ഡോളറില്‍ എത്തുമെന്നാണ് പറയുന്നത്.
ദീപാവലി ആഘോഷ വേളയില്‍ ഉത്തരേന്ത്യയില്‍ വന്‍തോതില്‍ സ്വര്‍ണവില്‍പന പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യക്കാര്‍ ഏറുമ്പോള്‍ വില കൂടുന്നത് സ്വാഭാവികം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഗ്രാമിന് 5680 രൂപയും പവന് 45440 രൂപയുമായിരുന്നു വില എന്നതും ഓര്‍ക്കണം. ഒരു വര്‍ഷം കൊണ്ട് ഗ്രാം വിലയില്‍ 1680 രൂപയും പവന്‍ വിലയില്‍ 13440 രൂപയും വര്‍ധിച്ചു. ഇന്ന് സ്വര്‍ണം ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ പവന് 64000 രൂപ ചെലവ് വരും.
സ്വര്‍ണവില തുടര്‍ച്ചയായി കൂടി വരുന്നതിന് ഒരു കാരണം അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. ഡൊണാള്‍ഡ് ട്രംപും കമല ഹാരിസും തമ്മിലാണ് പ്രധാന മല്‍സരം. ജോ ബൈഡന് ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമല ഹാരിസിന് പകരം റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ട്രംപ് വിജയിച്ചാല്‍ അമേരിക്കയുടെ സാമ്പത്തിക നയങ്ങളില്‍ കാതലായ മാറ്റമുണ്ടാകുമെന്നാണ് പ്രചാരണം.
ബറാക് ഒബാമയ്ക്ക് ശേഷം ആര് യുഎസ് പ്രസിഡന്റാകുമെന്ന് നിശ്ചയിച്ച തിരഞ്ഞെടുപ്പായിരുന്നു 2016ല്‍ നടന്നത്. ട്രംപും ഹിലരി ക്ലിന്റനും തമ്മിലായിരുന്നു മല്‍സരം. പ്രചാരണം ചൂടുപിടിക്കവെ ട്രംപിന്റെ മുന്നേറ്റം പ്രകടമായതോടെ വിപണിയില്‍ അനിശ്ചിതത്വമായി. ഇതോടെ സ്വര്‍ണവിലയില്‍ 50 ഡോളര്‍ വര്‍ധനവാണ് അന്ന് രേഖപ്പെടുത്തിയത്. 2016 നവംബര്‍ നാലിന് 1300 ഡോളര്‍ വരെ ഔണ്‍സ് വില കയറി. ട്രംപ് ജയിച്ച ഫലം വന്ന ശേഷം ഡിസംബറില്‍ 1128 ഡോളറിലേക്ക് വില താഴ്ന്നു.
വിപണിയില്‍ അനിശ്ചിതത്വമുണ്ടാകുമ്പോഴാണ് നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങുക. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാകുന്ന സമയമാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സഹചര്യവും ആശങ്ക സമ്മാനിക്കുന്നു. അടുത്ത മാസം അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ ഇനിയും കുറവ് വരുത്തുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. നിരക്ക് കുറച്ചാല്‍ സ്വര്‍ണവില കുത്തനെ വര്‍ധിക്കും. ദീപാവലി, യുഎസ് തിരഞ്ഞെടുപ്പ്, തൊട്ടുപിന്നാലെ യുഎസ് പലിശ നിരക്കിലെ തീരുമാനം എന്നിവയെല്ലാം സ്വര്‍ണവില വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.












Click it and Unblock the Notifications